23 Wednesday
September , 2020
8.26 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

19കാരനായ ആമിർ ഹൻദല: എൻആർസി വിരുദ്ധ സമരത്തിലെ ബിഹാറിലെ രക്തസാക്ഷി


ഡൽഹി ലേഖകൻ അഷ്ഫാഖ് ഇ ജെ തയ്യാറാക്കിയ സ്പെഷ്യൽ റിപ്പോർട്ട്

 

 " അവനുമെക്കാനിക്സിൽ ആയിരുന്നുതാത്പര്യം. കേടായിക്കിടക്കുന്ന എന്ത് സാധനംകണ്ടാലും അവൻ ഒരുകൈനോക്കും. കഴിഞ്ഞവർഷത്തെ പത്താം ക്ലാസിൽ ഒരു പേപ്പറിൽ മാർക്ക് കുറഞ്ഞത് കാരണം അവന് ഉപരിപഠനത്തിന് പോകാൻ സാധിച്ചില്ല. ഒരുമാസം മുന്നെയാണ് അവന്റെ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ റിസൾട്ട് വന്നത്," ജന്തർമന്തറിലെ പടവുകളിരുന്നു കൊണ്ട് പട്നയിലെ ഹാറൂൺനഗർ സ്വദേശിയായ സുഹൈൽഅഹമ്മദ് തന്റെ മകൻ ആമിർ ഹൻദലയെക്കുറിച്ച് പറഞ്ഞുതുടങ്ങി.

 

19 വയസ്സുകാരനായ ആമിർ ഹൻദല ഒരു ബാഗ് റിപയറിങ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോലി ചെയ്തു കുറച്ചു പണംസമ്പാദിച്ചതിനുശേഷം സ്വന്തമായി ഒരുബിസിനസ്സ് തുടങ്ങണം എന്നതായിരുന്നു അവന്റെ സ്വപ്നം. രാഷ്ട്രീയപാർട്ടികളുടെ പരിപാടികൾക്കൊന്നും സാധാരണ പങ്കെടുക്കാത്ത ആമിർ പൗരത്വപ്രക്ഷോഭങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. ത്രിവർണ്ണപതാകയും കൈയിലേന്തിയായിരുന്നു ഹൻദല റാലികളിൽ പങ്കെടുക്കാറുള്ളത്. ഡിസംബർ 21നു ആർജെഡി നേതാവ് തേജസ്വി യാദവ് ആഹ്വാനംചെയ്ത ഭാരത്ബന്ദിൽ പങ്കെടുക്കാൻ ആമിർ തന്റെ സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു. ചുവന്നജാക്കറ്റും നീലജീൻസുമിട്ട് കൈയിൽ ഇന്ത്യൻ പതാകയുമേന്തി ആമിർ പുൽവാരി ഷരീഫിൽവെച്ച് നടക്കുന്ന റാലിയിൽ പങ്കെടുക്കാൻവേണ്ടി വീട്ടിൽനിന്നിറങ്ങി.

 

പതിനായിരത്തോളം ആളുകൾ അണിനിരന്ന ആ റാലിക്കുനേരെ ഒരുകൂട്ടം ഹിന്ദുത്വതീവ്രവാദികൾ കല്ലെറിഞ്ഞു. തൊട്ടടുത്ത ബിൽഡിങ്ങുകളിൽ നിന്നായിരുന്നു. മുൻകൂട്ടി സജ്ജരായ ഈകലാപകാരികൾ കല്ലെറിഞ്ഞത്. ഒരുപറ്റം ആളുകൾ നാടൻതോക്കുകൾ ഉപയോഗിച്ചു റാലിയിലേക്ക്  വെടിവച്ചു. പരിഭ്രാന്തരായ ആൾകൂട്ടം ചിതറിയോടി. ത്രിവർണപതാകയുമേന്തി പ്രാണരക്ഷാർഥം ഓടിയ ഹൻദല എത്തിച്ചേർന്നത് ഹിന്ദുത്വവാദികളുടെ കോട്ടയായ സംഘത് മൊഹല്ലയിലാണ്. ആർഎസ്എസിന്റെ കീഴിലുള്ള സരസ്വതി ശിശുമന്ദിറിന്റെ ശാഖ സ്ഥിതിചെയ്യുന്ന ആ മൊഹല്ലയിലാണ് അവസാനമായി ആളുകൾ ആമിറിനെ കണ്ടത്.

 

റാലിക്കിടയിലെ കല്ലേറിനെയും വെടിവെപ്പിനെയും പോലീസിന്റെ ടിയർഗ്യാസ് പ്രയോഗത്തെയും കുറിച്ചറിഞ്ഞ ഹൻദലയുടെ പിതാവ് സുഹൈൽ അഹ്മദ് ഹൻദലയുടെ രണ്ട് ഫോണിലേക്കും വിളിച്ചു. ഫോൺസ്വിച്ഡ് ഓഫ് ആയിരുന്നു . തൊട്ടുമുന്നെ ഏകദേശം ഒരുമണിക്ക് സുഹൈൽ വിളിച്ചപ്പോൾ ഹൻദല റാലിയിൽ പങ്കെടുക്കാൻ പോകുകയാണ് എന്ന് പറഞ്ഞിരുന്നു . രാത്രി ആയപ്പോളും ആമിർ തിരികെ എത്താതായപ്പോൾ സുഹൈൽ രാത്രി 8 മണിക്ക് പുൽവാരി ഷരീഫ് പോലീസ് സ്റ്റേഷനിൽ പരാതികൊടുത്തു.

 

റാലിക്കിടയിൽ വെടിയേറ്റ ഒമ്പതോളം ആളുകൾ തൊട്ടടുത്തുള്ള ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നു. എയിംസ്, പട്ന മെഡിക്കൽ കോളജ് , ഗവണ്മെന്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സുഹൈലും നാട്ടുകാരും ഹൻദലയെ തിരഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർ ഇല്ല എന്ന കാരണത്താൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലിസ് വിസമ്മതിച്ചു . ഡിസംബർ 22നാണ് പോലിസ് പരാതി സ്വീകരിച്ചത് . സംഘത് മൊഹല്ല റെയ്ഡ് ചെയ്യണം എന്ന നാട്ടുകാരുടെ ആവശ്യം പോലീസ് നിരാകരിച്ചു.

 

 

(പുൽവാരി ഷരീഫിൽ നടന്ന പൗരത്വ റാലിയിൽ ദേശീയപതാകയേന്തി പങ്കെടുക്കുന്ന ആമിർ ഹൻദല. ഈ റാലിയിലാണ് ആമിർ ഹൻദലയെ അവസാനമായി കാണുന്നത്)

 

ഒൻപത് ദിവസത്തോളം ആമിറിന്റെ ഫോട്ടോയുമായി പട്നയുടെ പലഭാഗത്തായി അലഞ്ഞതിനെ കുറിച്ച് വിവരിക്കുമ്പോൾ സുഹൈൽ അഹമ്മദ് എന്ന മദ്രസബോർഡ് ജീവനക്കാരന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു. ഊണും ഉറക്കവുമില്ലാതെ മകനെ തേടിയലഞ്ഞ ഒൻപതുനാളുകൾ !

 

അങ്ങനെയിരിക്കേ, ആമിർ ഹൻദലക്ക് മാനസിക അസ്വാസ്ഥ്യമുണ്ട് എന്ന രീതിയിൽ രണ്ടു ഹിന്ദിപത്രങ്ങളിൽ പുൽവാരി ഷരീഫ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് പാണ്ഡെയുടെ പ്രസ്താവനവന്നു . "അങ്ങേയറ്റം വേദനാജനകമായ പ്രസ്താവനയാണത്. ആർഎസ്എസ് ആഭിമുഖ്യമുള്ള ആളാണ് പാണ്ഡെ. അയാൾക്ക് എല്ലാം അറിയാമായിരുന്നു. കേസ് അട്ടിമറിക്കാൻ തുടക്കം മുതലേ ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ മകൻ മാനസികപ്രശ്നം കാരണം നാടുവിട്ടു എന്ന പ്രസ്താവന ഉപയോഗിച്ച് അയാൾ കേസിന്റെ ഗതിമാറ്റാൻ ശ്രമിച്ചു," രോഷാഗ്നി നിറഞ്ഞ കണ്ണുകളോടെ സുഹൈൽ അഹ്മദ് പറഞ്ഞു.

 

പിന്നീട് മൂന്ന് ഐപിഎസ് ഓഫീസർമാരും രണ്ട് എസ്എസ്പിയും അടങ്ങുന്ന പ്രത്യേക അന്വേഷണവിഭാഗം ആരംഭിച്ചു . ഡിഎസ്പി രാമകാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനിടയിൽ പുൽവാമ ഷരീഫിൽ കലാപം നടത്തിയ ദീപക് കുമാർ, ചൈന്തു എന്നിവരെ പോലീസ് അറസ്റ്റ്ചെയ്തു. ചോദ്യംചെയ്യലിനിടയിൽ ഒരുകൗമാരക്കാരന്റെ മൃതദേഹം തൊട്ടടുത്തുള്ള ജലസ്രോതസ്സിലേക്ക് വലിച്ചെറിഞ്ഞതായി പ്രതികൾ കുറ്റസമ്മതംനടത്തി.

 

മുപ്പതാം തീയതി രാത്രി ഏകദേശം പതിനൊന്നുമണിക്ക് ഹൻദലയുടെ വീട്ടിലേക്ക് പോലീസ് ഫോൺ വിളിച്ചു. സംഭവസ്ഥലത്തേക്ക് എത്തിയ സുഹൈൽ അഹ്മദ് കണ്ടത് ഊർജിതമായ തിരച്ചിൽ നടത്തുന്ന പോലീസും തൊഴിലാളികളും അടങ്ങുന്ന സംഘത്തെയാണ്. 31ാം തീയതി ഏകദേശം 6 മണിയായപ്പോൾ പുൽവാരി ഷരീഫ് ബ്ലോക്ക് ഹെഡ്ക്വാർട്ടേഴ്സിനടുത്തുള്ള ജലസ്രോതസ്സിൽ നിന്ന് അഴുകിയ നിലയിൽ ഒരുമൃതദേഹം കണ്ടെടുത്തു.

 

വസ്ത്രവും വാച്ചുംകണ്ട്   മകന്റെ മൃതദേഹം തിരിച്ചറിയേണ്ട ഗതികേടിലായ ആ പിതാവിന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട് മകന്റെ ജീർണിച്ച ശവശരീരത്തിൽ കണ്ട ആഴത്തിലുള്ള മൂന്ന് മുറിവുകൾ. ആമിറിന്റെ മൃതദേഹവുമായി ഒരു വിലാപയാത്ര നടത്താൻ ആ പിതാവിനോട് നാട്ടുകാർ ആവശ്യപ്പെട്ടു. വൈകാരികമായ സമീപനം ഒരു സംഘർഷത്തിനു വഴിയൊരുക്കും എന്ന ബോധ്യത്താൽ സുഹൈൽ അഹ്മദ് യാത്ര നടത്താൻ വിസമ്മതിച്ചു. "ഞാൻ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന വ്യക്തിയാണ്. എരിതീയിലേക്ക് എണ്ണയൊഴിക്കാൻ എനിക്ക് ആഗ്രഹമില്ല. അധികം ആരെയും അറിയിക്കാതെ ഞങ്ങൾ അവനെ ഖബറടക്കി," സുഹൈൽ അഹ്മദ് പറഞ്ഞു.

 

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മൂർച്ചയേറിയ ആയുധംകൊണ്ട് ആമിറിന്റെ അടിവയറ്റിൽ രണ്ടുതവണ കുത്തേറ്റിരുന്നു. ഭാരമേറിയ ഒരുവസ്തുകൊണ്ടുള്ള ആക്രമണത്തിൽ തലക്ക് ക്ഷതമേറ്റിരുന്നു. മൃതദേഹം ചീഞ്ഞളിഞ്ഞ അവസ്ഥയിൽ ആയതുകാരണം മറ്റു മുറിവുകൾ സ്ഥീതികരിക്കാൻ കഴിഞ്ഞിട്ടില്ല. ആമിറിന്റെ കൊലപാതകവുമായി ബന്ധപെട്ടു 12 പേരെ പോലീസ് പട്നയിൽ നിന്നും സമീപപ്രദേശങ്ങളായ മുസാഫാർപുർ , ബാഗാന , ചപ്ര എന്നിവിടങ്ങളിൽ നിന്നായി പിടികൂടി. പുൽവാരി ഷരീഫിലെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് 60ഓളം ആളുകളെ അറസ്റ്റുചെയ്തു. ഏകദേശം 6 ആളുകൾ വെടിയേറ്റ് അടുത്തുള്ള ഹോസ്പിറ്റലുകളിൽ അഡ്മിറ്റായി. 2 ആളുകൾ കത്തികുത്തേറ്റും 12 ഓളം ആളുകൾ കല്ലേറിലും പരിക്ക്പറ്റി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടു. കഴുത്തിനുതാഴെ സാരമായ രീതിയിൽ പരിക്കേറ്റ ഒരാൾ ഒരുഭാഗം ചലനമറ്റ രീതിയിൽ ആശുപത്രിയിലാണ് .

 

ആമിറിന്റെ കൊലപാതകുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാഗേഷ് സമ്രാട്, റൈസ് പാസ്വാൻ ,ചൈതു മഹാൻതോ, സനോജ് മഹാൻതോ, വികാസ് , ദീപക് കുമാർ തുടങ്ങിയവർ ഹിന്ദുത്വസംഘടനകളുമായ് ബന്ധമുള്ളവരാണ്. ഹിന്ദു പുത്ര സംഘടൻ ദേശീയപ്രചാരക് ആണ് നാഗേഷ്.  ക്രിക്കറ്റ്ബാറ്റ് ഉപയോഗിച്ച് ആമിറിന്റെ തലക്ക് അടിച്ചു എന്നും പിന്നീടവൻ നിലത്തുവീണപ്പോൾ കത്തിയുപയോഗിച്ചു പലതവണയായി നെഞ്ചിലും അടിവയറ്റിലും കുത്തി എന്നും ദീപക് കുമാറും ചൈതുവും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആമിറിന്റെ ശരീരം ഒരു സൈക്കിൾ റിക്ഷയിലാണ് മൊഹല്ലയിൽ നിന്ന് കൊണ്ട് പോയത് എന്നും പിന്നീട് തെളിവ്നശിപ്പിക്കാൻ ശരീരംജലസ്രോതസ്സിലേക്ക് വലിച്ചെറിഞ്ഞു എന്നും അവർ കുറ്റസമ്മതംനടത്തി.

 

"ഈ സംഭവം കൊണ്ട് ഞങ്ങളെ ഭയപ്പെടുത്താൻ അവർക്ക് സാധിച്ചിട്ടില്ല. ഹാറൂൻ നഗറിലും ഒരു ഷഹീൻബാഗ് ഉയർന്നുവരുന്നുണ്ട്. പറ്റാവുന്ന വേദികളിലൊക്കെ ഞാൻ എന്റെ മകന്റെ രക്തസാക്ഷിത്വത്തെകുറിച്ച് സംസാരിക്കും. ഭയപ്പെടുത്തി കീഴ്പെടുത്തുവാനാണ് അവർ ശ്രമിക്കുന്നത് . എന്നാൽ ദേശവിരുദ്ധമായ ഈനിയമം പിൻവലിക്കുന്നത് വരെ നമ്മൾ തെരുവുകളിൽ നിന്ന് പിന്മാറില്ല. ഇസ്സത്തിനായുള്ള പോരാട്ടമാണിത്," ഇത്രയുംപറഞ്ഞുകൊണ്ട് യുനൈറ്റഡ് എ​ഗയ്ൻസ്റ്റ് ഹേറ്റ് ഡൽഹിയിൽ സംഘടിപ്പിച്ച മാർച്ചിലേക്ക് പങ്കെടുക്കാനായി സുഹൈൽ തയ്യാറെടുത്തു.

 

ഭരണഘടന സംരക്ഷിക്കുവാനായി സുഹൈൽ അഹ്മദ്മാർ തെരുവിൽ പോരാടുമ്പോൾ, അവർ അണിയറയിൽ ആമിർ ഹൻദലമാരെ ദേശിയപതാകയിൽ പുതപ്പിച്ചുകിടത്താനുള്ള പദ്ധതികൾ മെനയുകയാണ്.

 

ഫലസ്തീനിലെ പ്രശസ്ത കാർട്ടൂണിസ്റ്റായ നാജി അൽ അലിയുടെ കാർട്ടൂണിലെ സ്ഥിരസാന്നിധ്യമായ ഒരുമൊട്ടത്തലയനുണ്ട് -10 വയസ്സുകാരനായ ഹൻദല. ഫലസ്തീനികൾക്ക് നേരെ നടക്കുന്ന എല്ലാ മനുഷ്യത്വലംഘനങ്ങൾക്കും സാക്ഷ്യംവഹിക്കുന്നുണ്ട് ഹൻദല. മനസാക്ഷിയോട് കള്ളംപറയില്ല എന്നതാണ് ഹൻദലയുടെ പ്രത്യേകത . അപ്രിയ സത്യങ്ങൾ കണ്ട് കുട്ടിത്തത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെട്ടുപോയ റിബലാണ് ഹൻദല. ബിഹാറിലേ തെരുവിൽവച്ച് ആമിർ ഹൻദല കൊല്ലപ്പെടുന്നതിനും സാക്ഷ്യംവഹിച്ചിട്ടുണ്ടാകും ലോകത്തോട് പുറംതിരിഞ്ഞുകൈയും കെട്ടിനിൽക്കുന്ന ഈ മൊട്ടത്തലയൻ.

February 21, 2020, 12:53 pm

Advertisement

Advertisement