കാമാത്തിപുര വേശ്യാലയത്തിലെ ഗംഗുബായ് എന്ന സ്ത്രീയുടെ ജീവിത കഥ പറയുന്ന സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുബായ് കത്തിയവാഡി സിനിമ വിവാദത്തിൽ. ചിത്രത്തിൽ പ്രധാന വേഷമിടുന്ന ആലിയ ഭട്ടിനും ഭൻസാലി പ്രോഡക് ഷൻസിനുമെതിരെ ഗംഗുബായിയുടെ മകൻ ബാബുജി റൗജി ഷാ കോടതിയെ സമീപിച്ചതോടെയാണിത്.
സിനിമാ നിർമാണത്തിന് അടിസ്ഥാനമാക്കിയ ദ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്കം എഴുതിയ ഹുസൈൻ സിയാദി, റിസർച്ച് നടത്തിയ ജേൻ ബോർഗസ് എന്നിവർക്കെതിരെയും ഹരജി ഫയൽ ചെയ്തിട്ടുണ്ട്.
മാഫിയ ക്വീൻസിലെ ചില ഭാഗങ്ങൾ അപകീർത്തികരമാണെന്നും സ്വകാര്യത, ആത്മാഭിമാനം, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ബാബുജി റൗജി ഷായുടെ ആരോപണം.
പുസ്തകത്തിന്റെ അച്ചടി, പ്രചാരണം എന്നിവ സ്ഥിരമായി തടയണമെന്നും ഗംഗുബായിയുടെ ജീവിതവുമായി ബന്ധപ്പെട്ട അധ്യായങ്ങൾ നീക്കണമെന്നും സിനിമയുടെ നിർമാണം അവസാനിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോ പുറത്തുവന്നതിനു ശേഷം താൻ തമസിക്കുന്ന പ്രദേശത്ത് ജനങ്ങളിൽനിന്ന് വലിയ പരിഹാസമാണ് നേരിടുന്നതെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
അപകീർത്തിപ്പെടുത്തൽ, സ്ത്രീകളെ മോശമായി അവതരിപ്പിക്കൽ, അശ്ലീലം പ്രചരിപ്പിക്കൽ എന്നിവ ചൂണ്ടിക്കാട്ടി പ്രതികൾക്കെതിരെ ഉടൻ തന്ന ക്രിമിനൽ പരാതി നൽകാമെന്നും ബാബുജിയുടെ അഭിഭാഷകൻ നരേന്ദ്ര ദുബെ പറഞ്ഞു. ഹരജിയിൽ വാദം കേട്ട കോടതി ജനുവരി ഏഴിനകം മറുപടി നൽകാൻ എതിർകക്ഷികളോട് ആവശ്യപ്പെട്ടു.
December 27, 2020, 13:56 pm