എന്റെ ആഗ്രഹമായിരുന്നു കോഴിക്കോട് മാവൂര്‍ റോഡിലൂടെ ഒന്ന് മനസ്സമാധാനത്തോടെ വണ്ടി ഓടിക്കണം എന്നത്...
അതിനു സാധിച്ചു...
ദൈവത്തിനു സ്തോത്രം
എന്റെ ആഗ്രഹമായിരുന്നു കടപ്പുറത്തെ വിജനതയില്‍ ഇരുന്നു കൊണ്ട് അറബിക്കഥയിലെ രാജകുമാരിയുടെ പുതിയ വിശേഷങ്ങള്‍ കടലമ്മയുടെ ചെവിയില്‍ ആരും കേള്‍ക്കാതെ ചോദിക്കണം എന്നത്...
അതിനു സാധിച്ചു...
ദൈവത്തിനു സ്തോത്രം...
എന്റെ വളരെ നാളത്തെ ആഗ്രഹമായിരുന്നു വലിയങ്ങാടിയിലെ പ്രാവുകളോട് അവരുടെ അധിനിവേശത്തിന്റെ നാള്‍വഴികള്‍ ചോദിക്കുവാന്‍...
ചെല്ലുമ്പോഴെല്ലാം താഴെ വീഴുന്ന അരിമണികളില്‍ ശ്രദ്ധിക്കുന്നതിനാല്‍ അവരെന്നെ കേള്‍ക്കാറില്ലായിരുന്നു...
എന്നാല്‍ ഇന്നലെ അതിനും മറുപടി കിട്ടി...
ദൈവത്തിനു വീണ്ടും സ്തോത്രം...
എന്റെ കുഞ്ഞുന്നാളിലെ സ്വപ്നമായിരുന്നു മാനാഞ്ചിറയുടെ കൈവരികള്‍ക്കു മുകളിലൂടെ ഒന്ന് നടക്കുക എന്നത്...
സാഹസമെങ്കിലും ഇന്നലെ അതിനും ഭാഗ്യണ്ടായി....
ദൈവമേ... അതേ സ്തോത്രം...
സര്‍ക്കാരിന്റെ ആണെങ്കിലും സര്‍ക്കാരായ നമ്മള്‍ക്ക് വണ്ടിയുമായി കയറുവാന്‍ അനുവാദമില്ലാത്ത ബസ് സ്റ്റാന്റില്‍ ഒന്ന് വണ്ടിയോടിക്കാനുള്ള ആഗ്രഹം... ഹോ... ഇന്നലെ അതും... ദൈവമേ ഐ ലവ് യൂ...
എത്ര കൊതിച്ചു ഞാന്‍ റോഡരികില്‍ എന്റെ കാറൊന്ന് പാര്‍ക്ക് ചെയ്യാന്‍...
ഓട്ടോ സ്റ്റാന്റില്ലാത്ത എന്റെ നഗരത്തില്‍ ഞാനിന്നലെ നിര്‍ഭയം അതും സാധിച്ചു...
ദൈവമേ അതിന് ഒരു കോടി സ്തോത്രം... കാരണം നിനക്ക് പോലും കഴിയാത്തതാണ്...
കുറേ കാലമായി ഞെളിയന്‍ പറമ്പിന്റെ അരികിലൂടെ മൂക്കു പൊത്താതെ ഒന്ന് നടക്കണം എന്നത്...
എന്റെ കോവിഡ് മാസ്ക് പോലും നാണിച്ചു... കാരണം നോ മണം... നോ ഓക്കാനം...
ദൈവമേ രണ്ട് കോടി സ്തോത്രം...
കാര്‍ വാങ്ങിയ കാലം തൊട്ടുള്ള ആഗ്രഹമായിരുന്നു കുണ്ടായിത്തോട് പരിസരത്തെ നാഷണല്‍ ഹൈവേ റോഡിലെ ഹമ്പുകള്‍ ചാടിക്കുമ്പോള്‍ ഒന്ന് ആസ്വദിക്കുക എന്നത്... എന്നാല്‍ ഡോറിനടിച്ചും... കള കള കുളു കുളു എന്ന ഹോണടിച്ചും എന്നെ പേടിപ്പിച്ചിരുന്ന മഞ്ചേരി ബസ്സിന്റെ ശല്യമില്ലാതെ ഇന്നലെ ആ കാര്യവും... ഹായ് ഹായ്...
ദൈവമേ....ഹോ....ഹോ...
ടൗണില്‍ നിന്നും ബേപ്പൂര്‍ വരെ ആയിരം തവണ ഓവര്‍ടേക്ക് ചെയ്ത് തൊട്ടുമുന്പില് ആളെ കേറ്റി എന്റെ കണ്ട്രോള് കളഞ്ഞിരുന്ന സിറ്റി ബസ്സിന്റെ ശല്യമില്ലാതെ ഞാന്‍ ബേപ്പൂര്‍ വരെ ഇന്നലെ കാര്‍ ഓടിച്ചു... ഹോ....
പറഞ്ഞറിയിക്കാന്‍ വയ്യ...
അവരൊക്കെ ഇപ്പൊ എവിടാണാവോ...
ന്റെ ദൈവേ നീയെത്ര...
പലപ്പോഴും ഒാട്ടക്കീശയുമായ് ബീച്ചിലെ റോഡിലൂടെ പോകുമ്പോള്‍ നോക്കാന്‍ പോലും ഭയപ്പെട്ടിരുന്ന ഹോട്ടലുകള്‍ ഉണ്ടായിരുന്നു...
നോക്കിയാല്‍ കയറിപ്പോവും... കയറിയാല്‍ കഴിച്ചു പോവും... കഴിച്ചാല്‍ പിന്നെ പാത്രം കഴുകല്‍ മാത്രം പുറത്തേക്കുള്ള വഴി...
അതിനാല്‍ തന്നെ എന്റെ നോട്ടങ്ങളെ ചുരുക്കേണ്ടി വന്ന ഇന്നലെകളെ പുച്ഛിച്ച് ഞാനിന്നലെ നന്നായി ഇരുവശവും നോക്കി നടന്നു...
സമാധാനം... അജിനാമോട്ടോകളില്ലാത്ത സായാഹ്നം എന്നില്‍ വല്ലാത്ത വികാരമുണ്ടാക്കി...
ദൈവമേ നിനക്ക് തന്നെ സ്തോത്രം...
ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും ചെയ്യിച്ചു പോവുന്ന കറുത്ത വേഷധാരികള്‍ തലങ്ങും വിലങ്ങും നടക്കുന്ന കോടതി മുറ്റം എന്നും എനിക്ക് ഭയമായിരുന്നു...
ആ മുറ്റത്തിത്തിരി നേരം ഇരിക്കുക എന്നത് ചെറിയൊരു ആഗ്രഹമായിരുന്നു...
അതിനും കഴിഞ്ഞു...
അന്യായക്കാരനെ ന്യായക്കാരനാക്കുന്ന കോട്ടിന് പറ്റങ്ങളില്ലാത്ത മുറ്റത്തിന്നലെ അമര്ന്നൊരിത്തിരിനേരമിരുന്നു ഞാന്‍...
അതിനും ന്റെ ദൈവത്തിന് ബിഗ് സ്തോത്രം... കാരണം അവിടെ മൈ ലോഡ് വേറെ ലവലാ...
വാല്‍ക്കഷ്ണം: എല്ലാം ഭാവന മാത്രം...
ഞാനടക്കമുള്ള മനുഷ്യന്റെ അഹന്തക്കേറ്റ ആഘാതത്തിനൊരു ഉണര്‍ത്തു പാട്ട്...
എപ്പിഡമിക് ഡിസീസ് ആക്ടുകാര്‍ തൂക്കിലേറ്റരുതേ.
ശുഭം...
April 26, 2020, 21:02 pm