ചെയ്ത കുറ്റം ഏറ്റുപറയാത്ത കാലത്തോളം ഒരു കുറ്റവാളി, സ്വയം ആർക്കും പിടികൊടുക്കാതെ കാലങ്ങൾ തള്ളിനീക്കുമെങ്കിലും, മനസ്സാക്ഷിയുടെ കുത്തുവാക്കുകൾ കൊണ്ട്, അണയാത്ത കുറ്റബോധം കൊണ്ട് സ്വയം വെന്തുനീറിക്കഴിയാനാവും വിധിയെന്നത് സാമൂഹിക യാഥാർഥ്യമാണ്. അറിഞ്ഞോ അറിയാതെയോ തന്നിൽ വന്നുചേരുന്ന ക്രൈം ജീവിതകാലം മുഴുവനും ഒരു പച്ച മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യം അതോടെ അയാൾക്ക്/അവൾക്ക് നഷ്ടപ്പെടുത്തുകയാണ്.
വീണുകിട്ടുന്ന സാഹചര്യങ്ങൾക്കനുസരിച്ചോ സ്വയം മെനയുന്ന'കുബുദ്ധി' കൊണ്ടോ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാമെങ്കിലും ഒരു കുറ്റം മറയ്ക്കാൻ ഒരുപാട് കുറ്റങ്ങൾ ചെയ്ത് സ്വയം സൃഷ്ടിക്കുന്ന മാനസികസമ്മർദ്ദം ജീവിതകാലം മുഴുവൻ ഒരപരാധിയെ വേട്ടയാടികൊണ്ടിരിക്കും എന്നൊരു സാമൂഹ്യപാഠം ജിത്തു ജോസഫിന്റെ 'ദൃശ്യ'ങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്.
കുറ്റത്തിന് മരുന്ന് ശിക്ഷ തന്നെയാണ്. താമസം വിനാ ലഭിക്കേണ്ടതായ ആ മരുന്നിന് മാത്രമേ കുറ്റഭാരം പേറി അസ്വസ്ഥമായ മനസ്സിനെ ചികിത്സിച്ച് ഭേദമാക്കാനാകു... നാട്ടുകാർക്കുമുന്നിൽ, വാർത്താമാധ്യമങ്ങൾക്ക് മുന്നിൽ അയാളും കുടുംബവും കുറ്റവാളികൾ തന്നെയാണ്; അയാളുടെ മനസ്സാക്ഷിക്കുമുന്നിലും വീട്ടുകാർക്കുമുന്നിലും. നിയമത്തിന്റെ മുന്നിൽ നിന്ന് മാത്രമാണ് കുറ്റകരമായ ഈ ഒളിച്ചോടൽ...
അതോടൊപ്പം, നിയമത്തെ തെറ്റിദ്ധരിപ്പിക്കുന്ന കുറ്റകരമായ സാഹസങ്ങളും അതിന്റെ വിജയസമാപ്തികളും, നായകകഥാപാത്രത്തിന്റെ ആനുകൂല്യത്തിൽ അനുവദിച്ചുകൊടുക്കുന്നത് നിയമസംവിധാനങ്ങൾക്കും സമൂഹത്തിനും നേർക്കുള്ള കൊഞ്ഞനം കുത്തൽ തന്നെയാണ്. തന്റെ മാത്രം ശരികൾ വിജയിച്ചാൽ മതിയെന്ന് ഇങ്ങനെ ഓരോ കുറ്റവാളിയും തീരുമാനിച്ചുകഴിഞ്ഞാൽ നമ്മുടെ സാമൂഹിക സിസ്റ്റങ്ങൾക്ക് പിന്നെന്ത് പ്രസക്തിയാണുള്ളത്?
ഒരു കുറ്റകൃത്യം നടന്നുകഴിഞ്ഞാൽ അതിനുള്ള തക്ക ശിക്ഷ വാങ്ങിക്കൊടുക്കൽ തന്നെയാണ് നിയമത്തിന്റെ നീതി. അങ്ങിനെയുള്ള നിയമത്തിൽ വിള്ളലുകൾ വീഴുന്നത്, നിയമം നടപ്പിലാക്കുന്നതിൽ വീഴ്ച വരുന്നത് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. നമ്മൾ പുറമേക്ക് കരുതിപ്പോരും വിധം അത്ര സുരക്ഷിതമല്ല നമ്മുടെ നിയമവും നിയമസുരക്ഷാസംവിധാനങ്ങളും എന്ന് ആവർത്തിച്ച് വ്യക്തമാക്കപ്പെടുന്നുണ്ട് സിനിമയിൽ. ഒരു 'കുപ്പി' പൊട്ടിക്കും വരെ മാത്രമേ നമ്മുടെ സുരക്ഷക്ക് ആയുസ്സുള്ളൂ എന്ന ഭീകരത ഇത്ര ലാഘവത്തോടെ കൈയടിച്ച് സ്വീകരിക്കേണ്ട ഒന്നായി തോന്നുന്നില്ല.
ഒരു സാധാരണകുടുംബം, അവരുടെ സമാധാനപൂർണമായ ജീവിതത്തിലേക്ക് അതിക്രമിച്ചു കടന്നുവന്ന കാമാഭാസനായ യുവാവ്, അയാളുടെ കൈയിൽ നിന്നും അമ്മയെ രക്ഷിക്കാനുള്ള മൂത്ത മകളുടെ ശ്രമത്തിനിടെ കൊല്ലപ്പെടുന്നതും തുടർന്ന് ആ ക്രൈം ഒളിപ്പിക്കാൻ നായകൻ നടത്തുന്ന ശ്രമങ്ങളുമാണ് ആദ്യ'ദൃശ്യ'ത്തിൽ സിനിമയെ മുന്നോട്ട് നയിച്ചത്. അപ്രതീക്ഷിതമായ ദുരന്തത്തിലൂടെ ആ കുടുംബം വർഷങ്ങൾക്കിപ്പുറവും ആരുമറിയാതെ ഉള്ളിൽ ഒതുക്കിനടക്കുന്ന തീയുടെ കാഠിന്യമാണ് രണ്ടാം ചിത്രത്തിൽ നമ്മെ പിന്തുടരുന്നതും.
ക്രൈം നേരത്തെകൂട്ടി ചെയ്യുന്ന ആളുകൾക്ക് അത് ഒളിപ്പിക്കാൻ നമ്മുടെ 'സിസ്റ്റം' സഹായകമാവാറുള്ളപ്പോൾ തന്നെ, നിരപരാധികളായ കുറ്റക്കാർക്കു നേരെ മാത്രമാണ് നിയമത്തിന്റെ ആക്രോശങ്ങളുണ്ടാവാറെന്നതും സാമൂഹികസത്യമാണ്.
കുറ്റകൃത്യങ്ങളിൽ പലതും സംഭവിച്ചുപോകുന്നത് നിർബന്ധസാഹചര്യം കൊണ്ടോ ജീവൻ രക്ഷാമാർഗ്ഗമായി കൊണ്ടോ ഒക്കെ ആയിരിക്കും. മിക്ക ക്രൈമുകളും പലരിലും ഓർക്കാപ്പുറത്ത് സംഭവിച്ചുപോകുന്നതാണ്. ജോർജ്ജുകുട്ടിയുടെ കുടുംബത്തിലും യാദൃശ്ചികമായാണ് ഈയൊരു ഒഴിയാബാധ കടന്നുവരുന്നത്. സ്വന്തം മകളെയും ഭാര്യയെയും അതിലുപരി കുടുംബത്തെയും രക്ഷിച്ചെടുക്കാനുള്ള പെടാപാടിൽ ജോർജ്ജുകുട്ടിക്ക് ലഭിക്കുന്ന 'സിനിമാ'ബുദ്ധി, നായകസ്നേഹം കൊണ്ട് ചേർത്തുപിടിച്ചുപോകുമെങ്കിലും മറ്റൊരുതരത്തിൽ, നിയമസംവിധാനങ്ങളെ മറികടക്കാൻ ക്രിമിനൽ ബുദ്ധികൂർമത ദുരുപയോഗം ചെയ്താൽ നിഷ്പ്രയാസം സാധിക്കുമെന്ന തെറ്റായ സന്ദേശം കൂടി കൈമാറുന്നുണ്ടെന്ന് വേണം പറയാൻ.
സ്വന്തം കുടുംബത്തെ രക്ഷിക്കാനോ സ്വന്തത്തെ തന്നെ രക്ഷിക്കാനോ ഒക്കെ ആവുമല്ലോ അധികം കുറ്റകൃത്യങ്ങളും സമൂഹത്തിൽ ഉണ്ടാവുന്നതും അതിനെ നിയമത്തിന്റെ കണ്ണിൽ നിന്ന് വെട്ടിച്ച് സ്വയം 'ന്യായീ'കരിക്കാൻ ധൈര്യപ്പെടുന്നതും. നായകനെപോലെ ഇതേ ഒളിപ്പിക്കൽ ശൈലി പതിവുകുറ്റവാളികൾ ഏറ്റെടുത്താൽ സമൂഹത്തിന്റെ അവസ്ഥ എന്താകും?
ആദ്യ'ദൃശ്യ'ത്തെക്കാൾ മുറുക്കമുള്ള കഥപറച്ചിലായി രണ്ടാം ദൃശ്യമെന്ന് പറയാതെ വയ്യ. ആദ്യമുക്കാൽ മണിക്കൂറോളം സാവകാശമാണ് കഥ മുന്നോട്ട് പോകുന്നതെങ്കിലും വിവിധ എലമെന്റുകൾ ഒന്നിക്കുന്നിടത്ത് നിന്ന് നല്ലൊരു ക്രൈം ത്രില്ലറായി പ്രേക്ഷകമനസ്സിനെ പിടിച്ചിരുത്തുന്നുണ്ട് സിനിമ.
തെളിവുകൾ ഓരോന്നായി ചുരുളഴിന്തോറും, ജോർജ്ജുകുട്ടിയിലേക്കും കുടുംബത്തിലേക്കും കുറ്റകൃത്യം കൂടുതൽ ബലം വെക്കുകയും ചെയ്യുമ്പോഴും കുറ്റം ചെയ്തതിന് ശിക്ഷിക്കപ്പെടും എന്ന് ആർക്കും പ്രതീക്ഷ ഉണ്ടാവില്ല. പകരം, പുതിയ സമ്മർദ്ദങ്ങളിൽ നിന്ന് കുതറിമാറാൻ എന്തൊക്കെ തന്ത്രങ്ങളാവും ലാലേട്ടൻ പയറ്റുക എന്നാവും ഓരോരുത്തരും ചിന്തിച്ചിരിക്കുക. സിനിമക്കുള്ളിലെ സിനിമയിലെ ക്ലൈമാക്സ് എങ്ങനെ ആവണമെന്ന് ജോർജ്ജുകുട്ടി ചിന്തിച്ച് എടങ്ങേറായതുപോലുള്ള ഒരു കൺഫ്യൂഷൻ ജിത്തുജോസഫിനെയും പിടികൂടിയിരുന്നില്ല എന്നിടത്ത് ലോകോത്തര മേക്കിങ്ങിലേക്ക് കയറിനിൽക്കുന്ന മികച്ച ചിത്രം. ലാലേട്ടനും മീനയും മുരളിഗോപിയും തകർത്തു.
ഒരുകാര്യം കൂടി, ജോർജുകുട്ടിക്ക് പകരം ഒരു മുഹമ്മദുകുട്ടിയുടെ കുടുംബമായിരുന്നെങ്കിൽ അന്നേ അയാൾ ഇളയമകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അകത്തുപോകേണ്ടതായിരുന്നു. അയാളുടെ കുടുംബം കഴിഞ്ഞ ആറുവർഷമായി അനുഭവിക്കുന്ന സാമൂഹികപീഢനങ്ങളെ കുറിച്ച് കണ്ണുതുറപ്പിക്കാൻ സാധ്യതയില്ലാത്ത വിധം അടഞ്ഞുപോയ കഥയുമായി അത് മാറുമായിരുന്നു.
February 20, 2021, 20:42 pm