കോട്ടയം: പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരണപ്പെട്ടു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസൺ (17) ആണ് മരണത്തിനു കീഴടങ്ങിയത്.
ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിയായ അഫീൽ മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ ചികിത്സയിലായിരുന്നു. പാലായില്‍ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ എറിഞ്ഞ ഹാമര്‍ അഫീലിന്റെ തലയില്‍ പതിക്കുകയായിരുന്നു. അത്ലറ്റിക് മീറ്റിന്റെ ആദ്യദിനമായ ഈ മാസം നാലിനായിരുന്നു ദാരുണാപകടം.
മീറ്റിൽ വോളണ്ടിയറായിരുന്നു അഫീൽ. ഗ്രൗണ്ടിൽ ഹാമർ ത്രോ, ജാവലിൻ ത്രോ മത്സരങ്ങൾ ഒരുമിച്ചാണ് നടന്നിരുന്നത്. മൈതാനത്ത് വീണുകിടന്ന ജാവലിൻ എടുക്കാൻ പോയപ്പോഴാണ് അഫീലിന്റെ തലയിൽ മറ്റൊരു വിദ്യാർഥി എറിഞ്ഞ ഹാമർ വന്നുവീണത്.
ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ആരോഗ്യനിലയിൽ മാറ്റമുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് ചാമ്പ്യൻഷിപ്പ് മീറ്റ് മാറ്റിവച്ചിരുന്നു.
അഫീലിന്റെ ചികിത്സയ്ക്കായി സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിക്കുകയും അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
October 21, 2019, 16:38 pm