20 Thursday
January , 2022
7.39 AM
livenews logo
flash News
അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യുവതിയും നാലുമക്കളും ഉറക്കത്തിനിടെ മരിച്ചു വീട്ടമ്മമാരെ കടന്ന് പിടിക്കാൻ ശ്രമം; പാലാ സ്വദേശിയെ ഓട്ടോ ഡ്രൈവർമാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപിച്ചു 'ഹിജാബിന്റെ പേരിൽ 21 ദിവസമായി ഞങ്ങൾ ക്ലാസിന് പുറത്താണ്'; കോളേജ് വരാന്തയിൽ അവകാശ പോരാട്ടം തുടർന്ന് വിദ്യാർഥിനികൾ തൃശൂരിലെ 'സദാചാര ​ഗുണ്ടായിസ'ത്തിൽ ട്വിസ്റ്റ്; ആദ്യം ആക്രമിച്ചത് യുവാവ്; അതിക്രമം തുറന്നുകാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ ന്യൂസ്ടാ​ഗ് ലൈവിന് ബം​ഗളുരുവിൽ ഇൻഡി​ഗോ വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്നൊഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം പ്രഖ്യാപിച്ചു സാനിയ മിർസ വിരമിക്കുന്നു മൽസരിക്കുന്നെങ്കിൽ അത് അസം​ഗഡിൽ തന്നെ: നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭായോ​ഗം; നിയന്ത്രണങ്ങൾ നാളെ പ്രഖ്യാപിക്കും ലൗജിഹാദ് ആരോപിച്ച് ബജ്റം​ഗ്ദളുകാർ യുവാവിനെ ട്രെയ്നിൽ നിന്നു വലിച്ചിറക്കി മർദ്ദിച്ചു; നടപടിയെടുക്കാതെ പോലീസ് മുംബൈയിൽ യുദ്ധക്കപ്പലിൽ സ്ഫോടനം; മൂന്നുനാവികർ കൊല്ലപ്പെട്ടു

ഒറ്റ ദിവസത്തിൽ സഞ്ചരിക്കാവുന്ന ഒറ്റപ്പാലം കാഴ്ചകളിലേക്ക്


 

ആഷിക്ക് ഒറ്റപ്പാലം


ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒറ്റപ്പാലം. സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം  ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുൻപ് വള്ളുവനാട് എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്. പഴയ മദ്രാസ്  സംസ്ഥാനത്തിന് കീഴിലായിരുന്നു വള്ളുവനാട് പ്രദേശങ്ങൾ. പിൽക്കാലത്ത് കേരളം രൂപീകരിച്ചപ്പോൾ ഒറ്റപ്പാലം എന്ന പേര് സ്വീകരിക്കുകയായിരുന്നു.

 

ഒറ്റപ്പാലം എന്ന പേരിനു കാരണം ഇവിടത്തെ കച്ചേരി വളപ്പിൽ ഒറ്റയ്ക്കു നിൽക്കുന്ന ഒരു ‘പാല’മരമാണ്. പാല നിന്നിടം ഒറ്റപ്പാല എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്കപ്പുറം എന്നും അറിയപെട്ടു. ഈ പ്രദേശങ്ങൾ കാലക്രമേണ ഒറ്റപ്പാലം എന്നും പാലപ്പുറം എന്നും അറിയപ്പെട്ടുതുടങ്ങി. മലയാളം, തമിഴ് സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷൻ കൂടിയായ ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും ഒരു ടൂറിസ്റ്റു കേന്ദ്രം എന്ന നിലയിലേക്ക് ഉയർന്നു വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. പക്ഷെ ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി ഒരു ദിവസംകൊണ്ട് കണ്ടു തീർക്കാവുന്ന മനോഹരമായ ചില കാഴ്ചകളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 

കിള്ളിക്കുറിശ്ശിമംഗലം

 

മലയാളത്തിലെ പ്രശസ്ത സരസകവിയും ഓട്ടംതുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചൻ നമ്പ്യാരുടെ ഓർമ്മക്കായി സ്ഥാപിച്ച കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും ഇവിടെ കുഞ്ചൻ നമ്പ്യാരുടെ സ്മരണകളെ ദീപ്തമാക്കുന്നതാണ് കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകം.

 

അദ്ദേഹം ജനിച്ച കലക്കത്തു ഭവനവും അതോടനുബന്ധിച്ച 56 സെന്റ് സ്ഥലവുമാണ് ദേശീയ സ്മാരകമാക്കിയിട്ടുള്ളത്. കുഞ്ചൻ സ്മാരകം സാധാരണയായി കണ്ടു വരാറുള്ള വെറും കെട്ടിട സ്മാരകമല്ല . അനുഗ്രഹീതമായ തുള്ളൽ എന്ന കലയെ പോഷിപ്പിക്കുന്ന ഒരിടം കൂടിയാണ്. പറയൻ, ഓട്ടൻ , ശീതങ്കൻ തുള്ളലുകളും നൃത്ത രൂപങ്ങളും സംസ്കൃത ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്. കുഞ്ചൻ നമ്പ്യാർ സ്മാരകം സന്ദർശിക്കാൻ എത്തുന്നവർക്ക് , പ്രത്യേകിച്ചു വിദേശീയർക്കു ഇവിടത്തെ അധ്യാപകരും വിദ്യാർഥികളും തുള്ളലിനെ കുറിച്ച് ആവശ്യമായ വിവരണങ്ങൾ നൽകുകയും അവർക്കായി പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

 

വരിക്കാശ്ശേരി മന

മലയാളികൾക്കു തറവാട്‌ അല്ലെൽ മന എന്നൊക്കെ പറയുമ്പോൾ ആദ്യം മനസ്സിലേക്കു ഓടി വരുന്നത് ഒട്ടേറെ സിനിമകളിൽ തറവാടായി അഭിനയിച്ചിട്ടുള്ള വരിക്കാശ്ശേരി മനയാണ്. മലയാള സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷൻ കൂടിയായ വരിക്കാശ്ശേരി മന ഒറ്റ‍പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഒറ്റപ്പാലത്ത് നിന്നും ഷൊർണൂർക്ക് പോകുന്ന സ്റ്റേറ്റ് ഹൈവേയോട് ചേർന്നുള്ള ഒരു ചെറുഗ്രാമം ആണ് മനിശ്ശേരി.

 

അവിടെ നിന്നും തെക്കുഭാഗത്തേക്ക്‌ ഭാരതപ്പുഴയിലേക്കുള്ള റോഡിനോട് ചേർന്നാണ് വിഖ്യാതമായ വരിക്കാശ്ശേരി മന. രഞ്ജിത്, ഐ.വി.ശശി, മോഹൻലാൽ ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമായ ദേവാസുരത്തിലൂടെയാണ് മനയുടെ പ്രൗഢി സിനിമാ ലോകം അറിഞ്ഞു തുടങ്ങിയത്. പിന്നീട് ഹിറ്റായ നരസിംഹം, ആറാം തമ്പുരാൻ, ചന്ദ്രോത്സവം, രാവണപ്രഭു, മാടമ്പി തുടങ്ങിയ ചിത്രങ്ങളിലും ഈ മന തന്റെ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമക്കാർക്കിടയിൽ വൻപ്രചാരം ലഭിച്ച മനയെക്കുറിച്ചറിഞ്ഞ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാക്കാരും ഇവിടേക്ക് വരാറുണ്ട്.

 

വള്ളുവനാട്ടിലെ ആഢ്യ സമ്പന്ന ബ്രാഹ്മണ കുടുംബങ്ങളിൽ പ്രഥമസ്ഥാനീയരായിരുന്നു വരിക്കാശ്ശേരി മനക്കാർ. മനിശ്ശേരിയിലെ പ്രമുഖനായ വടക്കൂട്ട്‌ ഹരിദാസ്‌ ആണ് ഇപ്പോൾ വരിക്കാശ്ശേരി മനയുടെ ഉടമസ്ഥൻ. ഹരിദാസും മറ്റു ചില പ്രമുഖരും അടങ്ങിയ ട്രസ്റ്റാണു ഇന്നു വരിക്കാശ്ശേരി മനയുടെ സംരക്ഷണവും നടത്തിപ്പും നോക്കുന്നത്‌. സഞ്ചാരികൾക്ക് വരിക്കാശ്ശേരി മനയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിനായി 20 രൂപയുടെ പാസ് എടുത്താൽ മാത്രം മതി. പക്ഷെ സിനിമാ ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിൽ ഇവിടേക്ക് മറ്റുള്ളവർക്ക് പ്രവേശനമുണ്ടായിരിക്കില്ല.

 

അനങ്ങൻ മല

 

 

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനും ചെർപ്പുളശ്ശേരിയ്ക്കും ഇടയിലായി അങ്ങനടി എന്ന ഗ്രാമമുണ്ട്. ഈ ഗ്രാമത്തിന്റെ ഒരു ഭാഗമാണ് തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന  ഏക ശീല അനങ്ങൻ മല. നിരവധി സിനിമകളിൽക്കൂടി ഇവിടം നിങ്ങൾക്ക് പരിചിതമായിരിക്കും. ഒറ്റപ്പാലം ഭാഗത്ത് ഷൂട്ട് ചെയ്യുന്ന സിനിമകളിൽ ഒരു സീനിലെങ്കിലും അനങ്ങൻ മല കാണിച്ചിരിക്കും.

 

അനങ്ങൻ മലയുടെ മുകളിൽ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്. ടൂറിസം വകുപ്പ് ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസിലാക്കുകയും ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റപ്പാലത്തു നിന്നും ചെർപ്പുളശ്ശേരി റൂട്ടിൽ കീഴൂർ ജംക്ഷനിൽ നിന്നും തിരിഞ്ഞു കയറിയാൽ അനങ്ങൻ മല ഇക്കോ ടൂറിസത്തിന്റെ കവാടത്തിൽ എത്തിച്ചേരും. രാവിലെ 9.30 മുതൽ വൈകീട്ട് 6.30 വരെയാണ് ഇവിടത്തെ പ്രവേശന സമയം. ടിക്കറ്റ് നിരക്കുകൾ – മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ്. തിങ്കളാഴ്ച ദിവസങ്ങളിൽ ഇവിടെ അവധിയായിരിക്കും.

 

കുത്താമ്പുള്ളി ഗ്രാമം

 

തൃശൂർ ജില്ലയിലെ തിരുവില്വാമലയ്ക്ക് അടുത്തുള്ള ഒരു ഗ്രാമമാണ് കുത്താമ്പുള്ളി. തിരുവില്വാമലയിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ തൃശ്ശൂർ – പാലക്കാട് അതിർത്തിയിൽ ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും സംഗമ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക്. നാനാദിക്കുകളിലും പ്രിയമേറിയ കൈത്തറി വസ്‌ത്രങ്ങളുടെ നാടാണ് കുത്താമ്പുള്ളി.

പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു നെയ്‌ത്തു ഗ്രാമമാണ് ഇത്. ഇവിടത്തെ മിക്കവാറും എല്ലാ വീടുകളിലും തറികൾ സജ്ജീകരിച്ചിരിട്ടുണ്ട്. 500 ഓളം വർഷങ്ങൾക്ക് മുൻപ്‌ കൊച്ചി രാജാവ്‌ രാജകുടുംബങ്ങൾക്കു സ്വന്തമായി വസ്‌ത്രങ്ങൾ നെയ്‌തുണ്ടാക്കാൻ കർണാടകയിൽ നിന്നും വരുത്തിയ കുടുംബങ്ങളാണ്‌ പിന്നീട്‌ ഇവിടെ വേരുറപ്പിച്ചത്‌. ഇന്ന് ഇവിടെയുള്ളത് അവരുടെ പിന്മുറക്കാരാണ്.

 

ഇവിടം സന്ദർശിക്കുന്നവർക്ക് കൈത്തറി ഉപയോഗിച്ച് വസ്ത്രം നെയ്യുന്നതു കാണുവാനും അതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുവാനും സാധിക്കും. നമ്മുടെ നാട്ടിൽ നല്ല വിലകൊടുത്തു വാങ്ങേണ്ടി വരുന്ന തുണിത്തരങ്ങൾ ഇവിടെ തുച്ഛമായ വിലയ്ക്ക് ലഭിക്കും എന്നതും ഇവിടത്തെ ഒരു പ്രത്യേകതയാണ്. നാട്ടിൽ ഇരുപതിനായിരവും നാൽപതിനായിരവുമൊക്കെ വില വരുന്ന കസവുസാരികൾ അയ്യായിരത്തിനും എണ്ണായിരത്തിനുമൊക്കെ ഇവിടെ നിന്നും വാങ്ങാം.ഈ കാര്യം അധികമാർക്കും അറിയാത്ത ഒന്നാണ്. നദീതീരത്തുള്ള ഒരു ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഒറ്റപ്പാലത്തു നിന്നും 16 കിലോമീറ്ററോളം ദൂരമുണ്ട് കുത്താമ്പുള്ളിയിലേക്ക്.

 

ലോഹിതദാസിന്റെ അമരാവതി

 

അകലൂരിലുള്ള ലോഹിതദാസിന്റെ വീടായ "അമരാവതി" ഒറ്റപ്പാലം പാലക്കാട്‌ റോഡിൽ ലക്കിടിയിലാണ്. എഴുതിപ്പൂർത്തിയാകാത്ത കഥകൾ, വായിക്കാത്ത പുസ്തകങ്ങൾ അങ്ങിനെ പലതും ബാക്കിവച്ചിട്ടാണ് ലോഹിതദാസ് വിടവാങ്ങിയത്. നിളാതീരത്തെ പ്രണയിച്ച ലോഹിതദാസ് ആധാരം എന്ന സിനിമയുടെ കഥയുമായാണ് വള്ളുവനാട്ടിലെത്തുന്നത്.  കിരീടം, വാത്സല്യം, സസ്നേഹം, കുടുംബപുരാണം, ധനം, ദശരഥം,  അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിങ്ങനെ അനേകം കഥകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.അമരാവതിയിലാണ് ലോഹിതദാസ് അന്ത്യവിശ്രമം കൊള്ളുന്നത്.

 

ഒറ്റപ്പാലം കോടതി കെട്ടിടം

 

ചരിത്രത്തിനൊപ്പം സഞ്ചരിച്ച പാരമ്പര്യവും ഈ കോടതിക്കുണ്ട്. 1921 ലെ പ്രഥമ കെ.പി.സി.സി സമ്മേളനം തടസ്സപ്പെടുത്താൻ ശ്രമിച്ച ബ്രിട്ടീഷ് സർക്കാർ നിരവധി ദേശസ്നേഹികളെ  മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരുടെ വിചാരണയ്ക്ക് സാക്ഷ്യം വഹിച്ച ചരിത്ര സ്മാരകമാണ് ഈ കോടതി . ജസ്റ്റിസ് മാധവൻ നായർ , എഴുത്ത്കാരൻ  ആയിരുന്ന ജസ്റ്റിസ് ഒയ്യാരത്ത് ചന്തുമേനോൻ തുടങ്ങി  പല പ്രമുഖ ന്യായാധിപൻമാരുടെയും  വക്കീലൻമാരുടെയും കർമ്മമേഖലകൂടിയായിരുന്നു ഈ കോടതി

 

വാപാലക്കളം വി.പി മേനോന്റെ വീട്

 

ഇന്ത്യൻ ഗവർണർ ജനറൽ ഓഫ് പബ്ലിക് സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ഉപദേശകൻ എന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട് അദ്ദേഹം നിർമ്മിച്ച ഒറ്റപ്പാലത്തെ വാപാലകളം  വീട്ടിൽ സഹോദരി കുഞ്ഞിമാളു അമ്മയായിരുന്നു താമസം. ആ പഴയ വീടും കൃഷിയിടങ്ങളും പശുക്കളും ഒറ്റപ്പാലത്തെ ആദ്യ ഗോബർ ഗ്യാസ് ഒക്കെ ആയി മനോഹരമായ നിലനിന്നിരുന്നു. വാത്സല്യം സുകൃതം, എന്ന് നിന്റെ മൊയ്തീൻ, കോട്ടപ്പുറത്തെ കൂട്ടു കുടുംബം, നിരവധി സിനിമകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.  വഴി - ഒറ്റപ്പാലം-ചെറുപ്പുളശ്ശേരി-വരോട്-നാലാംമെയിൽ

 

പോഴത്തിൽ മന

 

140 വർഷം പിന്നിട്ടു ചോറോട്ടൂരിലെ പോഴത്തിൽ മന പുതുക്കിപ്പണിതിട്ട്. അതിലുമേറെ ചരിത്രമുണ്ട് പോഴത്തിൽ മനയ്ക്ക്. പരന്നുകിടക്കുന്ന 17 ഏക്കറിൽ ചെങ്കൽ നിറത്തിൽ വിളങ്ങി നിൽക്കുകയാണ് ഈ എട്ടു കെട്ടുള്ള മന. പാലക്കാട്‌ ജില്ലയിൽ വാണിയംകുളം ചോറോട്ടൂരാണ്‌ വള്ളുവനാട്ടിലെ സുപ്രസിദ്ധ നമ്പൂതിരി പരമ്പര തറവാടായ പോഴത്തിൽ മന സ്ഥിതി ചെയ്യുന്നത്‌.

 

പോഴത്തിൽ മന പൊതുവെ അറിയപ്പെടുന്നത്‌ പോഴത്ത്‌ മന എന്ന പേരിലാണ്‌. വള്ളുവനാടിന്റെ സകല നന്മകളും ഭംഗിയും നിറഞ്ഞ്‌ നിൽക്കുന്ന ചോറോട്ടൂരിന്റെ തിലകക്കുറിയായി നിൽക്കുന്ന പോഴത്തിൽ മന സിനിമാക്കാർക്കും പ്രിയപ്പെട്ടതാണ്.

 

ആറാം തമ്പുരാനിലെ കീഴ്പയുർ തറവാട് (കലാഭവൻ മണിയുടെ വീട്), അനന്തഭദ്രത്തിലെ ദിഗംബരന്റെ വീട്, എന്ന് നിന്റെ മൊയ്ദീനിലെ കാഞ്ചനമാലയുടെ വീട്....വിശേഷണങ്ങൾ അങ്ങനെ ഒരുപാടൊരുപാടുണ്ട്.

 

ഒറ്റപ്പാലം കയറാട്ട് തറവാട്

 

ഒറ്റപ്പാലം പാലാട്ട് റോഡിലാണ് വള്ളുവനാട്ടിലെ പ്രസിദ്ധ  കയറാട്ട് തറവാട് കയറാട്ട് തറവാടിന്റെ മൂല സ്ഥാനം പണമണ്ണയിലാണ് ഒറ്റപ്പാലത്ത് ഇന്ന് കാണുന്ന വികസനങ്ങൾക്കും പേരും പെരുമയയും ഒട്ടനവധി സംഭാവനകൾ ചെയ്ത ഒരു തറവാട് കൂടിയാണ് കയറാട്ട് തറവാട്.  തീരാത്ത മഹാത്മാക്കളും ചരിത്രങ്ങളും കാഴ്ചകളും ഒറ്റപ്പാലത്തിനുണ്ട്.

 

September 27, 2021, 16:53 pm

Advertisement

Advertisement