സ്തനസൗന്ദര്യചികിൽസയ്ക്കു(ബ്രസ്റ്റ് ഇംപ്ലാന്റ്)വിധേയരാവുന്നതിനു മുമ്പ് സ്ത്രീകൾക്ക് അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കണമെന്ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ്. ക്ഷീണം, സന്ധിവേദന, അപൂർവ അർബുദത്തിനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ ബ്രസ്റ്റ് ഇംപ്ലാന്റിനു ശേഷം ഉണ്ടാവുമെന്ന് ചികിൽസയ്ക്കു വിധേയരാവുന്നതിനു മുമ്പ് സ്ത്രീകളെ ബോധവൽക്കരിക്കണമെന്നാണ് മുന്നറിയിപ്പ്.
ഇംപ്ലാന്റ്സ് പാക്കേജുകൾക്കു മുകളിൽ ഇത്തരം മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണമെന്ന് നിർമാതാക്കൾക്ക് അധികൃതർ നിർദേശം നൽകി. സ്തന സൗന്ദര്യ ചികിൽസയ്ക്ക് വിധേയരാവുന്നവരിൽ ഉയർന്ന തോതിൽ ഓട്ടോഇമ്യൂൺ രോഗ(പ്രതിരോധ സംവിധാനം ശരീരത്തെ ആക്രമിക്കുന്ന അവസ്ഥ)ത്തിന് കാരണമാവുന്നുണ്ടെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഡിഎ മുന്നറിയിപ്പ്.
ലക്ഷക്കണക്കിന് സ്ത്രീകളാണ് സ്തനവലിപ്പം കൂട്ടുന്നതിനും അർബുദത്തിനു ശേഷം നീക്കം ചെയ്ത സ്തനങ്ങൾക്കു പകരമായും ബ്രസ്റ്റ് ഇംപ്ലാന്റ് രീതി അവംലബിക്കാറുള്ളത്. 2018ൽ 3,13,000 സ്ത്രീകൾ സ്തനവലിപ്പം കൂട്ടാനുള്ള ശസ്തക്രിയയ്ക്ക് വിധേയരായെന്നാണ് കണക്ക്. ഒരുലക്ഷത്തിലേറെ പേർ അർബുദത്തെ തുടർന്ന് നീക്കം ചെയ്ത സ്തനങ്ങൾ പുനസ്ഥാപിക്കുന്ന ചികിൽസയ്ക്കും വിധേയരായി. ശസ്ത്രക്രിയയ്ക്ക് വിധേയരായവരിൽ ആയിരക്കണക്കിനു പേർക്കാണ് സന്ധിവേദനയും തളർച്ചയും ഉൾപ്പെടെയുള്ള രോഗാവസ്ഥയുണ്ടായത്.
ബ്രസ്റ്റ് ഇംപ്ലാന്റ് ചികിൽസയ്ക്കു വിധേയരായ ശേഷം ബുദ്ധിമുട്ടുകൾ നേരിടുന്നവർ മാർച്ച് മാസത്തിൽ ഉപദേശക സമിതി മുമ്പാകെ ഹാജരായി തങ്ങളുടെ പരാതികൾ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഡിഎ ചെക് ലിസ്റ്റ് തയ്യാറാക്കിയതും നിർമാതാക്കൾക്ക് വിവിധ നിർദേശങ്ങൾ കൈമാറിയതും.