ലോകത്തിലെ നീളമേറിയ കാലുകളെന്ന റെക്കോഡ് ഇനിയൊരു കൗമാരക്കാരിയുടെ പേരിലാണ്. ടെക്സാസിൽ നിന്നുള്ള പതിനേഴുകാരി മാകി കുറിൻ ആണ് നീളമേറിയ കാലുകളെന്ന(സ്ത്രീകളുടെ)ഗിന്നസ് റെക്കോഡ് നേടിയത്.
ആറടി 10 ഇഞ്ച് ഉയരമുള്ള മാകിയുടെ കാലുകളുടെ നീളം നാലടയിലേറെയുണ്ട്. മാകിയുടെ ആകെ ഉയരത്തിന്റെ അറുപതു ശതമാനവും കാലുകളാണ്.
മാകിയുടെ ഇടതുകാലിന് 135.26 സെന്റിമീറ്റർ ഉയരവും വലതുകാലിന് 134.3 സെന്റിമീറ്റർ ഉയരവുമാണുള്ളതെന്ന് ഗിന്നസ് ലോക റെക്കോഡ് രേഖകൾ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും നീളമേറിയ കാലുകളുടെ പേരിൽ സ്വന്തമാക്കിയിരുന്ന റഷ്യയിലെ എകതരീന ലിസിനയുടെ റെക്കോഡാണ് മാകി കുറിൻ പഴങ്കഥയാക്കിയത്.
കുടുംബത്തിലെ തന്നെ ഏറ്റവും ഉയരമുള്ളതും കാലുകൾക്ക് നീളവുമുള്ളയാളാണ് താനെന്ന് മാകി പറയുന്നു. ഇതുമൂലം ഗുണവും ദോഷങ്ങളുമുണ്ട്. കാലിനു നീളം കൂടിയതിന്റെ പേരിൽ ആരും കളിയാക്കിയിട്ടില്ല. എന്നാൽ എല്ലാവരേക്കാളും ഉയരം കൂടിയതിന്റെ പേരിൽ കളിയാക്കപ്പെട്ടിട്ടുണ്ട്.
2018ൽ ലെഗിൻസ് വാങ്ങാൻ പോയപ്പോഴാണ് കാലുകൾക്ക് നീളക്കൂടുതലാണെന്ന കാര്യം ശ്രദ്ധിച്ചത്. ഏറെശ്രമിച്ചിട്ടും ലെഗിൻസ് കിട്ടാതെ വന്നതോടെ ആവശ്യമെങ്കിൽ പാകമായ അളവിൽ തയ്ച്ചുതരാമെന്ന് ആരോ പറഞ്ഞിരുന്നുവെന്നും മാകി ഓർമിച്ചു.
ഇതിനു ശേഷമാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്ത്രീ കാലുകൾ എന്ന റെക്കോഡിനു വേണ്ടി അപേക്ഷിച്ചത്. ടിക്ക്ടോക്കിൽ ശ്രദ്ധേയ ആയ മാകിക്ക് മോഡലിങ്ങിലും ഒരു കൈ വയ്ക്കാനാണ് ഇപ്പോൾ ആഗ്രഹം.
October 07, 2020, 15:09 pm