മനാമ: ബഹ്റയിനിൽ 513 പേർക്കു കൂടി കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം. ഒരാൾ രോഗംബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 6583 ആയും മരിച്ചവരുടെ എണ്ണം 12 ആയും വർധിച്ചു. 53കാരനായ പ്രവാസിയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് ഗുരുതരമായ മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
418 പേർ രോഗമോചിതരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 2640 ആയി ഉയർന്നു.
അതിനിടെ ബഹ്റയ്ൻ സർക്കാർ ബിവേർ എന്ന പേരിൽ ആൻഡ്രോയ്ഡിലും ഐഒഎസിലും പ്രവർത്തിക്കുന്ന കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. വൈറസ് ബാധിതരുടെ അടുത്തെത്തിയാലും വൈറസ് ബാധിതർ സന്ദർശിച്ച കേന്ദ്രങ്ങളിലെത്തിയാലും മുന്നറിയിപ്പ് നൽകുന്നതാണ് ആപ്ലിക്കേഷൻ. ഇതിനു പുറമെ ക്വാറന്റൈൻ നിഷ്കർഷിക്കപ്പെട്ടവരുടെ നീക്കങ്ങളും ആപ്ലിക്കേഷൻ നിരീക്ഷിക്കും.
ഐസൊലേറ്റ് ചെയ്യപ്പെട്ടവർക്ക് അധികൃതർ നൽകിയിരിക്കുന്ന ഇ-ബ്രേസ് ലെറ്റുകൾ ആണ് ആപ്ലിക്കേഷൻ നിരീക്ഷിക്കുന്നത്. 4194 ഇ ബ്രേസ് ലെറ്റുകളാണ് ഇതുവരെ അധികൃതർ വിതരണം ചെയ്തത്.
May 16, 2020, 17:20 pm