31 Sunday
May , 2020
10.19 PM
livenews logo
flash News
പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ

ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി


ഷിയാസ് ബിൻ ഫരീദ്

 

മുനിസിപാലിറ്റി രൂപീകരിച്ച് നാലു വർഷത്തിനിടെ നാല് ചെയർമാൻമാർ എന്ന റെക്കോർഡ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് മാത്രം സ്വന്തം. അഴിമതിയാരോപണങ്ങളും അവിശ്വാസവും കാലു മാറ്റവും രാഷ്ട്രീയ തർക്കങ്ങളുമൊക്കെ കാരണമായി മൂന്ന് ചെയർമാൻമാർ പടിയിറങ്ങിപ്പോയ മുനിസിപാലിറ്റിയിൽ ഇന്നായിരുന്നു നാലാം തിരഞ്ഞെടുപ്പ്. എന്നാൽ വരണാധികാരിയുടെ പിഴവ് മൂലം ഇത്തവണയും തഥൈവ. ഇതോടെ ഈരാറ്റുപേട്ടയിൽ വീണ്ടുമൊരു ചെയർമാൻ തിരഞ്ഞെടുപ്പു കൂടി ഉറപ്പായി. രണ്ടാഴ്ചക്കുള്ളിൽ അത് നടക്കുമെന്നാണ് കരുതുന്നത്.

 

ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് വിമതന്‍ ടി എം റഷീദിന് 12 വോട്ടും (എൽഡിഎഫ് 7, എസ്ഡിപിഐ 4, ജനപക്ഷം 1) യുഡിഎഫിലെ വി എം സിറാജിന് 11 വോട്ടും (ലീ​ഗ് 8, കോൺ​ഗ്രസ് 3) സിപിഐഎം സ്ഥാനാർഥി ലൈല പരീതിന് പാർട്ടി കൗൺസിലർമാരുടെ തന്നെ മൂന്നു വോട്ടുമാണ് ലഭിച്ചത്. ജനപക്ഷം കൗൺസിലർ പി എച്ച് ഹസീബിന്റെ വോട്ട് അസാധുവായപ്പോൾ ലീ​ഗ് സ്വതന്ത്രയായ ബൽക്കീസ് നവാസ് വിട്ടുനിന്നു. മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുവന്നാല്‍ മൂന്നാം സ്ഥാനത്ത് എത്തുന്നയാളെ ഒഴിവാക്കി വീണ്ടും വോട്ടിനിടണമെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടം ശ്രദ്ധിക്കാതിരുന്ന വരണാധികാരി ടി എം റഷീദ് വിജയിച്ചതായി പ്രഖ്യാപിച്ചു.

 

ഐടിഡിസി പ്രോജക്ട് ഓഫീസര്‍ വിനോദ് ആയിരുന്നു വരണാധികാരി. ഈ ചട്ടം യുഡിഎഫ് സ്ഥാനാര്‍ഥി വി എം സിറാജ് ചൂണ്ടിക്കാട്ടുകയും വരാണാധികാരിയെ ബോധിപ്പിക്കുകയും ചെയ്തു. അത്തരമൊരു ചട്ടമുണ്ടെന്ന് വരണാധികാരി സമ്മതിച്ചു. എന്നാല്‍ ഇതിനോടകം കൗണ്‍സിലര്‍മാരില്‍ പലരും ഹാള്‍ വിട്ടിരുന്നു. ഇതോടെ വീണ്ടുമൊരങ്കത്തിന് കഴിയാതെ വന്നതോടെ ഇന്നു നടന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി വരാണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. ഇനി പുതിയ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമെന്ന് വരണാധികാരി അറിയിച്ചു.

 

അഞ്ചു പതിറ്റാണ്ടിലേറെ കാലം പഞ്ചായത്തായിരുന്ന ഈരാറ്റുപേട്ടയെ 2015ലാണ് മുനിസിപാലിറ്റിയായി ഉയർത്തുന്നത്. തുടർന്നു നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും അന്ന് സിപിഐഎം കൗൺ‍സിലറായിരുന്ന ടി എം റഷീദ് ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്ന് 14 (എൽഡിഎഫ് 10, ജനപക്ഷം 4) വോട്ടുകളാണ് ടി എം റഷീദിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി വി എം സിറാജിന് 11 വോട്ടുകളും (ലീ​ഗ് 8, കോൺ​ഗ്രസ് 3) ലഭിച്ചു. നാലം​ഗങ്ങളുള്ള എസ്ഡിപിഐ വിട്ടുനിന്നു. എന്നാൽ ഭരണം രണ്ടര വർഷം പൂർത്തിയായതോടെ സിപിഐഎം സ്വതന്ത്രനായ വി കെ കബീർ ടി എം റഷീദിനെതിരെ രം​ഗത്തെത്തി. 

രണ്ടര വർഷം പൂർത്തിയാവുമ്പോൾ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് തനിക്ക് നൽകണമെന്നാണ് പാർട്ടിയിൽ തീരുമാനിച്ചതെന്ന അവകാശവാദവുമായാണ് വി കെ കബീർ രം​ഗത്തെത്തിയത്. പിന്നാലെ ടി എം റഷീദിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് യുഡിഎഫുമായി ചേർന്ന് അവിശ്വാസം കൊണ്ടുവരികയുമായിരുന്നു. എന്നാൽ ആദ്യ അവിശ്വാസം പരാജയപ്പെട്ടെങ്കിലും രണ്ടാമത്തേതിൽ വി കെ കെബീർ പക്ഷം വിജയിച്ചു. ഇതോടെ യുഡിഎഫിന്റെ ചെയർമാനായി സിപിഐഎം സ്വതന്ത്രൻ വി കെ കെബീർ തിരഞ്ഞെടുക്കപ്പെടുന്ന അപൂർവ കാഴ്ചയ്ക്കും ഈരാറ്റുപേട്ട വേദിയായി. അന്ന് വി കെ കെബീറിന് 14ന് വോട്ടാണ് (യുഡിഎഫ് 11, ജനപക്ഷം 3) ലഭിച്ചത്. എതിർ സ്ഥാനാർഥി ടി എം റഷീദിന് 10 വോട്ടു ലഭിച്ചപ്പോൾ എസ്ഡിപിഐ വിട്ടുനിന്നു.

 

എന്നാൽ ഒരു വർഷത്തോളം മാത്രമാണ് വി കെ കബീറിന് ചെയർമാൻ സ്ഥാനത്ത് ആയുസ്സുണ്ടായിരുന്നത്. ന​ഗരസഭയുടെ 35 ലക്ഷം രൂപ വരുന്ന തേക്കു തടികൾ മോഷണം പോയത് ചെയർമാന്റെ അറിവോടെയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തന്നെ അവിശ്വാസം കൊണ്ടുവരികയായിരുന്നു. എന്നാൽ അവിശ്വാസ പ്രമേയ ദിനത്തിനു കാത്തുനിൽക്കാതെ വി കെ കെബീർ രാജിവച്ച് തലയൂരി. ഒന്നര മാസം മുമ്പായിരുന്നു ഇത്. ഇതോടെ മൂന്നാമത്തെ ചെയർമാൻ തിരഞ്ഞെടുപ്പ് വേദിയൊരുങ്ങി. അങ്ങനെ സെപ്തംബർ 18നു സിപിഐഎമ്മിന്റെ ലൈലാ പരീത് 14 വോട്ടോടെ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ നാല് വോട്ടുകൾ എസ്ഡിപിഐയുടേത് ആയത് പാർട്ടിയിൽ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയതോടെ അവർ അന്നു തന്നെ രാജിവച്ചു. അന്ന് യുഡിഎഫ് സ്ഥാനാർഥിക്ക് 12 വോട്ടാണ് ലഭിച്ചത്. ജനപക്ഷത്തു നിന്നും യുഡിഎഫിലേക്ക് ചേക്കേറിയ ബൽക്കീസ് നവാസിന്റെ വോട്ടു കൂടി ചേർത്താണിത്.

തുടർന്നാണ് ഇന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടന്നതും ഉടനടി റദ്ദാക്കിയതും. ബൽക്കീസ് നവാസിന് യുഡിഎഫ് വിപ്പ് നൽകിയിരുന്നില്ല. ഇതിനിടെ, എസ്ഡിപിഐ- ജനപക്ഷം അം​ഗങ്ങളുടെ പിന്തുണയോടെയാണ് എൽഡിഎഫ് സ്വതന്ത്രനായ ടി എം റഷീദ് വിജയിച്ചത് എന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. കൂടാതെ, കഴിഞ്ഞതവണ മത്സരിച്ച് വിജയിച്ച ലൈല പരീതിന്റെ വോട്ട് ഇത്തവണ മൂന്നായി ചുരുങ്ങിയത്  എല്‍ഡിഎഫിന് ക്ഷീണമായി. ഇതോടെ, പാർട്ടി സ്ഥാനാർഥിയെ വിജയിപ്പിക്കാതെ സംഘപരിവാറിനെയും ലീഗിനെയും സിപിഐഎം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് രണ്ട് കൗൺസിലർമാരുടെ ഭർത്താക്കന്മാർ ഉൾപ്പെടെ മൂന്ന് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ചു. ഈരാറ്റുപേട്ട ലോക്കൽകമ്മിറ്റിയം​ഗം ഷാഫി, മുൻ ലോക്കൽകമ്മിറ്റി സെക്രട്ടറി കെ ഇ നൗഷാദ്, നൗഫൽഖാൻ എന്നിവരാണ് രാജിവച്ചത്. 

 

മുമ്പ് അവിശ്വാസത്തിൽ പരാജയപ്പെട്ട നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന ടി എം റഷീദിന്‍റെ മുന്നേറ്റവും ശ്രദ്ധേയമായി. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജിവച്ച വി കെ കബീറിന്‍റെയും എസ്ഡിപിഐയുടെയും ജനപക്ഷാംഗം ജോസ് വള്ളിക്കാപ്പിലിന്‍റെയും വോട്ടാണ്  ടിഎംആറിന് ലഭിച്ചത്. സിപിഐഎം അംഗം ഷെറീന റഹീം, ജനപക്ഷത്തു നിന്നും മാറിയ കുഞ്ഞുമോള്‍ സിയാദ് എന്നിവരും ടിഎംആറിനെ പിന്തുണച്ചു. ഇതിനിടെ, ഇന്നലെ യുഡിഎഫ് ചെയർമാൻ സ്ഥാനാർഥി വി എം സിറാജും ജനപക്ഷാം​ഗം പി എച്ച് ഹസീബും തമ്മിൽ ഫോണിലൂടെ നടത്തിയ ചർച്ചകളിൽ പ്രതിഷേധിച്ചാണ് ലീ​ഗ് സ്വതന്ത്രയായ ബൽക്കീസ് നവാസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ജന​പക്ഷവുമായി ചർച്ച നടത്തരുതെന്ന യുഡിഎഫ് തീരുമാനം ചെയർമാൻ സ്ഥാനാർഥി തന്നെ ലംഘിച്ചതോടെയായിരുന്നു വിട്ടുനിൽക്കൽ. അതേസമയം, ഭരണപ്രതിസന്ധി മറികടക്കാനാണ് തങ്ങൾ ടി എം റഷീദിനെ പിന്തുണച്ചതെന്നാണ് എസ്‍ഡിപിഐയുടെ വിശദീകരണം. എന്തായാലും ഏറെ രാഷ്ട്രീയ നാടകങ്ങളുടേയും കസേരകളികളുടേയും അന്തർനാടകങ്ങളുടേയും ഫലമായി ചക്രശ്വാസം വലിക്കുന്ന ഈരാറ്റുപേട്ട മുനിസിപാലിറ്റി വീണ്ടും ഭരണപ്രതിസന്ധിയുടെ പടുകുഴിയിലേക്കാണ് വീണിരിക്കുന്നത്.

October 16, 2019, 21:20 pm

Advertisement