ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര സഞ്ചാരപാതയായ സൂയസ് കനാലിൽ കുടുങ്ങിയ കൂറ്റൻ ചരക്കുകപ്പൽ എവർഗിവൺ 80 ശതമാനവും ശരിയാക്കിയതായി അധികൃതർ. ഒരാഴ്ചയോളമായി എവർഗിവൺ സൂയസ് കനാലിന് കുറുകെ കിടക്കുകയായിരുന്നു.
1300 അടി നീളമുള്ള കപ്പൽ പൊടുന്നനെയുണ്ടായ കാറ്റിൽ ഗതിമാറിയാണ് കനാലിന് കുറുകെയായത്. ഇതോടെ ഇരുവശങ്ങളിലേക്കുമുള്ള കപ്പൽഗതാഗതം നിശ്ചലമായി. പ്രതിദിനം 10 ബില്യൻ യുഎസ് ഡോളറിന്റെ ചരക്കുകളാണ് ഇതുവഴി കടന്നുപോയിരുന്നത്.
എവർഗിവൺ 80 ശതമാനം നേരെയാക്കിയതായും ഏതാനും മണിക്കൂറുകൾക്കുള്ളിൽ കപ്പൽഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
എവർഗിവൺ ഉണ്ടാക്കിയ തടസ്സം നീക്കാനാവാതെ വന്നതോടെ നിരവധി കപ്പലുകൾ ദീർഘദൂരം ചുറ്റിയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങിയത്. ഇതുമൂലം കനത്ത ചെലവാണ് കപ്പൽ കമ്പനികൾക്ക് ഉണ്ടായതും.
ഡച്ച് കമ്പനിയായ സ്മിത് സാൽവേജ് ആണ് ടഗ് ബോട്ടുകളെ ഉപയോഗിച്ച് എവർഗിവണിനെ വലിച്ചുമാറ്റിയത്. ഇതിനു പുറമേ കപ്പലിന്റെ അടിവശത്തുനിന്ന് മണലും ചളിയും കുഴിച്ചുനീക്കുകയും ചെയ്തിരുന്നു.
March 29, 2021, 19:15 pm