ന്യൂഡൽഹി: ടിആർപി തട്ടിപ്പുകേസും പുൽവാമ, ബാലാക്കോട്ട് ആക്രമണവുമായും ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയുമായുള്ള ഞെട്ടിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതിന് പിന്നാലെ, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്ക്) മുൻ സിഇഒ പാർത്തോ ദാസ് ഗുപ്ത ആശുപത്രിയിൽ. രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞത് മൂലമുണ്ടായ പ്രശ്നങ്ങെള തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ഉച്ച ഒരുമണിയോടെയാണ് ദാസ്ഗുപ്തയെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റിയത്. പാർത്തോ ദാസിന്റെ പ്രതികരണശേഷി നഷ്ടമായതായി ആസുപത്രി അധികൃതർ അറിയിച്ചു. നിലവിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ് ഇയാൾ.
ഡിസംബർ 24ന് അറസ്റ്റിലായ പാർത്തോ ദാസ് തലോജ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ടിആർപി തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ ഇയാളാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. ഡിസംബർ 31ന് പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് നവി മുംബൈയിൽ തലോജ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. മുംബൈ കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.
അർണബ് ഗോസ്വാമിയും ദാസ്ഗുപ്തയും തമ്മിലെ 500 പേജുവരുന്ന വാട്ട്സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്. ഇതോടെ ബിജെപിയുടെ മുതിർന്ന നേതാക്കളുമായും പ്രധാനമന്ത്രിയുമായും അർണബിന്റെ വ്യക്തിബന്ധങ്ങളും പുറത്തായിരുന്നു.
40 ജവാന്മാരുടെ ജീവന് നഷ്ടമായ പുല്‍വാമ ആക്രമണവും ഇതിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് നേരത്തെ അറിയാമായിരുന്നെന്ന് പുറത്തുവന്ന വാട്ട്സ്ആപ്പ് ചാറ്റ് വ്യക്തമാക്കുന്നു. പുല്‍വാമ ആക്രമണം ആഘോഷിച്ചുള്ള അര്‍ണബിന്റെ ചാറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
2019 ഫെബ്രുവരി രണ്ടിന് പുല്‍വാമ ആക്രമണമുണ്ടായ ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ 20 മിനിറ്റിനുള്ളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീകാരാക്രമണം കശ്മീരില്‍ നടക്കാന്‍ പോവുകയാണെന്ന് അര്‍ണബ് പറയുന്നുണ്ട്. 'ഈ ആക്രമണത്തില്‍ നമ്മള് വിജയിച്ചെ'ന്നും അര്‍ണബ് പറയുന്നു.
അന്നേദിവസം തന്നെ നടന്നതായി കരുതപ്പെടുന്ന ചാറ്റ് വിവരത്തില്‍ മോദിയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. അതേ വര്‍ഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ 'മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും' എന്ന് അര്‍ണബ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ, അതിന് അര്‍ണബിന് ബാര്‍ക്ക് സിഇഒ ആശംസയും നേരുന്നുണ്ട്.
അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ഡല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്തുവന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ആ വര്‍ഷം ഫെബ്രുവരി 26നാണ് പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ട് ആക്രമണം ഇന്ത്യ നടത്തുന്നത്. ബിജെപി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.
യൂട്യൂബറും വ്ലോഗറുമായ ധ്രുവ് റാഠി, ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ, മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് എന്നിവരടക്കം നിരവധി പ്രമുഖര്‍ ഈ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
കൂടാതെ ചാനലിന്റെ റേറ്റിങ് വർധിപ്പിക്കാൻ കഴിഞ്ഞാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സഹായങ്ങൾ ലഭ്യമാക്കാമെന്ന് അർണബ് പാർത്തോ ദാസ് ഗുപ്തയോട് പറയുന്നതും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സ്ഥാനം വാങ്ങിനൽകണമെന്നായിരുന്നു പാർത്തോ ദാസ്ഗുപ്തയുടെ ആവശ്യം.
January 16, 2021, 18:03 pm