ആറ് റഫേൽ പോർവിമാനങ്ങൾ കൂടി ഈ മാസം 28ന് ഇന്ത്യയിലെത്തും. പശ്ചിമബംഗാളിലെ ഹസിമാര വ്യോമതാവളത്തിലേക്കാണ് ഇവ എത്തുക. മെയ് മാസത്തിൽ നാല് പോർവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തും.
പാക്, ചൈനീസ് അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതുമായി തന്ത്രപ്രധാന വ്യോമതാവളമായ അമ്പാലയിലെ നമ്പർ 17 സ്ക്വാഡ്രണിലേക്കാണ് പുതിയ പോർവിമാനങ്ങൾ എത്തുന്നത്. നിലവിൽ 14 പോർവിമാനങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ നിന്നും രണ്ടെണ്ണം പശ്ചിമബംഗാളിലെ സിലിഗുരി കോറിഡോറിലെ ഹസിമറ വ്യോമതാവളത്തിനു കൈമാറും.
അടുത്തമാസം നാലു പോർവിമാനങ്ങൾ കൂടി രാജ്യത്തെത്തുന്നതോടെ വ്യോമസേനയുടെ പക്കലുള്ള റഫേൽ പോർവിമാനങ്ങളുടെ എണ്ണം 24 ആയി ഉയരും. 2022 ഓടെ കരാർ പ്രകാരമുള്ള 36 പോർവിമാനങ്ങളും കൈമാറുമെന്ന് ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ കഴിഞ്ഞയാഴ്ച മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
36 പോർവിമാനങ്ങൾ വാങ്ങുന്നതിന് 59000 കോടി രൂപയുടെ കരാറാണ് മോദി സർക്കാർ ഫ്രഞ്ച് സർക്കാരുമായി ഏർപ്പെട്ടത്. 126 പോർവിമാനങ്ങൾ വാങ്ങുന്നതിന് യുപിഎ സർക്കാർ ഫ്രഞ്ചുമായി ഏർപ്പെട്ട കരാർ റദ്ദാക്കിക്കൊണ്ടായിരുന്നു ബിജെപി സർക്കാരിന്റെ പുതിയ കരാർ. പോർവിമാനം നിർമിക്കുന്നതിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുകയും 126ൽ 108 എണ്ണം ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് നിർമിക്കുന്നതുമായിരുന്നു യുപിഎ സർക്കാരിന്റെ കരാർ.
April 08, 2021, 19:48 pm