കോവിഡ് വ്യാപനത്തെ മറികടന്ന് സാധാരണനിലയിലേക്ക് രാജ്യം അതിവേഗം തിരികെയെത്തുന്നതിനിടെ ഒഴിവുള്ള അധ്യാപക നിയമനങ്ങൾ വേഗത്തിലാക്കാൻ ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകൾ. അടുത്ത അധ്യയന വർഷമാരംഭിക്കുന്നതിനു മുമ്പു തന്നെ ഒഴിവുകൾ നികത്താനാണ് സ്കൂളുകളുടെ നീക്കം.
യുഎഇയിലും ഖത്തറിലുമായി അറുന്നൂറിലേറെ അധ്യാപക ഒഴിവുകളാണ് ഈയാഴ്ച മാത്രം റിപോർട്ട് ചെയ്യപ്പെട്ടത്. സൗദി അറേബ്യ, ബഹ്റയ്ൻ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും നിരവധി അധ്യാപകരുടെ ഒഴിവുകളാണുള്ളത്.
മേഖലയിൽ പുതിയ സ്കൂളുകൾ കൂടി തുറന്നതും അധ്യാപകരുടെ ഒഴിവിനു കാരണമായിട്ടുണ്ട്. ദുബയിൽ മാത്രം 21 പുതിയ സ്കൂളുകളാണ് മൂന്നുവർഷത്തിനിടെ ആരംഭിച്ചത്. ഇതുൾപ്പെടെ 215 സ്കൂളുകളാണ് ദുബയിലുള്ളത്.
കോവിഡാനന്തരം സ്കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്.
പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ നിരവധി സ്കൂളുകളാണ് മുൻകൂറായി അധ്യാപക നിയമനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ്, കണക്ക്, ശാസ്ത്ര വിഷയങ്ങളിൽ സെക്കൻഡറി, ഹൈസ്കൂൾ അധ്യാപകർക്കാണ് കൂടുതൽ ആവശ്യം. പുതിയ വൈറസ് വ്യാപന സാഹചര്യത്തിൽ രാജ്യത്ത് നിലവിലുള്ള അധ്യാപകരെ നിയമിക്കാനും നീക്കങ്ങളും സ്കൂളുകൾ നടത്തുന്നുണ്ട്.
അതേസമയം സൗദിയിൽ സംഗീതം, നീന്തൽ, ഫിസിക്സ്, ബിസിനസ് സ്റ്റഡീസ്, ഇക്കോണമിക്സ് തുടങ്ങി നിരവധി വകുപ്പുകളിലേക്കാണ് നിയമനം നടത്തുന്നത്. നാലായിരം മുതൽ അയ്യായിരം ഡോളർ വരെ ശമ്പളമാണ് റിയാദിലെ ചില സ്കൂളുകൾ മികച്ച അധ്യാപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിനു പുറമേ ഇവർക്കുള്ള താമസവും സ്കൂളുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
December 03, 2021, 20:36 pm