15 Thursday
April , 2021
8.24 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

പഴയവാഹനങ്ങള്‍ ഇനി പൊളിക്കേണ്ടിവരും, ടാക്‌സികളുടെ ആയുസ് 15 വര്‍ഷം, സ്വകാര്യ വാഹനങ്ങളുടെത് 20ഉം; രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള നിരക്ക് കുത്തനെ കൂട്ടി


ന്യൂഡല്‍ഹി: പഴയ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കുക എന്ന ലക്ഷ്യത്തോടെ പുതിയ 'വാഹനം പൊളിക്കല്‍ നയം (ന്യൂ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി) പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പൊളിക്കല്‍ കേന്ദ്രങ്ങള്‍, വാഹന വ്യവസായം, പാര്‍ട്‌സുകളുടെ വ്യവസായങ്ങള്‍ എന്നീ മേഖലകളെ പുതിയനയം ഉണര്‍ത്തുമെന്ന് നയം ലോക്‌സഭയില്‍ അവതരിപ്പിച്ച് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പുതിയ നയം അനുസരിച്ച് വാണിജ്യ/ടാക്‌സി വാഹനങ്ങളുടെ ആയുസ് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങളുടെ ആയുസ് 20 വര്‍ഷവുമായാണ് നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 15 വര്‍ഷമാണ് കാലാവധി. ഇതുപ്രകാരം കാലാവധി പൂര്‍ത്തിയാകുന്ന വാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ആദ്യം വിധേയമാക്കണം. 

 

ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന് മതിയായ സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കും. അതിനായി രജിസ്‌ട്രേഡ് വാഹനപൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും ഗതാഗതം മന്ത്രാലയം തയാറാക്കി. ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷമായിരിക്കും വാഹനം പൊളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. 15 വര്‍ഷത്തിലധികം പഴക്കമുള്ള ബസ്, ട്രക്ക് ഉള്‍പ്പെടെയുള്ള വലിയവാണിജ്യ/ടാക്‌സി വാഹനങ്ങള്‍ ഫിറ്റ്‌നസ് പുതുക്കാനുള്ള കാലാവധി 2023 ഏപ്രില്‍ ഒന്ന് ആണ്. 20 വര്‍ഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങള്‍ 2024 ജൂണ്‍ ഒന്നിന് മുന്‍പായും രജിസ്‌ട്രേഷന്‍ പുതുക്കണം. ഫിറ്റ്‌നസില്‍ പരാജയപ്പെട്ടാല്‍ അവയെ പൊളിക്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണം. പൊളിക്കല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം പുതിയ വാഹനങ്ങള്‍ വാങ്ങുകയാണെങ്കില്‍ അഞ്ചുശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

 

പുതിയനയം അനുസരിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള ഫീസ് കുത്തനെ ഉയര്‍ത്തി. 15 വര്‍ഷം പഴക്കമുള്ള നാലുചക്രവാഹനങ്ങളുടെ രജിസ്ട്രഷന്‍ പുതുക്കാന്‍ ഇനി 5,000 രൂപ ഫീസ് അടയ്ക്കണം. നിലവിലെ ഫീസിനേക്കാള്‍ എട്ടു മടങ്ങ് അധികമാണിത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസും കുത്തനെ വര്‍ധിപ്പിച്ചു. 15 വര്‍ഷം പഴക്കമുള്ള ബസ്, ട്രക്ക് തുടങ്ങിയ വലിയ വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കാനുള്ള ഫീസ് 12,500 രൂപയാക്കി. നിലവിലുള്ള ഓഫീസിനേക്കാള്‍ 20 മടങ്ങാണിത്. പഴയ ബൈക്കുകളുടെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള ഫീസ് 300 ല്‍ നിന്ന് 1000 രൂപയും ടാക്സി ഓട്ടോകള്‍ക്ക് 1000 രൂപയില്‍നിന്ന് 3500 രൂപയയായും വര്‍ധിപ്പിച്ചു. ഇറക്കുമതി വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിരക്ക് 5,000 ത്തില്‍ നിന്ന് 40,000 രൂപയാക്കി. സ്വകാര്യവാഹനങ്ങള്‍ രജിസ്ട്രേഷന്‍ പുതുക്കുന്നത് വൈകിപ്പിച്ചാല്‍ പ്രതിമാസം 500 രൂപ വരെ പിഴ അടക്കേണ്ടിവരും. വാണിജ്യ/ടാക്‌സി വാഹനങ്ങളുടെ കാര്യത്തില്‍ ഇത് ദിവസത്തിന് 50 രൂപതോതില്‍ അടക്കേണ്ടിവരും.

 

20 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമെത്തിയ 51 ലക്ഷം വാഹനങ്ങളാണ് നിരത്തിലുള്ളത്. 15നും 20നും ഇടയില്‍ വര്‍ഷം പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളുമുണ്ട്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 15 വര്‍ഷത്തിലധികം കാലപ്പഴക്കമുള്ള 17 ലക്ഷം വാഹനങ്ങളുമുണ്ട്. ഇത്രയും പഴക്കമുള്ള വാഹനങ്ങള്‍ പുതിയവയുമായി താരതമ്യംചെയ്യുമ്പോള്‍ പത്ത് മുതല്‍ പന്ത്രണ്ട് മടങ്ങുവരെ പരിസ്ഥിതി മലിനമാക്കിക്കൊണ്ടിരിക്കുകയാണ്. പഴയ വാഹനങ്ങള്‍ റദ്ദാക്കുന്നതോടെ പുതിയ വാഹനങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിക്കുമെന്നും ഇത് വാഹനമേഖലയെ ഉയര്‍ത്തുമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ഒപ്പം കൂടുതല്‍ ജി.എസ്.ടി നേടാന്‍ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഈ നീക്കം സഹായിക്കുമെന്നും ഗഡ്കരി അവകാശപ്പെട്ടു. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ നിയമം നടപ്പില്‍വരുത്തുമെന്നാണ് സൂചന.

 

March 19, 2021, 08:54 am

Advertisement

Advertisement