മോഷ്ടാവിനെ കഴുത്തുഞെരിച്ചുകൊന്നതിന് ഗൃഹനാഥൻ അറസ്റ്റിലായി. ഇടുക്കി ഉടുമ്പൻചോലയ്ക്ക് സമീപം ചെമ്മണ്ണാറിൽ കഴിഞ്ഞദിവസം മോഷണ ശ്രമത്തിനിടെ നടന്ന മൽപ്പിടുത്തത്തിൽ മോഷ്ടാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് വീട്ടുടമയായ കൊന്നപറമ്പിൽ രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്.
സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് രാജേന്ദ്രന്റെ വീടിനു സമീപത്തുള്ള മറ്റൊരു വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശബ്ദംകേട്ടുണർന്ന താൻ മോഷണം തടയാൻ ശ്രമിച്ചപ്പോൾ ജോസഫ് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് രാജേന്ദ്രൻ നേരത്തേ പറഞ്ഞിരുന്നു. മൽപ്പിടുത്തത്തിൽ പരിക്കേറ്റ് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ രാജേന്ദ്രൻ ചികിൽസ തേടുകയും ചെയ്തിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ ജോസഫിന്റേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും കണ്ടെത്തിയതോടെയാണ് രാജേന്ദ്രനെതിരേ നടപടിയുണ്ടായത്. ജോസഫിന്റെ കഴുത്തിലെ എല്ലുകൾ പൊട്ടി ശ്വാസനാളിയിൽ കയറി ശ്വാസതടസ്സമുണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപോർട്ട് .
ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് രാജേന്ദ്രന്റെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലായിരുന്നു ജോസഫ് മോഷ്ടിക്കാൻ കയറിയത്. വീടിൻറെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി മൊബൈൽ ഫോൺ നിലത്തു വീണു. ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചു. പിന്തുടർന്ന് എത്തിയ ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. മൽപ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്.
July 07, 2022, 12:44 pm