20 Monday
January , 2020
5.08 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

സുഗതകുമാരിക്ക് ഒരു തുറന്നകത്ത്: ജെ ദേവിക

November 07, 2018, 10:11 am

പ്രിയ കവയത്രി

നിങ്ങളെ പലരും അമ്മയെന്നും ടീച്ചർ എന്നും അഭിസംബോധന ചെയ്തു കാണുന്നു.

 ഈ രണ്ടു നിലകളും മത്സരത്തിൻറെയും അധികാരത്തിൻറെയും ലോകത്തിനു മീതെയാണെന്ന് കരുതുന്നുമില്ല. മകളെ സുഖസൌകര്യങ്ങൾക്കു വേണ്ടി പണയം വയ്ക്കുന്നവരും നാട്ടുകാരുടെ മുന്നിൽ സൽപ്പേരു നിലനിർത്താൻ വേണ്ടി ഇഞ്ചിഞ്ചായി കൊല്ലുന്നവരുമായ അമ്മമാർ ഒരുപാടു പേരെ ഈ ജീവിതത്തിൽ ഇതിനോടകം കണ്ടു കഴിഞ്ഞു. വിദ്യാർത്ഥിനികളെ മരണത്തിലേക്കു തള്ളവിട്ടത് ലോകത്തോട് ചെയ്ത വലിയ സേവനമായിക്കണ്ട് സ്വയം അഭിനന്ദിക്കുന്ന ടീച്ചർമാർ ഈ നാട്ടിൽ ഒരുപാടുണ്ട്.ഇങ്ങനെയൊന്നുമല്ലെങ്കിലും  താങ്കളെ അമ്മയോ ടീച്ചറോ ആയി സങ്കല്പിക്കുംപോൾ ഒരു അധികാരമൂർത്തിയാണ് എൻറെ കണ്ണിൽ തെളിയുന്നത്.

താങ്കൾ ഈ അതിക്രൂരവും അന്യായവുമായ അധികാരവ്യവസ്ഥയോട് ചേർന്നുനിന്നുകൊണ്ട്, അതിൻറെ അധികാരത്തിൻറെ പങ്ക് കൊതിയോടെ നുണഞ്ഞുകൊണ്ട്, അതിൻറെ ആയുധമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് പണ്ടേ തോന്നിയിട്ടുണ്ട്. ഇടതും വലതും നിങ്ങളെ ഈ നാട്ടിൽ പൂജിച്ചാനയിച്ച് സ്ത്രീകളുടെ മേലുള്ള ധാർമ്മികാധികാരം താങ്കൾക്കു കല്പിച്ചു തന്നിട്ടുണ്ടെങ്കിൽ  അത് താങ്കൾ ഇവിടുത്തെ സദാചാരഭൂരിപക്ഷത്തിൻറെ തലതൊട്ടമ്മയാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ്. 

വാർദ്ധക്യം വല്ലാത്ത അവസ്ഥയാണ്. സത്യത്തിൽ അതിനു പ്രായവുമായി ഒരു ബന്ധവുമില്ല. നിങ്ങളിലൂടെ പ്രവഹിക്കുന്ന കവിതയ്ക്ക്, ഉദാഹരണത്തിന്, നിത്യയൌവനമാണ്. കവിത നിങ്ങളിലൂടെ പ്രവഹിക്കുന്നുവെന്നത് സത്യമാണ്. വാർദ്ധക്യം ബാധിച്ചിരിക്കുന്നത് നിങ്ങളുടെ ധാർമ്മികബോധത്തിനാണ്.

 പക്ഷേ കവിത നിങ്ങളിലൂടെ മാത്രമല്ല പ്രവഹിക്കുന്നത്. നിങ്ങളിലൂടെ കവിതയെ കാണാൻ ഇടയായി എന്നതു സത്യം. പക്ഷേ നിങ്ങളെക്കാൾ ആ പ്രവാഹവേഗത്തിൻറെ ശക്തിയെ ആത്മാവിലേക്ക് ആവാഹിച്ച  സ്ത്രീകളായ കവികളെ എത്രയോ കണ്ട് അത്ഭുതപ്പെട്ടുപോയിരിക്കുന്നു പിന്നെ. കവിതയും ധാർമ്മികബോധവും പരസ്പരം പുണർന്നു വളരുന്ന എത്രയോ മഹതികളെ വായിക്കാൻ ഭാഗ്യമുണ്ടായിരിക്കുന്നു.

ഇന്ത്യയിൽത്തന്നെ അങ്ങനെയുള്ള സ്ത്രീകളായ കവികളുടെ മഹത്തായ പാരംപരയാണുള്ളത് - മറാഠിയിലും കന്നടത്തിലും കശ്മീരിയിലും വടക്കേയിന്ത്യൻ നാട്ടുഭാഷകളിലും - ബാഹിന ബായ്, മീര, ജനാ ബായ്, അക്ക മഹാദേവി, ആണ്ടാൾ, ലല്ലേശ്വരി .  അവരെക്കാൾ എത്രയേ മുൻപ്, ബുദ്ധസന്യാസിനികളുടെ ഥേരീഗാഥ.

കവിതയുടെ സാന്നിദ്ധ്യമുണ്ടെങ്കിലും താങ്കൾ ആ താവഴിയുടേതല്ല. ചീഞ്ഞളഞ്ഞ ബ്രാഹ്മണ വ്യവസ്ഥയിൽ ബ്രാഹ്മണ  പുരുഷാധികാരത്തെ ചോദ്യം ചെയ്തു മാത്രമേ, ആ വ്യവസ്ഥ വച്ചുനീട്ടുന്ന സുഖ സൌകര്യത്തെ തള്ളിക്കളഞ്ഞാൽ മാത്രമേ,  ഈ ജഡജീവിത്തിൽ നിന്ന് രക്ഷപ്പെടാനാവൂ എന്ന തിരിച്ചറിവാണ്  ഈ താവഴിയിലുള്ളവരെ  കൂട്ടിയിണക്കിയത്. താങ്കളോ, ഇവിടുത്തെ സവർണ സദാചാര ഭൂരിപക്ഷത്തിൻറെ ചട്ടുകം മാത്രം എന്നു തോന്നിപ്പോകുന്നു, പ്രസ്താവന കാണുംപോൾ. ആ മഹതീപാരംപര്യത്തിൽ കേരളത്തിൽ നിന്ന് ചേർക്കാനാവുന്ന നാമം കമല സുരയ്യയുടേതാണ്. ആ വെളിച്ചത്തിൻറെ മുന്നിൽ താങ്കൾ കണ്ണഞ്ചിനിന്ന് കറങ്ങുന്നത് ഞാൻ കണ്ടിട്ടുമുണ്ട്.

ഇന്ത്യൻ ഫെമിനിസത്തിൻറെ വേരുകൾ ഈ മഹതീപാരംപര്യത്തിലാണ്, അല്ലാതെ, ഇവിടുത്തെ ഹിന്ദുത്വവലതുപക്ഷം സങ്കല്പിക്കും പോലെ വല്ല വിദേശത്തുമല്ല. വിക്ടോറിയൻ മൂല്യങ്ങളിലൂടെ അധീശത്വത്തെ തിരിച്ചറിയാൻ പോലും കഴിയാതെ അതിനെ പാരംപര്യമായി അംഗീകരിക്കുന്ന ഈ ദുഷ്ട-വിഡ്ഢിക്കൂട്ടങ്ങളെ വ്യക്തമായും തള്ളിക്കളയാൻ പറ്റുന്നില്ലെങ്കിൽ, അത് ഇന്ത്യൻ മഹതീപാരംപര്യത്തിന്  താങ്കൾ അന്യയായതു കൊണ്ടാണ്.

ഈ നാറിയ,  കരുണയറ്റ ആണധികാരക്കൂട്ടങ്ങൾ വച്ചുനീട്ടുന്ന അംഗീകാരങ്ങളെ പുണർന്നു താങ്കൾ കഴിഞ്ഞുകൊള്ളുക. സദാചാരഭൂരിപക്ഷത്തെ ധീരമായി നേരിട്ടാണ് ഞങ്ങൾക്കു ശീലം. താങ്കളുടെ യാതൊരഭിപ്രായവും ഞങ്ങൾക്കു കേൾക്കണ്ട.  താങ്കളിലൂടെ പ്രവഹിച്ച കവിതയെ വണങ്ങിയെന്നു കരുതി താങ്കളെ വണങ്ങാൻ കഴിയില്ല.

November 07, 2018, 10:11 am

Advertisement