പത്തനംതിട്ട: ജനതാ കര്‍ഫ്യൂവിന്റെ പേരില്‍ സദാചാര പൊലീസ് ചമഞ്ഞ് വഴിയാത്രക്കാരെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്കെതിരെ കേസെടുത്തു. പ്രകാശ് ഇഞ്ചത്താനം എന്നയാൾക്കെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ പത്തനംതിട്ട പ്രസ് ക്ലബ്ബ് കളക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയിരുന്നു. ഓൺലൈൻ ചാനൽ എന്ന പേരിലാണ് ഇയാൾ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. സെന്‍ട്രല്‍ ജങ്ഷന് വഴി അത്യാവശ്യ കാര്യങ്ങള്‍ക്ക് പോയ ആളുകളെയാണ് ഇയാള്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തത്. 'പ്രധാനമന്ത്രി പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ എന്താണ് പങ്കെടുക്കാത്തത്, എന്തുകൊണ്ട് നിങ്ങളീ കർഫ്യൂ സമയത്ത് ഇറങ്ങി നടന്നു, എന്തിനാണ് പുറത്തിറങ്ങിയത്' എന്നൊക്ക ചോദിച്ച് ഇയാള്‍ ആളുകളോട് ദേഷ്യപ്പെടുകയും ആക്രോശിക്കുകയുമായിരുന്നു.
ഇതിനിടെ, ബൈക്കിലെത്തിയ ആൾ പൊലീസുകാരനാണെന്നറിയാതെ ചോദ്യം ചെയ്യുകയും വെച്ചൂച്ചിറ സ്റ്റേഷനിലെ പൊലീസാണെന്ന് പറയുകയും ചെയ്യുന്നതോടെ ഇയാൾ പരുങ്ങലിലാവുകയും ചെയ്യുന്നു. ഒടുവിൽ നടന്നുവരുന്ന മറ്റൊരാൾ 'ചേട്ടനെന്തിനാ ഇറങ്ങിയേ, ചേട്ടന് പെരക്കകത്ത് കയറി ഇരിക്കാൻ മേലേ, ചേട്ടന് ഇറങ്ങാമോ' എന്നു തിരിച്ചുചോദിക്കുന്നതോടെ ഇയാൾക്ക് പിന്നീടൊന്നും മിണ്ടാൻ പറ്റാതാവുകയായിരുന്നു.
തുടർന്ന്, 'ഇതാണ് ജനങ്ങളുടെ പ്രതികരണം' എന്നു പറഞ്ഞ് വീഡിയോ ഷൂട്ടിങ് അവസാനിപ്പിച്ച് പ്രകാശ് ഇഞ്ചത്താനം തടിതപ്പുകയായിരുന്നു. ഇയാൾ പ്രചരിപ്പിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
March 23, 2020, 10:54 am