കോവിഡ് വ്യാപനം തടയാൻ ചൈന പ്രഖ്യാപിച്ച കർശന നിയന്ത്രണങ്ങൾ മൂലം പട്ടിണിയിലേക്ക് കടക്കുന്നത് തടയാൻ ജനം ബാർട്ടർ രീതി സ്വീകരിക്കുന്നു. കൈയിലുള്ള വസ്തുക്കൾ കൊടുത്ത് ഭക്ഷ്യവസ്തുക്കൾ സ്വീകരിക്കുകയാണ് ജനമെന്ന് പുറത്തുവരുന്ന സാമൂഹികമാധ്യമങ്ങളിലെ വീഡിയോകൾ വ്യക്തമാക്കുന്നു. ചൈനീസ് നഗരമായ സിയാനിൽ 13 ദശലക്ഷത്തോളം പേരാണ് ഡിസംബർ 23 മുതൽ വീടുകളിൽ കഴിയാൻ നിർബന്ധിതരാക്കപ്പെട്ടിരിക്കുന്നത്.
ബെയ്ജിങ്ങിൽ നടക്കാനിരിക്കുന്ന വിന്റർ ഒളിംപിക്സിന്റെ മുന്നോടിയായാണ് ചൈന കോവിഡിനെ പിടിച്ചുകെട്ടാൻ ജനങ്ങളെ വീടുകൾക്കുള്ളിൽ അടച്ചിരിക്കുന്നത്. യുഴു നഗരത്തിൽ 11 ലക്ഷമാണ് ജനസംഖ്യ. ഏതാനും കേസുകൾ മാത്രമാണ് ഇവിടെ റിപോർട്ട് ചെയ്തിട്ടുള്ളതും. എന്നാൽ ഗതാഗത സംവിധാനവും വിനോദപരിപാടികളും വിലക്കിയ അധികൃതർ റോഡിൽ വാഹനങ്ങൾ ഇറങ്ങുന്നതു പോലും നിരോധിച്ചിരിക്കുകയാണ്.
അവശ്യവസ്തുക്കളുടെ നീക്കവും കടകളും മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സർക്കാരിന്റെ ഭക്ഷ്യവിതരണം അപര്യാപ്തമായതിനാലാണ് ഉള്ളതുകൊടുത്ത് ഇല്ലാത്തവ വാങ്ങുന്ന കൈമാറ്റ രീതി സിയാൻ നഗരത്തിലെ ജനങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപോർട്ട്. മൊബൈൽ ഫോണുകൾ പോലും കൈമാറിയാണ് ആളുകൾ ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതെന്ന് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
സിഗരറ്റു നൽകി കാബേജ് വാങ്ങുന്നവരും പാത്രംകഴുകുന്ന ലിക്വിഡ് നൽകി ആപ്പിൾ വാങ്ങുന്നവരും പച്ചക്കറിക്കു വേണ്ടി സാനിറ്ററി പാഡുകൾ കൈമാറുന്നവരെയുമെല്ലാം സാമൂഹിക മാധ്യമമായ വീബോയിൽ പങ്കുവച്ച വീഡിയോയിൽ കാണാം. മൊബൈൽ ഫോണും ടാബും നൽകി അരി വാങ്ങിയ ആളെക്കുറിച്ചും വീബോയിൽ വന്ന വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. ചെവിയിലിടുന്ന പഞ്ഞിക്കുവേണ്ടി ഉരുളക്കുഴങ്ങാണ് ഒരാൾ കൈമാറിയത്. അധികൃതരുടെ കർശന നിയന്ത്രണം എന്ന് അവസാനിക്കുമെന്നു പോലും അറിയാത്ത അനിശ്ചിതാവസ്ഥയിലാണ് ജനങ്ങൾ.
ചൈനീസ് നഗരമായ വുഹാനിലാണ് ലോകത്താദ്യമായി കോവിഡ് വൈറസ് പ്രത്യക്ഷപ്പെട്ടതെന്നാണ് ഇതുവരെയും വിശ്വസിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച അഭ്യൂഹങ്ങളും അവസാനിച്ചിട്ടില്ല. ചൈനയിലാണ് കോവിഡ് ആദ്യമായി വ്യാപിച്ചതെങ്കിലും രാജ്യത്തെ കോവിഡ് കേസുകളുടെയും ഇതുമൂലമുണ്ടായ മരണങ്ങളും നാമമാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്. വുഹാൻ നഗരമൊന്നാകെ അടച്ചുപൂട്ടിയായിരുന്നു ചൈന ആദ്യഘട്ടത്തിൽ വൈറസ് വ്യാപനത്തെ തടുത്തുനിർത്തിയത്. ഇതിനുസമാനമായ നടപടികളാണ് ഇപ്പോൾ ചൈനയിൽ നിന്നു പുറത്തുവരുന്നതും.
January 04, 2022, 20:52 pm