കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ പിടിയിൽ. സിപിഐഎം പ്രവർത്തകൻ ഷിനോസാണ് പിടിയിലായത്. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഇപ്പോൾ പിടിയിലായ ഷിനോസ്.
ഇന്നലെ രാത്രി സഹോദരന്മാരായ മന്‍സൂറിനും മുഹ്സിനും നേരെ അക്രമം ഉണ്ടായ ഉടനെ തന്നെ ലീഗ് പ്രവര്‍ത്തകര്‍ അയല്‍വാസിയായ ഷിനോസിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കൂത്തുപറമ്പ് പുല്ലൂക്കര മുക്കിൽ പീടികയിൽ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ യൂത്ത് ലീഗ് പ്രവർത്തകനായ പാറാൽ മൻസൂർ (22) ആണ് വെട്ടേറ്റു മരിച്ചത്.
വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന് (27) ആക്രമണത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ സിപിഐഎമ്മാണെന്ന് ലീഗ് ആരോപിച്ചു.
മുഹ്സിൻ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ചു കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്. മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്നപ്പോഴാണ് സഹോദരൻ മൻസൂറിന് വെട്ടേറ്റത്.
അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്. മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപ്പറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
അക്രമികളുടെ ലക്ഷ്യം മുഹ്സിന് ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്സിന്. മുഹ്സിനെതിരെ അക്രമമുണ്ടായപ്പോള്‍ തടയാനാണ് മന്‍സൂര്‍ എത്തിയത്. ആ സമയത്ത് മന്‍സൂറിന്റെ കാല്‍മുട്ടിന് വടിവാളുകൊണ്ട് ആഴത്തില്‍ വെട്ടേറ്റു.
കാല് പൂര്‍ണമായും അറ്റുപോവാറായ നിലയിലായിരുന്നു. തലശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, പുലര്‍ച്ചയോടെ മന്‍സൂറിന്റെ മരണം സ്ഥിരീകരിച്ചു.
മന്സൂറിനെയും മുഹ്സിനെയും അക്രമിച്ച സംഘത്തില്‍ 14ഓളം പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പ്രാഥമികമായി നല്കുന്ന വിവരം. ബൈക്കുകളിലായെത്തിയ മൂന്നംഗ സംഘമാണ് ഇവരുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. മറ്റൊരു സംഘം വടിവാള്‍ ഉപയോഗിച്ച് ഇവരെ അക്രമിക്കുകയായിരുന്നു.
April 07, 2021, 10:59 am