കാലിഫോർണിയയിൽ ആദ്യ ഡ്രൈവർ രഹിത ഡെലിവറി സർവീസിന് അനുമതി. റോബോട്ടിക്സ് സ്റ്റാർട്ടപ്പ് ആയ നൂറോ ആണ് പദ്ധതിക്ക് പിന്നിൽ. അടുത്തവർഷം ആദ്യത്തോടെ ഡ്രൈവർ രഹിത ഡെലിവറി സർവീസ് ആരംഭിക്കാനാണ് നൂറോയുടെ നീക്കം. വാഹനം ഏപ്രിൽ മാസത്തിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിലാണ് വാഹനം സഞ്ചരിക്കുക. ഉചിതമായ കാലാവസ്ഥയിൽ മാത്രമാവും വാഹനം പ്രവർത്തിപ്പിക്കുകയെന്നും ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു.
ഗൂഗിളിലെ മുൻ എൻജിനീയറാണ് നൂറോയ്ക്ക് പിന്നിൽ. ജാപനീസ് സ്ഥാപനമായ സോഫ്റ്റ്ബാങ്ക് ആണ് നിക്ഷേപം ഇറക്കിയിരിക്കുന്നത്. ആർ2 എന്ന ഈ ആളില്ലാ ഡെലിവറി വാഹനം റഡാറുകളുടെ സഹായത്തോടെയാണ് ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കുക. തെർമൽ ഇമേജുകളും 360 ഡിഗ്രി കാമറകളും ഉപയോഗിച്ച് ഏതു ദിശയിലേക്കും സഞ്ചരിക്കാൻ ആർ 2ന് കഴിയും.
ഡെലിവറി ഏറ്റുവാങ്ങേണ്ടയാൾ കോഡ് അമർത്തിയാൽ വാഹനത്തിന്റെ ഡോറുകൾ തുറക്കുകയാണ് ചെയ്യുക. ഫെബ്രുവരിയിൽ ടെക്സാസിൽ നടന്ന പരീക്ഷണത്തിൽ ഡോമിനോ പിസ്സകൾ ആർ 2 ഡെലിവറി ചെയ്തിരുന്നു.
December 26, 2020, 21:30 pm