ലക്ഷദ്വീപിൽ എയർ ആംബുലൻസ് കിട്ടാതെ രോഗി മരിച്ചു. അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന സെയ്ദ് മുഹമ്മദിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റാനായിരുന്നു നിർദേശം.
ഇതിനായി കഴിഞ്ഞ നാല് ദിവസമായി എയർ ആംബുലൻസിന് വേണ്ടി കാക്കുകയായിരുന്നു. എന്നാൽ എയർ ആംബുലൻസ് ലഭ്യമാക്കാൻ ഭരണകൂടം തയാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് രോഗി മരിച്ചത്.
ലക്ഷദ്വീപിലെ ചികിത്സാ സൗകര്യങ്ങളിലെ അപാകതകള്‍ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. കൃത്യമായ ചികിത്സയ്ക്കുള്ള ആശുപത്രികൾ ദ്വീപിൽ ഇല്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം.