നെടുമ്പാശ്ശേരി: അച്ഛനും മകനും രണ്ടിടങ്ങളിലായി മണിക്കൂറുകളുടെ വ്യത്യാസത്തിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കാലടി മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടില്‍ അന്തോണി (70), മകന് ആന്റോ (32) എന്നിവരാണ് ഉച്ചയ്ക്കും വൈകീട്ടുമായി ജീവനൊടുക്കിയത്.
മരോട്ടിച്ചോട് തേന്മാലി ഭാഗത്തെ പാടത്ത് ഇന്ന് ഉച്ചയ്ക്ക് 12ഓടെ ആന്റോ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ യുവാവിനെ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മകന്റെ മരണത്തില്‍ മനംനൊന്ത പിതാവ് അന്തോണി വൈകീട്ട് 5.30ഓടെ മകന് ആന്റോയുടെ ഭാര്യുടെ കുന്നുകര കുറ്റിപുഴയിലെ വീടിന് മുന്നിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റതിനെ തുടര്‍ന്ന് അവിടെ വച്ച് തന്നെ മരണപ്പെട്ടു. മകനും ഭാര്യയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് രണ്ട് പേരുടെയും ആത്മഹത്യയിൽ കലാശിച്ചതെന്ന് കരുതുന്നു.
വിദേശത്തായിരുന്ന ആന്റോ കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. കുറച്ചു നാളായി കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലായിരുന്നു. ആന്റോയ്ക്കെതിരെ ഭാര്യ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഇതിൽ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇന്നലെ വക്കീലിനെ കണ്ട് വന്നതിന് ശേഷമാണ് ഇന്ന് ആന്റോ ആത്മഹത്യ ചെയ്തത്.
ഇതേ തുടർന്നാണ് പിതാവ് ഭാര്യാ വീട്ടില്‍ പോയി ആത്മഹത്യ ചെയ്തത്. മരണ വിവരം അറിഞ്ഞ ഇരു പ്രദേശത്തേയും നാട്ടുകാരുടെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിൽ. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം പിന്നീട് സംസ്കരിക്കും. ആന്റോയുടെ ഭാര്യ: നിയ.
January 18, 2022, 21:36 pm