2019ൽ നടന്ന പൗരത്വപ്രക്ഷോഭത്തിനിടെ ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട രണ്ടുയുവാക്കളുടെ കുടുംബങ്ങൾക്ക് ഇനിയും നീതി ലഭ്യമായില്ല. യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുപോലുമില്ലെന്ന് ഇരകളുടെ കുടുംബം പരിതപിക്കുന്നു. 2019 ഡിസംബറിലാണ് യുപിയിലെ സംഭാലിൽ 22കാരൻ ഷഹ്റോസ്, ബിലാൽ എന്നിവർ വെടിയേറ്റു മരിക്കുന്നത്.
പൗരത്വപ്രക്ഷോഭ ഭാഗമായി തെരുവിൽ ഉണ്ടായിരുന്ന ആൾക്കൂട്ടത്തിനു നേരെ ഉതിർത്ത വെടിയുണ്ട ഷഹ്റോസിന്റെ ശരീരം തുളച്ചുപുറത്തുപോവുകയായിരുന്നു. പൊലീസാണ് വെടിവച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി യുവാവിന്റെ പിതാവ് യമീൻ പറയുന്നു. വെടിയേറ്റ ഷഹ്റോസ് തദ്ക്ഷണം മരിച്ചിരുന്നു. പിറന്നാൾ ദിനത്തിലാണ് ഷഹ്റോസ് മരിച്ചത്. ഈ സംഭവത്തിൽ ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
മൂന്നുമക്കളുടെ പിതാവായ ബിലാൽ മകൾക്ക് മരുന്നുവാങ്ങാൻ പുറത്തുപോയപ്പോഴായിരുന്നു വെടിയേറ്റു മരിച്ചത്. അതേസമയം മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സാക്ഷിപറയാൻ ഏവർക്കും ഭയമാണെന്നും അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട് മറ്റ് നടപടികളൊന്നുമുണ്ടായില്ലെന്നും പിതാവ് മുഹമ്മദ് ഷരീഫ് പരിതപിച്ചു. ഈ സംഭവത്തിനു പിന്നാലെ ബിജെപി നേതാവായ സന്തോഷ് ഗുപ്ത വെടിയുതിർക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
രണ്ടുപേരുടെ മരണം നടന്ന രണ്ടുവർഷം പിന്നിട്ടിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നത് ഇരകളുടെ കുടുംബത്തിനു നേരെയുണ്ടാവുന്ന കടുത്ത അനീതിയായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ യാതൊരുവിധ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടില്ലെന്ന് അഭിഭാഷകനായ തൗസീഫ് മുഹമ്മദ് ഖാൻ മിക്കി പറഞ്ഞു. അതേസമയം ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് അന്തിമറിപോർട്ട് കോടതിയിൽ സമർപ്പിച്ചതായും അന്വേഷണം നടന്നുവരികയാണെന്നും സംഭാൽ പൊലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര വ്യക്തമാക്കി. കേസിൽ തെളിവുകൾ ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
January 18, 2022, 22:06 pm