കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ (22) സിപിഐഎം പ്രവർത്തകർ വെട്ടിക്കൊന്ന സംഭവത്തിൽ നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ മകന്റെ ഫേസ്ബുക് പോസ്റ്റ് വിവാദമാകുന്നു. 'ഇരന്ന് വാങ്ങുന്നത് ശീലമായിപോയി...' എന്നാണ് ജെയിൻ രാജ് ഫേസ്ബുക്കിൽ കുറിച്ചത്. കൊലപാതകത്തെ ന്യായീകരിക്കുന്ന ഈ പോസ്റ്റ് വലിയ വിവാദമായിട്ടുണ്ട്. ഈ പോസ്റ്റിനെ അനുകൂലിച്ച് സിപിഐഎം പ്രവർത്തകർ കൊലവിളിയും നടത്തുന്നുണ്ട്.
'കാലത്തിന്റെ കണക്കുപുസ്തകത്തില്‍ നിങ്ങളെഴുതിയ ഓരോ കണക്കുകളും നിന്റെയൊക്കെ ചോര കൊണ്ടുതന്നെ തിരുത്തിയെഴുതും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല' എന്നാണ് രാജീവ് മേലേവീട്ടില്‍ എന്നയാളുടെ കമന്റ്. 'ഇതുവരെ പാടത്ത് പണിയെടുത്തവര്‍ വരമ്പത്ത് കൂലി വാങ്ങിപോവേണ്ടതാണ്' എന്നാണ് മറ്റൊരാളുടെ കമന്റ്. 'ഇടതുപക്ഷത്തെ കേറിയങ്ങ് ചൊറിയാമെന്ന് കരുതേണ്ട്, ഇനിയല്പം മൂര്‍ച്ച കൂടുതലാണ് നമുക്ക്' എന്നാണ് അന്‍ഷാദ് എന്നയാളുടെ കമന്റ്.
'ഇലക്ഷന് മുമ്പ് ചൊറിയാന്‍ ചെന്നതുപോലെ ചൊറിയാന്‍ ചെന്നതാണ്. ഇലക്ഷന് കഴിഞ്ഞു. ഇനി വരമ്പത്ത് കൂലിയാണ് എന്നാണ് ഷിജു പള്ളിക്കല്‍ എന്നയാളുടെ കമന്റ്. ഇത്തരത്തില്‍ കൊലയെ ന്യായീകരിക്കുകയും ഇനിയും ആവര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിരവധി കമന്റുകളാണ് പി ജയരാജന്റെ മകന്റെ പോസ്റ്റിനടിയില്‍ ഉള്ളത്.
അതേസമയം, കൂത്തുപറമ്പിലേത് ആസൂത്രിത കൊലപാതകമാണെന്നതിന് തെളഇവാണ് ഫേസ്ബുക്ക് പോസ്റ്റെന്ന് യൂത്ത് കോൺഗ്രസ് നേതാവ് പി കെ ഫിറോസ് പ്രതികരിച്ചു.
അതേസമയം, 1999ൽ ആർഎസ്എസ് ആക്രമണത്തിന് ഇരയായ പിതാവ് പി ജയരാജനും ഇത്തരത്തിൽ ഇരന്നുവാങ്ങിയതാണെന്ന് മകൻ പറയുമോ എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്. 2014ൽ ബിജെപി നേതാവ് മനോജ് കൊല്ലപ്പെട്ട സമയത്തുള്ള ജെയിൻ രാജിന്റെ പോസ്റ്റും വിവാദമായിരുന്നു.
ഇന്നലെ രാത്രി എട്ടു മണിയോടെ മൻസൂറിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. വീടിനു മുമ്പിൽ ബോംബെറിഞ്ഞ് ഭീതിയുണ്ടാക്കിയ ശേഷം മൻസൂറിനെ വടിവാളു കൊണ്ട് വെട്ടുകയായിരുന്നു. കാലിനു വെട്ടേറ്റ മൻസൂർ രക്തം വാർന്നാണ് മരിച്ചത്. ഇതോടൊപ്പം സഹോദൻ മുഹ്സിനും (27) ഗുരുതര പരിക്കേറ്റിരുന്നു. ഇരുവരേയും അക്രമിച്ച ഡിവൈഎഫ്ഐ-സിപിഐഎം സംഘത്തിൽ 20 പേരുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മറ്റൊരു സംഘം വടിവാൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമികളുടെ ലക്ഷ്യം മുഹ്സിന് ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്സിന്. മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്നപ്പോഴാണ് സഹോദരൻ മൻസൂറിന് വെട്ടേറ്റത്.
മുഹ്സിനെതിരെ അക്രമമുണ്ടായപ്പോള്‍ തടയാനാണ് മന്‍സൂര്‍ എത്തിയത്. ആ സമയത്ത് മന്‍സൂറിന്റെ കാല്‍മുട്ടിന് വടിവാളുകൊണ്ട് ആഴത്തില്‍ വെട്ടേറ്റു. കാല് പൂര്‍ണമായും അറ്റുപോവാറായ നിലയിലായിരുന്നു. തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, പുലര്‍ച്ചയോടെ മരണപ്പെട്ടു. സംഭവത്തിൽ സിപിഐഎം പ്രവർത്തകനായ ഷിനോസ് പിടിയിലായിട്ടുണ്ട്.
April 07, 2021, 13:59 pm