25 Monday
May , 2020
4.30 PM
livenews logo
flash News
സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് ഈദുൽ ഫിത്വർ: ഷാർജ ഭരണാധികാരി 108 തടവുകാർക്ക് മോചനം നൽകി

'താടി കണ്ട് നിങ്ങളൊരു മുസ്‌ലിമാണെന്ന്‌ തെറ്റിദ്ധരിച്ചാണ് തല്ലിയത്'; അഭിഭാഷകനെ ക്രൂരമായി മർദിച്ച ശേഷം മധ്യപ്രദേശ് പൊലീസ് പറഞ്ഞ ന്യായം


ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ഇസ്‌ലാമോഫോബിയയുടെ ഏറ്റവും പുതിയ തെളിവായി മധ്യപ്രദേശിലെ സംഭവം. ആശുപത്രിയിൽ പോകാൻ പുറത്തിറങ്ങിയ പ്രമേഹ രോ​ഗിയായ അഭിഭാഷകനെ ക്രൂരമായി തല്ലിച്ചതച്ച ശേഷം പൊലീസ് പറഞ്ഞ ന്യായീകരണം മുസ്‌ലിമാണെന്ന് കരുതിയാണ് മർദിച്ചതെന്നാണ്. മധ്യപ്രദേശിലെ ബെതുല്‍ ജില്ലയിലെ അഭിഭാഷകനായ ദീപക് ബുന്‍ഡേലയ്ക്കാണ് പൊലീസിൽ നിന്ന് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ നിന്ന് വലിയ സമ്മർദവും ഭീഷണിയുമാണ് ഇപ്പോൾ ബുൻഡേല നേരിട്ടുകൊണ്ടിരിക്കുന്നത്.

 

മാർച്ച് 23ന് വൈകീട്ട് അഞ്ചരയ്ക്കും ആറിനും ഇടയിലായിരുന്നു സംഭവം. മർദിച്ചതിന്റെ കാരണം പറയുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വോയ്‌സ് ക്ലിപ്പും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ലോക്ക്ഡൗണിനു മുമ്പ് ബെതുലില്‍ ഈ ദിവസങ്ങളില്‍ 144 പ്രഖ്യാപിച്ചിരുന്നു. 15 വർഷമായി കടുത്ത പ്രമേഹവും രക്തസമ്മര്‍ദവുമുള്ള ബുന്‍ഡേല ശാരീരിക അസ്വസ്ഥതയുണ്ടായതോടെ അടുത്തുള്ള ​സർക്കാർ ആശുപത്രിയില്‍ പോകാനാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാൽ വഴിമധ്യേ പൊലീസ് തടഞ്ഞു. ആശുപത്രിയിലേക്ക് പോവുകയാണെന്നും എന്താണ് കാരണമെന്നും ബുന്‍ഡേല വിശദീകരിച്ചു. എന്നാൽ പൊലീസ് ഇത് ചെവികൊണ്ടില്ല.

 

കേട്ടുനിന്ന പൊലീസുകാരിലൊരാള്‍ ബുന്‍ഡേലയുടെ മുഖത്തടിച്ചു. തന്നെ അകാരണമായി മര്‍ദിച്ചത് ബുന്‍ഡേല ചോദ്യം ചെയ്തു. നിങ്ങള്‍ ഭരണഘടനയുടെ പരിധി വിടുകയാണെന്നും തെറ്റാണ് ചെയ്‌തതെങ്കില്‍ ഐപിസി 188 പ്രകാരം ജയിലില്‍ പോകാന്‍ തയ്യാറാണെന്നും മര്‍ദിക്കരുതെന്നും ബുൻഡേല പറഞ്ഞു. അത് കേട്ടതോടെ പൊലീസുകാര്‍ കൂടുതല്‍ പ്രകോപിതരായെന്നും തന്നെ മാത്രമല്ല, ഭരണഘടനയെയും അവര്‍ അധിക്ഷേപിച്ചെന്നും അഭിഭാഷകൻ പറഞ്ഞു. തുടർന്ന് കൂടുതല്‍ പൊലീസുകാര്‍ എത്തുകയും ലാത്തികൊണ്ടും കൈകൾ കൊണ്ടും ക്രൂരമായി മർദിച്ചെന്നും ബുൻഡേല വിശദമാക്കി. അഭിഭാഷകനാണെന്നും രോഗിയാണെന്നും പറഞ്ഞിട്ടും മർദനം നിര്‍ത്തിയില്ല. ചെവിയില്‍ നിന്ന് രക്തം ഒഴുകും വരെ അവർ മർദനം തുടര്‍ന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ അദ്ദേഹം കൂട്ടുകാരനയും സഹോദരനേയും വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് പോയി. അടുത്ത ദിവസം ജില്ലാ പൊലീസ് മേധാവി ഡി എസ് ഭദോരിയയ്ക്കും ഡിജിപി വിവേക് ജോഹ്‌റിയ്ക്കും പരാതി നല്‍കി. ഇതിന്റെ പകർപ്പ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും മധ്യപ്രദേശ് ഹൈക്കോടതിക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അയച്ചു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾക്കായി വിവരാവകാശ അപേക്ഷ കൊടുത്തെങ്കിലും പല കാരണം പറഞ്ഞ് അത് തള്ളി. സർക്കാർ രേഖകളിൽ നിന്ന് സിസിടിവി ഫൂട്ടേജ് ഡിലീറ്റ് ചെയ്തിരിക്കുമെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരം. 

 

പരാതി നല്‍കിയ ശേഷം നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. പരാതി പിന്‍വലിക്കണമെന്നും സംഭവത്തിൽ മാപ്പ് പറഞ്ഞും അപലപിച്ചും പ്രസ്താവന ഇറക്കാൻ തയ്യാറാണെന്നും അവര്‍ പറഞ്ഞു. ഇനി പരാതി പിൻവലിച്ചില്ലെങ്കിൽ തന്നെയും അഭിഭാഷകനായ സഹോദരനെയും ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും ചിലര്‍ മുഴക്കി. എന്തായാലും ബുന്‍ഡേല പിന്മാറാൻ തയ്യാറായില്ല. സംഭവത്തിൽ മാർച്ച് 24ലെ തന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ബുൻഡേല എസ്പിയെ സമീപിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17ന് അഭിഭാഷകനെ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് പൊലീസുകാര്‍, സംഭവം തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും മുസ്‌ലിമാണെന്ന് കരുതിയാണ് മര്‍ദിച്ചതെന്നും സമ്മതിച്ചത്. ഇതിന്റെ വോയ്‌സ് ക്ലിപ്പ് അഭിഭാഷകന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 

 

കേവലം അഞ്ച് മിനിറ്റോളമാണ് അവർ തന്റെ മൊഴിയെടുക്കാൻ ചെലവഴിച്ചത്. എന്നാൽ, മൂന്നു മണിക്കൂറിലേറെ സമയവും തന്നെ കേസിൽ നിന്ന് പിന്തിരിപ്പിക്കാനും പരാതി പിൻവലിപ്പിക്കാനുമുള്ള ശ്രമമാണ് അവർ നടത്തിയതെന്നും ബുൻഡേല വ്യക്തമാക്കി. തന്റെ താടി കണ്ട് മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ചാണ് ചില ഉദ്യോ​ഗസ്ഥർ മർദിച്ചതെന്ന് പൊലീസുകാർ പറയുന്നത് വോയ്സ് ക്ലിപ്പിലുണ്ട്. മാത്രമല്ല, കലാപ സമയത്ത് പൊലീസ് സാധാരണ ഹിന്ദുക്കളെ സഹായിക്കുകയാണ് ചെയ്യാറെന്നും വോയ്സ് ക്ലിപ്പിൽ ഒരു പൊലീസുകാരന്‍ വെളിപ്പെടുത്തുന്നു.

 

'നമ്മളെല്ലാം ​ഗാന്ധിയുടെ ഇന്ത്യയിൽ കഴിയുന്നവരല്ലേ. നമ്മളെല്ലാം ​ഗാന്ധിയുടെ മക്കളല്ലേ. അതുകൊണ്ട് ഞങ്ങളുടെ അഭ്യർഥന നിങ്ങൾ മാനിക്കണം. നിങ്ങളുടെ ജാതിയിൽപ്പെട്ട ഏകദേശം 50ഓളം എനിക്കുണ്ട്'- എന്നായിരുന്നു മറ്റൊരു പൊലീസുകാരൻ പറഞ്ഞതെന്നും ബുൻഡേല ചൂണ്ടിക്കാട്ടി. ഒരു ഹിന്ദു സഹോദരനാണെന്ന് തിരിച്ചറിയാത്തതിനാലാണ് മര്‍ദനം നടന്നതെന്നും ഇക്കാര്യത്തില്‍ അവര്‍ക്ക് ലജ്ജയുണ്ടെന്നും പൊലീസുകാര്‍ പറഞ്ഞു. തുടര്‍ന്ന് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വഴങ്ങിയില്ല.

 

'ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു ശത്രുതയുമില്ല. ഒരു ഹിന്ദു-മുസ്‌ലിം കലാപം ഉണ്ടാകുമ്പോഴെല്ലാം പൊലീസ് എല്ലായ്‌പ്പോഴും ഹിന്ദുക്കളെയാണ് പിന്തുണയ്ക്കാറ്. മുസ്‌ലിംകള്‍ക്ക് പോലും ഇത് അറിയാം. എന്നാല്‍ തിരിച്ചറിയാത്തതിനാണ് നിങ്ങളെ മര്‍ദിച്ചത്' പൊലീസുകാര്‍ വീണ്ടും പറഞ്ഞു. അന്ന് ഹിന്ദു- മുസ്‌ലിം കലാപമൊന്നും നടന്നില്ലല്ലോ എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ചാണ് തല്ലിയതെന്ന് പൊലീസുകാരന്‍ വീണ്ടും സമ്മതിച്ചു.

 

'നിങ്ങള്‍ക്ക് ഒരു നീണ്ട താടി ഉണ്ടായിരുന്നു. നിങ്ങളെ ആക്രമിച്ചയാള്‍ ഒരു കടുത്ത ഹിന്ദുവാണ്. ഹിന്ദു-മുസ്‌ലിം കലാപത്തില്‍ ഒരു മുസ്‌ലിമിനെ അറസ്റ്റ് ചെയ്യുമ്പോഴെല്ലാം അയാള്‍ അവരെ ക്രൂരമായി മർദിക്കാറുണ്ട്'- എന്നും പൊലീസ് ഉദ്യോ​ഗസ്ഥൻ സമ്മതിച്ചതായി അഭിഭാഷകൻ വിശദമാക്കി. എന്തായാലും പരാതി പിന്‍വലിക്കേണ്ടെന്നാണ് മുന്‍ 10 വർഷം മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന ബുന്‍ഡേലയുടെ തീരുമാനം. 2017ലാണ് ബുൻഡേല ബെതുലിൽ അഭിഭാഷക പരിശീലനത്തിനെത്തിയത്. അതേസമയം, പൊലീസ് ഇതുവരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിയുമായി മുന്നോട്ടു പോവുമെന്നും ബുന്‍ഡേല അറിയിച്ചു. 

May 20, 2020, 12:19 pm

Advertisement