അമേരിക്കയിൽ വീണ്ടും സിഖുകാരനു നേരെ വംശീയ ആക്രമണം. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിന് മുന്നിലാണ് സംഭവം. ടാക്സി ഡ്രൈവറായ സിഖ് വംശജനെ മർദിച്ച അജ്ഞാതൻ ഇദ്ദേഹത്തെ വംശീയമായി അധിക്ഷേപിക്കുകയും ടർബൻ തട്ടിയെറിയുകയും ചെയ്തു.
സിഖുകാരുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷക കൂടിയായ നവജോത് പൽ കൗർ ഇതിന്റെ 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വിമാനത്താവളത്തിൽ നിന്ന ഒരാൾ പകർത്തിയതാണ് ഈ വീഡിയോ.
ടാക്സി ഡ്രൈവറെ മർദിച്ച അക്രമി ഇദ്ദേഹത്തിനെതിരെ അധിക്ഷേപ വാക്കുകളും ചൊരിഞ്ഞു. തുടരെ തുടരെ ഇദ്ദേഹത്തെ അടിക്കുകയും മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്യുന്ന യുവാവ് ഇദ്ദേഹത്തിന്റെ ടർബൻ തട്ടിക്കളയുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
'സിഖ് ഡ്രൈവർമാർക്ക് നേരെ അതിക്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. സിഖ് സമുദായത്തിനെതിരായ ഇത്തരം അതിക്രമങ്ങൾ നടത്തുന്നവരെ ശിക്ഷിക്കാനുള്ള നടപടികൾക്കായി, തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ ഉദ്യോഗസ്ഥർ പരിശ്രമിക്കേണ്ടതുണ്ട്'- കൗർ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ആക്രമണത്തിന് ഇരയായ ഡ്രൈവറെ കുറിച്ചോ അക്രമിയെ കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
2017 ഏപ്രിലിലും യുഎസിൽ സമാന സംഭവം നടന്നിരുന്നു. അന്ന് ഹർകത് സിങ് എന്ന സിഖുകാരനാണ് ആക്രമണത്തിന് ഇരയായത്. ഇയാളുടെ കാറിൽ കയറിയ നാല് യാത്രക്കാരാണ് അന്ന് മർദിച്ചതും അസഭ്യം പറഞ്ഞതും.
January 08, 2022, 18:13 pmIt’s not enough to say that we need to fight AAPI hate. We actually need our elected officials to get involved with consequences for those who commit acts of violence against our community. @GregMeeksNYC @NYCMayor @AdrienneToYou @yuhline @rontkim pic.twitter.com/Dkk23lQw0g
— Navjot Pal Kaur (@navjotpkaur) January 4, 2022