13 Friday
December , 2019
12.43 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

'അമ്മയുടെ കുടൽ തിന്ന് പുറത്തുവന്ന അസമിലെ രാക്ഷസക്കുഞ്ഞ്'; ആ ഭീകര വീഡിയോയുടെ സത്യാവസ്ഥ ഇതാണ്

November 28, 2019, 13:48 pm

''അസമിൽ 11ാം മാസത്തിൽ ജനിച്ച ഒരു വിചിത്ര കുഞ്ഞ്. പുറത്തെടുത്തത് സിസേറിയൻ ചെയ്ത്. അപ്പോൾ എട്ടു കിലോ ഭാരമുണ്ടായിരുന്ന കുഞ്ഞ്‌ വന്നപ്പോൾ തന്നെ അമ്മയുടെ കുടൽ മുഴുവൻ തിന്നുതീർന്നു. അങ്ങനെ അമ്മ മരിച്ചു. ഈ കുട്ടി ഒരു ദിവസം കൊണ്ട് 13 കിലോയായി ഭാരം കൂടി. മൂന്നാം ദിവസം കുഞ്ഞ്‌ ഒരു നഴ്‌സിന്റെ കൈയിൽ കയറിപ്പിടിച്ചു. അവരും ദിവസങ്ങൾക്കകം മരിച്ചു. പിന്നെ 17 ഇഞ്ചക്ഷൻ വച്ചാണ്‌ അതിനെ കൊന്നത്‌."- വാട്ട്സാപ്പടക്കമുള്ള സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ പറയുന്ന കാര്യങ്ങളാണിത്. ആസാമിൽ ജനിച്ച രാക്ഷസക്കുഞ്ഞ്‌' എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് ഇത് കണ്ണും പൂട്ടി ഷെയർ ചെയ്തിരിക്കുന്നത്.

 

ഇതു കൂടാതെ ആടിനുണ്ടായ മനുഷ്യക്കുഞ്ഞ്‌, അന്യഗ്രഹജീവിക്കുഞ്ഞ്‌ എന്ന വ്യാഖ്യാനങ്ങളുമുണ്ടായിരുന്നു. എന്നാൽ ഷെയർ ചെയ്ത ആരും വീഡിയോയുടെ ഭീകരത കണ്ടപ്പോൾ യാഥാർഥ്യമാണെന്ന് ധരിച്ച് സത്യാവസ്ഥ അറിയാൻ ശ്രമിച്ചതുമില്ല. എന്തും കിട്ടിയാൽ കണ്ണുംപൂട്ടി ഷെയർ ചെയ്യുന്ന ആളുകളാണ് സോഷ്യൽമീഡിയയിൽ അധികവും.' ഫ്രൂട്ടി കഴിച്ചാൽ എയ്ഡ്സുണ്ടാവും', 'അന്തരീക്ഷത്തിൽ കോസ്മിക് ര​ശ്മികൾ കൂടുതലായതിനാൽ രാത്രി നിശ്ചിത സമയത്ത് ഫോൺ ഓൺ ചെയ്യരുത്' തുടങ്ങിയ നിരവധി സന്ദേശങ്ങൾ പിടുത്തംവിട്ട് ഷെയർ ചെയ്ത ഒരു വലിയ സമൂഹത്തിന്റെ ഇടയിലേക്കാണ് ഭാവനാസമ്പന്നമായ തിരക്കഥയുടെ അകമ്പടിയോടെ 'രാക്ഷസക്കുഞ്ഞിന്റെ' വീഡിയോയും എത്തിയത്. എന്നാൽ എന്താണിതിന്റെ യാഥാർഥ്യം?

ഇത് രാക്ഷസന്റേയോ കുട്ടിച്ചാത്തന്റേയോ മൃ​ഗങ്ങളുടേയോ കുഞ്ഞൊന്നുമല്ല. യഥാർഥത്തിൽ ഈ കുഞ്ഞ് ജനിച്ചിട്ടുണ്ടെങ്കിലും വീഡിയോയിൽ പറയുന്ന കാര്യങ്ങളൊക്കെ വെറും കെട്ടുകഥകൾ മാത്രമാണ്. 2019 ജൂലൈ 21നാണ് ഇതിന്റെ യഥാർഥ വീഡിയോ ആദ്യമായി യൂട്യൂബിൽ അപ് ലോഡ് ചെയ്തത്. യഥാർഥത്തിൽ അപൂർവമായ ഒരു രോഗം ബാധിച്ച കുഞ്ഞാണിത്. ജീനുകളിലെ വൈകല്യം മൂലം ഉണ്ടാകുന്ന 'ഹാർലെക്വിൻ ഇക്തിയോസിസ്‌' എന്ന രോഗമായിരുന്നു ആ കുഞ്ഞിന്‌. ദശലക്ഷത്തിലൊരാള്‍ക്ക് വരുന്ന അപൂര്‍വ വൈകല്യം. 

 

ചർമകോശങ്ങൾ കൊഴിഞ്ഞ്‌ പോകുന്നതിന്‌ പകരം ശൽക്കങ്ങളായി മാറി വിണ്ട്‌ കീറി കുഞ്ഞിന്റെ ശരീരതാപനിയന്ത്രണവും പ്രതിരോധശേഷിയും എല്ലാം നഷ്‌ടപ്പെടുന്ന ദയനീയമായ അവസ്ഥ. കണ്ണും മൂക്കും ചെവിയും എന്ന്‌ തുടങ്ങി സകല അവയവങ്ങളുടേയും ആകൃതി പോലും വികലമാകും. ഏകദേശം 20 തരത്തിലുള്ള ഹാർലിക്വിൻ ഇക്തിയോസിസ് കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യമായും അല്ലാതെയും ഈ വൈകല്യുമുണ്ടാകാറുണ്ട്. പാരമ്പര്യമായുള്ള വൈകല്യം ജനിക്കുമ്പോഴോ ജനിച്ചു കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലോ ലക്ഷണങ്ങൾ കാണിക്കും. മറ്റു ചിലതു പ്രായപൂർത്തിയായതിനു ശേഷമാണു ലക്ഷണം കാണിക്കുക.

പഴയ ചർമത്തിനു പകരം പുതിയ ചർമത്തിനു രൂപം നൽകുന്ന ശരീര സംവിധാനത്തിലാണ് ഹാർലിക്വിൻ ഇക്തിയോസിസ് പ്രകാരം ജനിതക തകരാർ സംഭവിക്കുക. അതോടെ ഒന്നുകിൽ പഴയ ചർമകോശങ്ങൾ പൊഴിഞ്ഞുപോകുന്നതു പതിയെയാകും. അല്ലെങ്കിൽ വളരെ വേഗത്തിൽ പുതിയ ചർമകോശങ്ങൾ രൂപപ്പെട്ടു കൊണ്ടേയിരിക്കും. രണ്ടു തരത്തിലാണെങ്കിലും ശരീരത്തിൽ പരുക്കനായ ചർമകോശങ്ങൾ കെട്ടിക്കിടക്കുകയാണ് ഇതുവഴി സംഭവിക്കുക. പൊതുവേ ഈ കുട്ടികൾക്ക്‌ വലിയ ആയുസ്സ്‌ ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ അധികം താമസിയാതെ ആ കുഞ്ഞും മരണപ്പെട്ടു. 

 

ഇതാദ്യമായല്ല ഇന്ത്യയിൽ ഇത്തരമൊരു കുഞ്ഞ് ജനിക്കുന്നത്. 2016 ജൂണിൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ലതാ മങ്കേഷ്കർ ആശുപത്രിയിലാണ് ആദ്യമായി ഇന്ത്യയിൽ ഹാർലിക്വിൻ ഇക്തിയോസിസ് ബാധിച്ച കുട്ടി ജനിച്ചതെന്നാണു റിപ്പോർട്ടുകൾ. അന്നു ജനിച്ച കുട്ടി 48 മണിക്കൂർ കഴിഞ്ഞപ്പോൾ ശ്വാസതടസ്സം മൂലം മരിച്ചു. കുട്ടിക്ക് 1.8 കിലോയായിരുന്നു ജനിക്കുമ്പോൾ ഭാരം. 2017 ജനുവരിയിൽ ബീഹാറിലെ പട്നയിൽ 28കാരിക്ക് ഇത്തരമൊരു കുട്ടി ജനിച്ചത് രാജ്യാന്തര മാധ്യമമായ ‘ദ് സൺ’ റിപ്പോർട്ട് ചെയ്തിരുന്നു. 

സത്യാവസ്ഥ ഇതൊക്കെയാണെങ്കിലും ഈ ജനിതക രോ​ഗത്തെ കുറിച്ചറിയാത്ത മഹാന്മാർ പേനയും പേപ്പറുമെടുത്ത് തലയിലുദിക്കുന്ന ഭീകര കഥകൾ എരിവും പുളിയും മസാലയും ചേർത്ത് ഓഡിയോ ആക്കി വീഡിയോയ്ക്കൊപ്പം പ്രചരിപ്പിക്കുകയാണ് പതിവ്. ഇത് യാതൊന്നും ആലോചിക്കാതെ നിരവധി പേർ ഏറ്റെടുക്കാനുള്ളതാണ് ഇത്തരക്കാരുടെ വിജയം. 

November 28, 2019, 13:48 pm

Advertisement