കോഴിക്കോട്: കാലുകളുടെ ചിത്രത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട യുവനടി അനശ്വര രാജന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള വി ഹാവ് ലെഗ്സ് കാംപയിനൊപ്പം ഗൃഹലക്ഷ്മിയും പങ്കുചേരുന്നു. ഒക്ടോബർ ഒന്നാം ലക്കം ഇക്കാര്യമാണ് ചർച്ച ചെയ്യുന്നത്.
'കാലുകളെ ആർക്കാണ് പേടി' എന്ന പ്രത്യേക ഫീച്ചറിൽ എഴുത്തുകാരായ കൽപ്പറ്റ നാരായണൻ, എസ്.സിത്താര, ആർ. രാജശ്രീ, സിനിമാതാരങ്ങളായ ശ്വേത മേനോൻ, സാധിക വേണുഗോപാൽ, അവതാരക രഞ്ജിനി ഹരിദാസ്, ഡോ.ലക്ഷ്മി നായർ, സൈക്കോളജിസ്റ്റ് സൗമ്യ കെ.സുകുമാരൻ തുടങ്ങിയ പ്രമുഖർ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്.
'ശരീരത്തെയും മനസ്സിനെയും മുൻനിർത്തിയുള്ള സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെ സമൂഹം എതിർക്കുന്നതിനുള്ള പ്രധാനകാരണം അവൾ തങ്ങളുടെ നിയന്ത്രണരേഖയ്ക്ക് അപ്പുറം പോകുമോ എന്ന ഭയമാണ്,'- എഴുത്തുകാരി ആർ. രാജശ്രീ അഭിപ്രായപ്പെടുന്നു. നടി എസ്തർ അനിലാണ് കവർഗേളായി എത്തുന്നത്. എസ്തറിന്റെ അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ധ്യാൻചന്ദ് പുരസ്കാരം നേടിയ കായികതാരം ജിൻസി ഫിലിപ്പ്, യൂട്യൂബിലെ പാചകവീഡിയോകളിലൂടെ പ്രശസ്തയായ വയനാട്ടുകാരി അന്നാമ്മ ചേടത്തി എന്നിവരുമായുള്ള അഭിമുഖങ്ങളും ആദ്യകാലനടൻ കെ.പി. ഉമ്മറിന്റെ കുടുംബവിശേഷവും ഈ ലക്കത്തിലുണ്ട്.
September 27, 2020, 23:59 pm