15 Thursday
April , 2021
8.51 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

'തീവ്രവാദികളുടെ എണ്ണം കൂട്ടാൻ നമ്മുടെ പെൺകുട്ടികളെ സിറിയയിൽ കൊണ്ടുപോവുന്നു'; മുസ്‌ലിം വിരുദ്ധ-വ്യാജ-വിദ്വേഷ പ്രചരണത്തിലൂടെ വോട്ട് തേടി ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി


പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ അതിക്രമിച്ചു കയറി  ഭാരത് മാതാ കീജയ് വിളിച്ച് പുഷ്പാർച്ചന നടത്തി വിവാദത്തിലായ ആലപ്പുഴ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതി തെരഞ്ഞെടുപ്പിൽ വോട്ട് തേടുന്നത് മുസ്‌ലിം വിരുദ്ധ- വ്യാജ-വിദ്വേഷ- വർ​ഗീയ പ്രചരണത്തിലൂടെ. ഒരു ഫാക്ടറിയിലെ തൊഴിലാളികളോട് ഇയാൾ വോട്ടഭ്യർഥിക്കുന്ന വീഡിയോ പുറത്തുവന്നു. 

 

നമ്മുടെ പെണ്‍കുട്ടികളെ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണെന്നും  60 പേരുടെയൊക്കെ ഭാര്യയായിട്ടാണ് ഒരു പെൺകുട്ടിയെ  ഉപയോഗിക്കുന്നതെന്നും തീവ്രവാദികളുടെ എണ്ണം കൂട്ടാനാണ് ഇതെന്നുമാണ് ഇയാൾ തൊഴിലാളി സ്ത്രീകളോട് പറയുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണിതെന്നിരിക്കെയാണ് ഇത്തരത്തിൽ ഒരു സമുദായത്തിനെതിരെ വർ​ഗീയ-വ്യാജ പ്രചരണം നടത്തി ബിജെപി സ്ഥാനാർഥി പരസ്യമായി വോട്ട് തേടുന്നത്.

 

''നമ്മുടെ പെണ്‍കുട്ടികളെ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണ്. എന്തിനാ കൊണ്ടുപോവുന്നത്. 60 പേരുടെയൊക്കെ ഭാര്യയായിട്ടാണ് ഒരു പെൺകുട്ടിയെ  ഉപയോഗിക്കുന്നത്. എന്തിന് തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍. അതായത് തീവ്രവാദികളുടെ എണ്ണം കൂട്ടാൻ പ്രസവിച്ചുകൂട്ടുകയാണ്. അതിന് നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ടുപോവുകയാണ്. ഇതാരാ തടയേണ്ടത്''.

''നമ്മുടെ സര്‍ക്കാര്‍ എന്തേലും ചെയ്യുന്നുണ്ടോ. ഉടനെ പറയും മതേതരത്വം തകരുമെന്ന്. ഈ മതേതരത്വം എന്നുപറഞ്ഞാൽ നമ്മുടെ മാത്രം ബാധ്യതയാണോ. ഇങ്ങോട്ട് എന്തും  ആവാം. തിരിച്ചുചോദിച്ചാല്‍ മതേതരത്വം തകരും. ഇതൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ആലോചിച്ച് വോട്ട്‌ചെയ്യുക''. 

 

''ഇപ്പോള്‍ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തില്ലെങ്കില്‍ നമ്മുടെ നാട് നശിക്കും. അതുകൊണ്ടാണ് ഞാൻ എനിക്ക്, ബിജെപിക്ക് ഒരു വോട്ട് തരണം എന്ന് പറയുന്നത്. വേറൊന്നിനുമല്ല. ഇപ്രാവശ്യം ഒരോട്ട്. ഒറ്റത്തവണ മതി. അടുത്ത തവണ നിങ്ങളെനിക്ക് ചെയ്യേണ്ട. ഒരേ ഒരു വോട്ട്.''- എന്നാണ് ഇയാൾ തൊഴിലാളി സ്ത്രീകളോട് പറയുന്നത്.

 

ഈ വീഡിയോ പുറത്തുവന്നതു കൊണ്ടുമാത്രമാണ് ബിജെപി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഏതു രീതിയിലാണെന്ന കാര്യം വ്യക്തമായത്. ഇതേ രീതിയിലായിരിക്കും എല്ലായിടങ്ങളിലും ഇവർ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെന്നും അത് സമൂഹത്തിൽ വലിയ സ്പർധയും വിദ്വേഷവും സൃഷ്ടിക്കുമെന്നും സമുദായങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ഭിന്നിപ്പും ഉണ്ടാക്കാൻ ഇടയാക്കുമെന്നും നിരവധി പേർ ചൂണ്ടിക്കാട്ടുന്നു.

 

വ്യാജ- വിദ്വേഷ പ്രചരണത്തിലൂടെ മതങ്ങൾക്കിടയിൽ ഭിന്നിപ്പുമുണ്ടാക്കി വോട്ട് തട്ടാനുള്ള ബിജെപിയുടെ ​ഗൂഢനീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. സന്ദീപിന്റെ പത്രിക തള്ളണമെന്നും അയോ​ഗ്യനാക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്. പരാതി ലഭിച്ചാൽ സ്ഥാനാർഥിത്വവും തെര‍ഞ്ഞെടുപ്പിൽ ജയിച്ചാൽ ആ വിജയവും റദ്ദാക്കാനും അയോ​ഗ്യനാക്കാനും തക്കവണ്ണമുള്ള കുറ്റമാണ് ഇത്തരം വർ​ഗീയ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ.

കഴിഞ്ഞ തവണത്തെ അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി ലീ​ഗ് എംഎൽഎ കെ എം ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കുകയും തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. അഞ്ച് നേരം നിസ്‌കരിക്കുന്ന കെ എം ഷാജിയെ ജയിപ്പിക്കണം എന്നതടക്കമുള്ള വർഗീയ നോട്ടീസാണ് ഷാജിക്കു വേണ്ടി മണ്ഡലത്തിൽ പ്രചരിപ്പിച്ചത്. പിന്നീട്, ഷാജിയുടെ അപ്പീലിൽ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

 

നേരത്തെ, ഇത്തരത്തിൽ വർ​ഗീയ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ മുൻ മൂവാറ്റുപുഴ ലോക്സഭാ മണ്ഡ‍ലം എൻഡിഎ സ്ഥാനാർഥി പി സി തോമസിന്റെ വിജയം ഹൈക്കോടതി റദ്ദാക്കുകയും ഈ വിധി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. 2004ൽ നടന്ന തെരഞ്ഞെടുപ്പിലെ വിജയമാണ് കോടതി റദ്ദാക്കിയത്. മതവികാരമുണര്‍ത്തി വോട്ടു പിടിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി എം ഇസ്മയില്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

 

ഒപ്പം സിപിഐഎം സ്ഥാനാര്‍ഥി പി എം. ഇസ്മയിലിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പി സി തോമസിന് ആറു വര്‍ത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ സമത്തുതന്നെ ഹൈക്കോടതി പി സി തോമസിന്റെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും എടുത്തുകളഞ്ഞിരുന്നു.

 

കത്തോലിക്ക കോണ്‍ഗ്രസ് നേതാവ് ജോണ്‍ കച്ചിറമറ്റം പി സി തോമസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറക്കിയ നോട്ടീസാണു വിവാദമായത്. ദേശീയ മുഖ്യധാരയില്‍ നിന്നു ക്രിസ്ത്യാനികള്‍ മാറി നില്‍ക്കരുതെന്നുള്ള മാര്‍പാപ്പയുടെ ആഹ്വാനം നോട്ടീസില്‍ പരാമര്‍ശിച്ചിരുന്നു. മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പി സി തോമസ് പങ്കെടുത്തപ്പോള്‍ മാര്‍പാപ്പയുടെ കൈമുത്തിയ കാര്യവും പരാമര്‍ശിച്ചിരുന്നു. ക്രിസ്തുവിന്റെ കാലടികള്‍ പിന്തുടരുന്ന, സഭാകല്‍പ്പനകള്‍ അനുസരിക്കുന്ന വ്യക്തിയെന്ന നിലയില്‍ തോമസിനെ ജയിപ്പിക്കണമെന്നായിരുന്നു അഭ്യര്‍ഥന. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും നോട്ടീസില്‍ അഭ്യര്‍ഥിച്ചിരുന്നു.

 

ഒന്നാം ആന്റണി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെയും കെ എം മാണിയുടെയും തെരഞ്ഞെടുപ്പുകള്‍ 1977 ല്‍ ഹൈക്കോടതി അസാധുവാക്കിയിരുന്നു. വര്‍ഗീയ പ്രചാരണം നടത്തിയെന്നതായിരുന്നു ആരോപണം. എന്നാല്‍ സുപ്രീംകോടതിയില്‍നിന്നു സിഎച്ചിനും മാണിക്കും അനുകൂലവിധി ലഭിച്ചു. വര്‍ഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് മട്ടാഞ്ചേരിയില്‍നിന്ന് 1987ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിം ലീഗിലെ എം ജെ സക്കറിയാ സേട്ടിന്റെ തെരഞ്ഞെടുപ്പും ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതിയില്‍ വിധി അനൂകൂലമായി.

 

1951 ലെ  ഇന്ത്യൻ ജനപ്രാതിനിധ്യനിയമത്തിലെ  വകുപ്പ് 123  തെരഞ്ഞെടുപ്പ്  അഴിമതികൾ നിർവചിച്ചിട്ടുണ്ട്.  അതുപ്രകാരം  ജാതി-മത-ഭാഷ-വംശ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്  പ്രചാരണം നടത്തുന്നതും വോട്ട് തേടുന്നതും അയോഗ്യതയ്ക്ക് കാരണമാവും.  രാഷ്ട്രീയപാർടികൾ വോട്ടിനു വേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് 2017 ലെ ഏഴംഗ  ഭരണഘടനാ ബെഞ്ചിന്റെ വിധി അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.  ഭരണഘടനയ്ക്ക് വിധേയമായാണ് രാഷ്ട്രീയപാർടികൾ പ്രവർത്തിക്കേണ്ടതെന്ന് അന്നത്തെ   ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ നേതൃത്വം നൽകിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.  

 

തെരഞ്ഞെടുപ്പിലെ മത-ജാതി പ്രയോഗം  അഴിമതിയായും ഭരണഘടനാലംഘനമായും കണക്കാക്കുന്നതിനു പുറമെ  ജനപ്രാതിനിധ്യനിയമം 123ാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും അതനുസരിച്ച് തെരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനൽ കേസ് ചുമത്താനും സാധിക്കുമെന്നും ആ വിധിയിലുണ്ട്.

March 22, 2021, 11:23 am

Advertisement

Advertisement