കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ അടിയന്തരാവസ്ഥയിലേക്ക്. തായ്ലാന്റിൽ പ്രധാനമന്ത്രി പ്രയുത് ചാൻ ഒച ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വരിക.
ബ്രിട്ടനിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ അടച്ചുപൂട്ടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിർദേശം നൽകി. ജനങ്ങളോടു വീടുകളിൽ തന്നെ തുടരണമെന്നും അകാരണമായി പുറത്തിറങ്ങരുതെന്നും നിർദേശത്തിൽ പറയുന്നു. രണ്ടിൽ അധികം പേർ ഒത്തുകൂടുന്നത് നിരോധിച്ചു. നിയമലംഘകർക്കെതിരേ പോലിസ് പിഴശിക്ഷകൾ സ്വീകരിക്കും.
ജർമനിയിൽ കഴിഞ്ഞ ഒരുദിവസം മാത്രം അയ്യായിരത്തോളം വൈറസ് ബാധിത കേസുകളാണ് റിപോർട്ട് ചെയ്തത്.
ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപോർട്ട് ചെയ്തിരിക്കുന്നത്. 63927 പേർക്ക് വൈറസ് ബാധിച്ചപ്പോൾ 6077 പേർക്കാണ് ജീവൻ നഷ്ടമായത്. 3204 പേർ രോഗബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
സ്പെയിനിലും ഇറാനിലും അമേരിക്കയിലും ഫ്രാൻസിലുമൊക്കെ വൈറസ് അതിവേഗമാണ് പടർന്നുപിടിക്കുന്നത്. അമേരിക്കയിൽ കഴിഞ്ഞ ഒരുദിവസം മാത്രം 2411 പേർക്കാണ് വൈറസ് ബാധിച്ചത്.
യുഎസിൽ പ്രമുഖ വിമാനസർവീസുകളെല്ലാം സ്വമേധയാ നിർത്തിവച്ചിരിക്കുകയാണ്. കാലിഫോർണിയ, ന്യൂയോർക്ക്, വാഷിങ്ടൺ നഗരങ്ങളിലെ 8 കോടി ജനങ്ങളോട് വീടുകളിൽ തന്നെ കഴിയണമെന്ന നിർദേശം നൽകിയിട്ടുണ്ട്.
ആഗോളതലത്തിൽ 381638 പേർക്ക് കൊറോണ വൈറസ് ബാധിക്കുകയും 16557 പേർ മരിക്കുകയും ചെയ്തു.
ആഗോളതലത്തിൽ 381638 പേർക്ക് കൊറോണ വൈറസ് ബാധിക്കുകയും 16557 പേർ മരിക്കുകയും ചെയ്തു. 195 രാജ്യങ്ങളിലും ഡയമണ്ട് പ്രിൻസസ് എന്ന യാത്രാകപ്പലിലുമാണ് ഇതുവരെ വൈറസ് ബാധ റിപോർട്ട് ചെയ്തിരിക്കുന്നത്.