ഉയ്ഗൂർ മുസ് ലിംകൾക്കെതിരേ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾക്കെതിരേ ശബ്ദമുയർത്തിയ വിദേശ ബ്രാൻഡുകൾക്ക് ചൈനയിൽ കാഴ്ചാ വിലക്ക്.ടി ഷർട്ടുകൾ മുതൽ ഷൂസുകൾ വരെയുള്ള ബ്രാൻഡുകൾക്കാണ് ടെലിവിഷനിൽ കാഴ്ചാവിലക്കേർപ്പെടുത്തിയിരിക്കുന്നത്.എച്ച്ആന്റ്എം, നൈക്ക്, അഡിഡാസ് തുടങ്ങിയ ബ്രാൻഡുകൾ പ്രേക്ഷകർക്ക് കാണാനാവാത്ത വിധമാണ് ടെലിവിഷനുകളിൽ പ്രദർശിപ്പിക്കുന്നത്.
അതേസമയം സിൻജിയാങിൽ ഉൽപ്പാദിപ്പിക്കുന്ന പരുത്തിയെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് ചൈനയുടെ വിശദീകരണം.
ഉയ്ഗൂർ പ്രവിശ്യയിലുള്ള ചൈനീസ് വസ്ത്രനിർമാണ കമ്പനികളുമായി സഹകരിക്കില്ലെന്ന് എച്ച്ആന്റ്എം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന പ്രദേശമാണ് സിൻജിയാങ് ഉയ്ഗൂർ ഓട്ടോണമസ് റീജ്യൻ.
ചൈനീസ് വിമർശനം നടത്തിയ വിദേശ ബ്രാൻഡുകൾ ധരിച്ചുള്ള ചൈനീസ് സെലിബ്രിറ്റികളുടെ ടെലിവിഷൻ ഷോകൾ പ്രക്ഷേപണം ചെയ്യുമ്പോൾ ഇത്തരം ബ്രാൻഡുകൾ പ്രേക്ഷകർ കാണാത്തരീതിയിൽ അദൃശ്യമാക്കിയാണ് പ്രദർശിപ്പിക്കുന്നത്. ഉയ്ഗൂർ മുസ് ലിംകൾക്കെതിരേ ചൈനീസ് സർക്കാർ നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങൾ ചോർന്ന സാഹചര്യത്തിലായിരുന്നു വിദേശ ബ്രാൻഡുകൾ നടപടിയെ അപലപിച്ചു രംഗത്തെത്തിയത്.
April 07, 2021, 18:34 pm