മുംബൈ: ട്വന്റി 20യ്ക്കും ഏകദിനത്തിനും പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി പദവിയും ഒഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയില്‍ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ കോഹ്ലി പടിയിറക്കം പ്രഖ്യാപിച്ചത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കോഹ്ലി രാജിക്കാര്യം അറിയിച്ചത്. എല്ലാ കാര്യത്തിനും ഒരു വിരാമം ഉണ്ടെന്നും തനിക്കത് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പദവിയുടെ കാര്യത്തില്‍ ആണെന്നും അതിന്റെ സമയം ഇപ്പോഴാണെന്നും കോഹ്ലി പറയുന്നു. ടെസ്റ്റ് ക്യാപ്റ്റന്‍ ആയുള്ള തന്റെ യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ, ആത്മാർഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോഹ്ലി പറഞ്ഞു.
തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നൽകിയതിന് ബിസിസിഐക്കും നൽകിയ വലിയ പിന്തുണകൾക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏൽപ്പിച്ചതിന് എം എസ് ധോണിക്കും കോഹ്ലി നന്ദി അറിയിച്ചു.
68 ടെസ്റ്റിൽ ഇന്ത്യയെ നയിച്ച താരം ഏറ്റവും കൂടുതൽ ടെസ്റ്റ് ജയം (40) ഇന്ത്യയ്ക്കു സമ്മാനിച്ച ക്യാപ്റ്റനാണ്. എം എസ് ധോണിയുടെ പിൻഗാമിയായി 2014–15 സീസണിലാണ് ഇന്ത്യയുടെ ഫുൾടൈം ക്യാപ്റ്റനായി കോഹ്ലി ചുമതല ഏൽക്കുന്നത്.
നേരത്തെ, ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടൂർണമെന്റിന് ശേഷം കുട്ടി ക്രിക്കറ്റിലെ ക്യാപ്റ്റൻ സ്ഥാനം താൻ ഒഴിയുകയാണെന്ന് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഏകദിനത്തിലും കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കി. ഇതേച്ചൊല്ലി ഇന്ത്യൻ ക്രിക്കറ്റിൽ വൻ വിവാദങ്ങളാണ് അരങ്ങേറിയത്.
January 15, 2022, 19:38 pm