കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തതിനു പിന്നാലെ അവയുടെ പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയിൽ ഭിന്നത. സമിതിയിൽ നിന്നും കാർഷിക സാമ്പത്തിക വിദഗ്ധൻ ഭൂപീന്ദർ സിങ് മാൻ പിന്മാറി. പഞ്ചാബിലെ കർഷകരുടെ താൽപര്യം പരിഗണിച്ച് സമിതിയിൽ നിന്ന് താൻ പിന്മാറുകയാണെന്ന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സംഘത്തിലെ അംഗമായ ഭൂപീന്ദർ സിങ് അറിയിച്ചു.
ഭാരതീയ കിസാൻ യൂണിയന്റെ അധ്യക്ഷൻ ആണ് ഭൂപീന്ദർ സിങ്. കർഷകരുടെ ഒപ്പം നിൽക്കുകയാണെന്നും യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും തയാറാവാൻ സാധിക്കില്ലെന്നും ഭൂപീന്ദർ സിങ് പറഞ്ഞു. സമിതിയിൽ ഉൾപ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ട്. കർഷകനെന്ന നിലയിലും കാർഷിക യുണിയൻ നേതാവെന്ന നിലയിലും കർഷകരുടെ വികാരം എനിക്ക് മനസിലാക്കാനാവും.
ഈയൊരു സാഹചര്യത്തിൽ എനിക്ക് ലഭിച്ച പദവി ഉപേക്ഷിക്കാൻ തയാറാണ്. പഞ്ചാബിലെ കർഷകരുടെ താൽപര്യങ്ങളെ തനിക്ക് ഉപേക്ഷിക്കാനാവില്ലെന്ന് ഭൂപീന്ദർ സിങ് മാൻ പറഞ്ഞു. അതേസമയം, ഭൂപീന്ദർ സിങ് മാൻ സമിതിയിൽ നിന്ന് പിന്മാറുകയാണെന്ന് ഭാരതീയ കിസാൻ യൂണിയനും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് കർഷക പ്രശ്നം പരിഹരിക്കാൻ സുപ്രീംകോടതി നാലംഗ സമിതിയെ നിയോഗിച്ചത്. എന്നാൽ, സമിതിക്കെതിരെ രൂപീകരണവേളയിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.
നേരത്തെ കേന്ദ്ര കാർഷിക മന്ത്രി അടക്കമുള്ളവരെ സമീപിച്ച് കാർഷിക നിയമങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ആളായിരുന്നു ഭൂപീന്ദർ സിങ്. തുടർന്ന് കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ പഠിക്കാനുള്ള സമിതിയുടെ മധ്യസ്ഥത വഹിക്കാൻ സിങ്ങിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സമിതിയിൽ നിന്നും ഭൂപീന്ദർ സിങ് പിന്മാറുന്നത്.
പഞ്ചാബിൽ നിന്ന് വലിയ തോതിലുള്ള വിമർശനങ്ങളും പ്രതിഷേധവും ഭൂപീന്ദർ സിങ് നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കർഷക സമരത്തിനൊപ്പം നിൽക്കാനും സമിതിയിൽ നിന്ന് പിന്മാറാനും ഭൂപീന്ദർ സിങ് തീരുമാനിക്കുന്നത്.
January 14, 2021, 16:51 pm