15 Thursday
April , 2021
8.56 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഒടുവിൽ മായാവിയായി ടൊവീനോ എത്തി; എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന തോന്നലിൽ നിന്നാണ് ആ മുഖങ്ങൾ പിറവിയെടുത്തതെന്ന് അനൂപ്


ഷിയാസ് ബിൻ ഫരീദ്

 

മലയാളി യുവതയുടെ ഏറ്റവും വലിയ ​ഗൃഹാതുരത്വങ്ങളിൽ ഒന്നാണ് മായാവിയും രാജുവും രാധയും കുട്ടൂസനും ലുട്ടാപ്പിയുമൊക്കെ. 1980-90-2000കളിലെ കുട്ടികളുടെ ഏറെ പ്രിയപ്പെട്ടവരായിരുന്നു ബാലരമയിലെ ഈ കഥാപാത്രങ്ങളൊക്കെ. മായാവി വായിക്കാനായി ആഴ്ച തോറും പത്രക്കാരനെ കാത്തിരിക്കുന്ന ഒരു ബാല്യമുണ്ടായിരുന്നു ഇന്നത്തെ യുവതയ്ക്ക്. പിന്നീട് കാലം മാറിയതോടെ, ബാലരമയിൽ മോഹന്റെ കഥയ്ക്ക് മോഹൻദാസ് കാർട്ടൂൺ മുഖം നൽകിയ മായാവിയും മറ്റു കഥാപാത്രങ്ങളും പുതിയ തലമുറയിലെ കുട്ടികൾക്കായി ആനിമേഷൻ രൂപത്തിൽ ഡിവിഡി കാസറ്റുകളായി നമ്മുടെ വീടുകളിലെത്തി.

 

ഇന്നിതാ അതിനെയെല്ലാ കവച്ചുവയ്ക്കുന്നൊരു രീതിയിൽ മായാവിയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുകയാണ് ഒരു കലാകാരൻ. കോട്ടയം സ്വദേശിയും ബം​ഗളുരുവിൽ ക്രിയേറ്റീവ് ഹെഡായി ജോലി നോക്കുകയും ചെയ്യുന്ന അനൂപ് വേലായുധനാണ് ലോകമൊട്ടാകെയുള്ള മലയാളികളുടെ ​പ്രിയപ്പെട്ട കഥാപാത്രങ്ങൾക്ക് ഡിജിറ്റൽ ആർട്ടിലൂടെ സിനിമാതാരങ്ങളുടെ മുഖം നൽകി ഞെട്ടിച്ചിരിക്കുന്നത്. എല്ലാവരും അതിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

 

മായാവിയായി ടൊവീനോ തോമസ്, കുട്ടൂസൻ- മാമുക്കോയ, ഡാകിനി- ഫിലോമിന, ലുട്ടാപ്പി- ബിജുക്കുട്ടൻ, രാജുവും രാധയും- കാളിദാസ് ജയറാം, നസ്രിയ നസീം, വിക്രമനും മുത്തുവും- ഷമ്മി തിലകനും രമേശ് പിഷാരടിയും, ലൊട്ടുലൊടുക്കും ​ഗുലു​ഗുലുമാലും- കോട്ടയം പ്രദീപും സലീം കുമാറും, പുട്ടാലു- ചെമ്പൻ വിനോദ് എന്നിങ്ങനെയാണ് കഥാപാത്രങ്ങൾക്ക് താരമുഖം നൽകിയിരിക്കുന്നത്. എല്ലാം നമ്മുടെ മനസിലുള്ള അതേ മുഖം. അത്രയേറെ യോജിച്ച മുഖങ്ങൾ.

 

തന്റെ മായാവി ഡിജിറ്റൽ ആർട്ട് പരമ്പരയെ കുറിച്ച് അനൂപ് ന്യൂസ്ടാ​ഗ് ലൈവുമായി സംസാരിക്കുന്നു

 

എങ്ങനെയാണ് ഇതിന്റെ തുടക്കം, എന്താണ് പ്രേരകം?

 

ഒന്നരമാസം മുമ്പാണ് ഞാൻ ഈ മായാവി പരമ്പരയുടെ പണി തുടങ്ങിയത്. മായാവി ചിത്രകഥയിലെ കഥാപാത്രങ്ങളെ ത്രീഡി രീതിയിൽ വരയ്ക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. അങ്ങനെ കുട്ടൂസനെ വരച്ചുനോക്കി. എന്നാൽ അതത്ര തൃപ്തിയായില്ല. വരയ്ക്കുന്ന ചിത്രം താൻ മാത്രം ആസ്വദിച്ചിട്ടു കാര്യമില്ലല്ലോ, രണ്ടു പേരെ കാണിച്ചാൽ അവർക്കും കൂടി അതൊരു ആസ്വാദ്യകരമായി തോന്നണം, കാരണം എല്ലാവരും ബാലമര വായിച്ചിട്ടുള്ളവരാണ്. അങ്ങനെയിരിക്കെയാണ് ബിജുക്കുട്ടന്റെ ഒരു ട്രോൾ മീം കണ്ടത്. അപ്പോൾ പെട്ടെന്ന് ബിജുക്കുട്ടന് ലുട്ടാപ്പിയുടെ ഫേസ് കട്ട് തോന്നി.

 

അങ്ങനെ കിട്ടിയൊരു ആശയമാണത്. അപ്പോൾ കുട്ടൂസനെ വരയ്ക്കൽ അവിടെ നിർത്തിയിട്ട് ലുട്ടാപ്പിയെ ഡിജിറ്റലായി വരയ്ക്കാൻ തുടങ്ങി. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമല്ലോ എന്ന ചിന്തയിൽ നിന്നായിരുന്നു ഇത്. കാരണം ഒരു കാലത്ത് കുട്ടികളെ വളരെയധികം സ്വാധീനിച്ച, അവരുടെയെല്ലാം പ്രിയപ്പെട്ട കഥാപാത്രങ്ങളായിരുന്നു മായാവിയിലേത്. ബിജുക്കുട്ടനെ വരച്ച് കുടുംബക്കാരെയും കൂട്ടുകാരെയും കാണിച്ചപ്പോൾ എല്ലാവർക്കും ഇഷ്ടമായി. എന്നാൽപ്പിന്നെ നമുക്ക് പരിചിതമായ താരങ്ങളെ വച്ച് ഈയൊരു രീതിയിൽ അവതരിപ്പിക്കാം എന്ന് വിചാരിച്ചു.

വരയുടെ സമയം? എന്തായിരുന്നു തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം? ആളുകൾ എങ്ങനെ സ്വീകരിച്ചു?

 

ഓഫീസിലെ ഫ്രീ ടൈമിലും ശനിയും ‍ഞായറുമൊക്കെയാണ് ഈ ചിത്രങ്ങൾ വരയ്ക്കാൻ ഉപയോ​ഗിച്ചത്. ലുട്ടാപ്പിക്കു പിന്നാലെ കുട്ടൂസനും ഡാകിനിയും വിക്രമനും മുത്തുവും പിറവിയെടുത്തു. കേവലം രൂപം മാത്രം നോക്കിയല്ല, മറിച്ച് പ്രേക്ഷകർക്കിടയിൽ ആ താരങ്ങളുണ്ടാക്കിയ കഥാപാത്ര സ്വീകാര്യതയും കൂടി നോക്കിയാണ് ഓരോരുത്തരേയും തെര‍ഞ്ഞെടുത്തത്. ഉദാഹരണത്തിന് ഷമ്മി തിലകൻ വില്ലൻ കഥാപാത്രങ്ങൾ മാത്രമല്ല, കോമഡിയും ചെയ്തിട്ടുണ്ട്. കൂട്ടുകാരും കുടുംബക്കാരും മാത്രം കണ്ട ഈ ചിത്രങ്ങൾ മറ്റുള്ളവർ കൂടി കണ്ട് അഭിപ്രായം തേടാം എന്ന് വിചാരിച്ച് ഫേസ്ബുക്കിലെ ഒരു സിനിമാ ചർച്ചാ ഗ്രൂപ്പിൽ ഇട്ടു. നെ​ഗറ്റീവ് കമന്റുകളും വിമർശനങ്ങളുമൊക്കെ പ്രതീക്ഷിച്ചാണ് അത് ചെയ്തത്.

 

എന്നാൽ, പെട്ടെന്ന് അവിടെ വൈറലായി, അവിടെ നിന്നാരോ മറ്റൊരിടത്ത് കൊണ്ടിട്ടു. അവിടെയും തരം​ഗമായി. ഉദ്ദേശിച്ച പോലെ നെ​ഗറ്റീവ് കമന്റുകളൊന്നും കിട്ടിയില്ല. പോസിറ്റീവായ അഭിപ്രായങ്ങൾ കിട്ടിയതോടെ പരമ്പര തുടർന്നു. അങ്ങനെയാണ് മറ്റു കഥാപാത്രങ്ങളെ കൂടി വരച്ചത്. ഒന്നരമാസത്തെ അധ്വാനത്തിന്റെ ഫലമാണ് ലുട്ടാപ്പിയിൽ നിന്നും മായാവിയിലേക്കുള്ള യാത്ര. ഓരോന്ന് വരയ്ക്കുമ്പോഴും നിരവധി പേർ വാട്ട്സ്ആപ്പിലൂടെയും നേരിട്ട് ഫോണിലൂടെയും വിളിച്ചും മെസേജയച്ചും അഭിനന്ദനങ്ങൾ അറിയിച്ചു. നല്ല നല്ല അഭിപ്രായങ്ങൾ പറഞ്ഞു. അങ്ങനെ വീണ്ടും വീണ്ടും വരയ്ക്കാനും തുടരാനും പ്രചോദനനമായി. 

നല്ല സന്തോഷമുണ്ട്. എങ്കിലും ചെറിയൊരു പേടിയുണ്ട്. കാരണം, ഇത്ര കാലം വളരെ കൂളായി നമുക്കിഷ്ടമുള്ളതുപോലെ വരച്ചുകൊണ്ടിരുന്നു. ഇനിയിപ്പോൾ എന്തെങ്കിലുമൊക്കെ വരച്ചിട്ടാൽ ആളുകൾ നെ​ഗറ്റീവ് സെൻസിൽ എടുക്കാനുള്ള സാധ്യതയുമുണ്ട്.

 

പലരും പല കഥാപാത്രങ്ങളും മറ്റു താരങ്ങളുടെ പേരുകളും നിർദേശിക്കുന്നുണ്ടല്ലോ? ഇനി മാറ്റിവരയ്ക്കുമോ?

 

കുറേപ്പേർ മായാവിയായി ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി വന്ന സൂ​രജിനെയും കുഞ്ചാക്കോ ബോബനെയുമൊക്കെ നിർദേശിച്ചു. കൂടുതൽ പേരും സൂരജിനെയാണ് നിർദേശിച്ചത്. എന്നാൽ ‍ഞാൻ നോക്കിയത് കൂടുതൽ മറ്റൊരു രീതിയാണ്. മായാവിയെന്നു പറയുമ്പോൾ മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ഒരു ഹീറോ പരിവേഷമുള്ള ആളാവണം. കുറച്ചുകൂടി റീച്ചുള്ള ആളാവണം. മാത്രമല്ല, ടൊവീനോയുടെ മിന്നൽമുരളി വരുന്നുണ്ട്. അപ്പോൾ ഒരു മിന്നൽ മായാവി എന്ന രീതിയിലാണ് ടൊവീനോയെ കൊണ്ടുവന്ന് മായാവിയാക്കിയത്. ഒരു സൂപ്പർ ഹീറോ ആം​ഗിളിൽ നിന്നാണ് ഞാൻ മായാവിയുടെ കഥാപാത്രത്തെ നോക്കിയത്. അതുകൊണ്ട് ടൊവീനോയെ വച്ചു എന്നു മാത്രം.

ഇതെന്റെ വ്യക്തിപരമായ ചോയ്സാണ്. ഇതിൽ മാറ്റമൊന്നുമില്ല. കുറെയധികം പേർ മായാവിയെ കൂടാതെ രാജുവും രാധയിലുമൊക്കെ മറ്റ് പലരേയും നിർദേശിച്ചിരുന്നു. അനശ്വരയെ ഒക്കെ പോലെ കുറച്ചുകൂടി ചെറുപ്പമുള്ള താരങ്ങളായാൽ നന്നായിരുന്നു എന്ന്. ഈ സാഹചര്യത്തിൽ, എന്നെ പിന്തുണച്ച നിരവധി പേരിൽ ഭൂരിഭാ​ഗം പേരും പറഞ്ഞ താരമുഖങ്ങളെ വച്ച് ഒരു ബദൽ വേർഷൻ പിന്നീട് സമയം കിട്ടുന്നതുപോലെ വരയ്ക്കും. കാരണം അവരുടെ നിർദേശങ്ങളെ കൂടി മാനിക്കണമല്ലോ. ഇത് പിന്നെ ഔദ്യോ​ഗികമായ കാര്യങ്ങളൊന്നും അല്ലല്ലോ. വ്യക്തിപരമായ ഒന്നല്ലേ.

 

പല താരങ്ങളും ഈ ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽമീഡിയകളിൽ ഷെയർ ചെയ്തിരുന്നല്ലോ? എന്ത് തോന്നുന്നു?

 

അതെ. രമേശ് പിഷാരടിയാണ് ആദ്യം ഷെയർ ചെയ്തത്. അതോടെ നല്ലൊരു മൈലേജ് കിട്ടി. പിന്നീട് ചെമ്പൻ വിനോദിട്ടു. ഷമ്മി തിലകനും ഷെയർ ചെയ്തു. പിന്നാലെ ബിജുക്കുട്ടനും കോട്ടയം പ്രദീപുമൊക്കെ ഷെയർ ചെയ്തു. ഇത്രയൊക്കെ സ്വീകാര്യമാവുമെന്നും ഇവരൊക്കെ ഷെയർ ചെയ്യുമെന്നും ഒരിക്കലും വിചാരിച്ചിരുന്നില്ല. നടന്മാരൊക്കെ ഇത് ഷെയർ ചെയ്തത് വിശ്വസിക്കാനായില്ല. കണ്ണൻസ്രാങ്കിന്റെ അവസ്ഥയായിരുന്നു (ചിരിക്കുന്നു). 

കുടുംബം, ജോലി...?

 

2005 മുതൽ ബാം​ഗ്ലൂരാണ്. ഒരു ഇ-കൊമേഴ്സ് കമ്പനിയിൽ ക്രിയേറ്റീവ് ഹെഡായി ജോലി നോക്കുന്നു. കോട്ടയം ദേവലോകത്തിനടുത്ത് കൊല്ലാട് എന്നയിടത്തായിരുന്നു വീട്. അച്ഛൻ മരിച്ചതോടെ രണ്ടു വർഷം മുമ്പ് ഏറ്റുമാനൂരിലേക്ക് മാറി. എന്നാൽ ഞാൻ ഭാര്യയ്ക്കും മകനുമൊപ്പം ബാ​ഗ്ലൂരാണ് താമസം. ഡ‍ിസൈനറായാണ് തുടക്കം. 12 വർഷം ഡിജിറ്റൽ മാർക്കറ്റിങ്ങിലായിരുന്നു. പിന്നീട് ഇ- കൊമേഴ്സ് മേഖലയിലേക്ക് മാറി. 

 

ഭാര്യയും മകനും കൂട്ടുകാരുമൊക്കെ വലിയ പിന്തുണയാണ് വരയ്ക്ക് നൽകിയത്. ഒരുപാട് ക്ഷമ വേണ്ട വരയാണിത്. ആ ഒരു സാഹചര്യം വീട്ടിലുള്ളത് കൊണ്ട് വരയ്ക്കാൻ പറ്റി.

മറ്റെന്തൊക്കെ മേഖലകളാണ് വരയുമായി ബന്ധപ്പെട്ടുള്ളത്? എപ്പോഴാണ് വരയുടെ തുടക്കം? സമ്മാനങ്ങൾ, പുരസ്കാരങ്ങൾ?

 

ഇത് ഡിജിറ്റലാണ്. കൂടാതെ അക്രലിക്, ഓയിൽ, പെൻസിൽ, വോൾ ആർട്ട് എന്നിവയാണുള്ളത്. ഇവയിൽ നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിൽ വരയ്ക്കുമായിരുന്നു. അന്ന് പെൻസിലായിരുന്നു. പിന്നീട് ജോലി തുടങ്ങിയ ശേഷം 15 വർഷം ​ഗ്യാപ് വന്നു. തുടർന്ന് 2016 ലാണ് വര പുനരാരംഭിച്ചത്. വീണ്ടും തുടങ്ങിയത് പെൻസിൽ പോർ‍ട്രൈറ്റായിരുന്നു. അപ്പോൾ പഴയ കഴിവ് പോയിട്ടില്ലെന്ന് മനസിലായി. പിന്നീട് ഡിജിറ്റൽ പോർട്രൈറ്റിലേക്ക് മാറി. തുടർന്ന് മറ്റുള്ളവയിലേക്കും. 

 

സ്കൂൾ കാലഘട്ടത്തിൽ സമ്മാനം കിട്ടിയിരുന്നു. പിന്നീട് പ്രൊഫഷണൽ കോളേജ് കാലത്ത് കൊല്ലത്ത് ടികെഎം കോളേജിൽ ഒരു കൾച്ചറൽ ഫെസ്റ്റിന് പോയപ്പോൾ ക്യാരിക്കേച്ചറിന് ഫസ്റ്റ് കിട്ടിയിരുന്നു. അവസാനമായി കിട്ടിയ സമ്മാനം അതാണ്. അത് ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രൊഫഷണൽ കോളേജുകളുടെ മീറ്റായിരുന്നു. 1997ലായിരുന്നു അത്. പിന്നീട് ജോലിയിൽ പ്രവേശിച്ചതോടെ വരയൊക്കെ വിട്ടു. 

മായാവി പരമ്പര പോലെ പുതിയ എന്തെങ്കിലും ആശയം വരയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?

 

ഇതുപോലെ തന്നെ മറ്റൊരു ആശയം മനസിൽ ഉണ്ട്. കുറച്ചുകൂടി പ്ലാൻ ചെയ്തു ചെയ്യേണ്ടൊരു വർക്കാണത്. എന്തായാലും വരും.

February 22, 2021, 15:34 pm

Advertisement

Advertisement