17 Thursday
October , 2019
3.29 PM
livenews logo
flash News
സാമ്പത്തികപ്രതിസന്ധി: പഴിചാരുന്നത് നിർത്തി പരിഹാരം കണ്ടെത്താൻ നിർമലാ സീതാരാമനോട് മൻമോഹൻ സിങ് ദുബയിൽ മൽസരിച്ചു; പ്രവാസി ഇന്ത്യക്കാരന് സമ്മാനം കിട്ടിയത് കാനഡയിലെ ആറേക്കർ ദ്വീപ് 73 കോടി രൂപയുടെ വെള്ളം മോഷ്ടിച്ചുവെന്ന് പരാതി; ആറുപേർക്കെതിരേ കേസ് ഒറ്റയടിക്ക് മൂന്നു പ്രമോഷനുകൾ; പത്തുവർഷത്തെ നിയമപോരാട്ടത്തിലൂടെ എൻഎം സിദ്ധീഖിന് നീതി സവർക്കർക്ക് അല്ല ഭാരതരത്ന കൊടുക്കേണ്ടത് ​നാഥുറാം ​ഗോഡ്സേക്ക്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് കോൺ​ഗ്രസ് ബം​ഗ്ലാദേശിലേക്ക് അയച്ചോളൂ; ഇന്ത്യൻ പൗരനായി പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അസമിലെ തടവുകേന്ദ്രത്തിൽ മരിച്ച വൃദ്ധന്റെ കുടുംബം നിക്ഷേപം നടത്താൻ ഇന്ത്യയേക്കാൾ മികച്ച ഒരിടം ലോകത്തില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ച് 35 മരണം ഈരാറ്റുപേട്ടയിൽ നാല് വർഷത്തിനിടെ നാലാമത്തെ ചെയർമാൻ; കസേരയിലിരിക്കും മുമ്പ് തിരഞ്ഞെടുപ്പ് റദ്ദാക്കി വരണാധികാരി കൊലപാതകപരമ്പരയ്ക്കിടെ ജോളി ചെലവഴിച്ചത് കോടികൾ; പണം എവിടേക്കു പോയെന്നു പരിശോധിക്കുന്നു

ആലപ്പാട് നിയമങ്ങൾ കടലിൽതാഴ്ത്തി അമൃതാനന്ദമയി ട്രസ്റ്റ്; രേഖകളില്ലാതെ 25ഓളം അനധികൃത നിർമാണങ്ങൾ

October 08, 2019, 13:02 pm

അനധികൃത കരിമണൽ ഖനനത്തിന്റെ പേരിൽ വിവാദത്തിലിടംപിടിച്ച കൊല്ലം ജില്ലയിലെ അതീവ പരിസ്ഥിതിലോല പ്രദേശമായ ആലപ്പാട് പഞ്ചായത്തിൽ മാതാ അമൃതാനന്ദമയി മഠത്തിന്റെ വ്യാപക നിയമലംഘനങ്ങൾ. കായലിന്റേയും കടലിന്റേയും നടുക്കായി ഒരു വരമ്പ് പോലെ കിടക്കുന്ന ഇവിടെ പരിസ്ഥിതി-തീരദേശ- കെട്ടിട നിർമാണ നിയമങ്ങളും ചട്ടങ്ങളുമെല്ലാം കടലിൽ താഴ്ത്തിയാണ് മഠം ആസ്ഥാനമടക്കമുള്ള നിരവധി കെട്ടിടങ്ങൾ പണിതുയർത്തിയിരിക്കുന്നതെന്ന് രേഖകൾ. ഇതു സംബന്ധിച്ച് ആലപ്പാട് പഞ്ചായത്ത് 2017 ജൂൺ ഒമ്പതിനു നൽകിയ നോട്ടീസിന് ഇതുവരെ മഠം മറുപടി നൽകിയിട്ടില്ല. ഏഴാം വാർഡായ പറയകടവ് മുതൽ കുഴിത്തുറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം വരെ വരുന്ന ഏക്കറുകണക്കിനു ഭൂമിയിലായി തീരദേശ പരിപാലന നിയമം, 2011ലെ കേരളാ പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം എന്നിവയുടെ ന​ഗ്നമായ ലംഘനങ്ങളുടെ കൂമ്പാരമാണ് ഉണ്ടായിട്ടുള്ളത്. 

തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള 2/7, 2/8, 3/6, 3/7, 3/8, 3/9, 4/2, 4/3, 4/4, 4/5, 4/13 എന്നീ സർവേ നമ്പരുകളിലെ നിർമാണങ്ങൾ പൊളിച്ചുകളയണം എന്നും ഇല്ലെങ്കിൽ മഠം മാനേജർക്കെതിരെ നടപടികൾ സ്വീകരിക്കും എന്നുമാണ് 2017ലെ നോട്ടീസിനൊപ്പമുള്ള ഉത്തരവിൽ ഉള്ളത്. ഈ ഉത്തരവ് സ്ഥിരീകരിക്കാതിരിക്കാൻ കാരണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ 15 ദിവസത്തിനകം ബോധിപ്പിക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഇതൊന്നും നടപ്പായില്ല. ഇവയടക്കം വലുതും ചെറുതുമായ 25ലേറെ കെട്ടിടങ്ങളാണ് പഞ്ചായത്തിലെ ഏഴാം വാർഡിൽ യാതൊരുവിധ രേഖകളും ഇല്ലാതെ പ്രവർത്തിക്കുന്നത്. കെട്ടിട നമ്പരോ കൈവശാവകാശ രേഖകളോ രജിസ്ട്രേഷനോ ഇല്ലാതെയാണ് ഇവയെല്ലാം പ്രവർത്തിക്കുന്നതെന്ന് പഞ്ചായത്ത് തന്നെ വ്യക്തമാക്കുന്നു. 

ഈ പ്രദേശത്തിന്റെ പടിഞ്ഞാറ് കടൽത്തീരവും കിഴക്ക് സിഎസ് കനാലുമാണുള്ളത്. ഈ രണ്ട് വശത്തു നിന്നുമുള്ള തീരദേശ നിയമങ്ങളെല്ലാം ലംഘിച്ചുള്ള നിർമാണങ്ങളാണ് ഇവിടെ അമൃതാനന്ദമയി ട്രസ്റ്റ് നടത്തിയിട്ടുള്ളതെന്ന് ആലപ്പാട് പഞ്ചായത്ത് സെക്രട്ടറി ദിലീപ് ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. മഠത്തിന്റെ പേരിലല്ല മറിച്ച് മറ്റു പല ബിനാമികളുടേയും പേരിലാണ് ഇവയെന്നും പറയപ്പെടുന്നു. ആശ്രമത്തിന്റെ ആസ്ഥാനം, ആശുപത്രി, കോളേജുകളുടെ ഹോസ്റ്റലുകൾ, ആശ്രമത്തിലെ അന്തേവാസികൾക്കും മറ്റുള്ളവർക്കമുള്ള ഫ്ലാറ്റുകൾ, ഓഫ്സെറ്റ് പ്രസ്, ആയുർവേദ മരുന്ന് നിർമാണശാല, വില്ലകൾ, ഓപൺ എയർ ഓഡിറ്റോറിയം തുടങ്ങിയ സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. ഇതിനൊന്നും നമ്പരില്ല. ആധാരങ്ങളില്ല. രജിസ്ട്രേഷൻ നടത്തിയിട്ടില്ല. 1986ൽ സ്ഥാപിച്ച അമൃതാനന്ദമയി ട്രസ്റ്റിന്റെ ആസ്ഥാനം തൊട്ട് അധികാരികളെ വെല്ലുവിളിച്ചും നിയമങ്ങളെ കാറ്റിൽ പറത്തിയും ഇപ്പോഴും നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്. 

പുതുതായി നിർമിച്ച കെട്ടിടങ്ങളുടേതടക്കമുള്ള പൂർണമായ കണക്കെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണെന്നും ഇത് തയ്യാറാക്കിയ ശേഷം വീണ്ടും പൊളിക്കാനുള്ള നോട്ടീസ് നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി ന്യൂസ്ടാ​ഗ് ലൈവിനോടു വ്യക്തമാക്കി. ''2012-13, 2013-14, 2014-15 വർഷങ്ങളിലെ ലോക്കൽഫണ്ട് ഓഡിറ്റിൽ ഈ അനധികൃത നിർമാണങ്ങളെ കുറിച്ച് പരാമർശങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2015ൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയുണ്ടായിരുന്നില്ല. പിന്നീട് 2017-18 ൽ ട്രസ്റ്റ് ഏഴ് കെട്ടിടങ്ങളുടെ ഫയൽ സമർപ്പിച്ചെങ്കിലും ഇതിന്റെ യഥാർഥ രേഖകൾ (ഒറിജിനൽ രജിസ്റ്റേഡ് ഡോകുമെന്റ്) ​ഹാജരാക്കിയില്ല. ഒരു കെട്ടിടത്തിന് നമ്പർ വേണമെങ്കിൽ അത് രജിസ്റ്റർ ചെയ്ത പ്രമാണം ഹാജരാക്കണം എന്നിരിക്കെയാണ് ഇതൊന്നും സമർപ്പിക്കാതിരുന്നത്. എന്നാൽ പിന്നീട് ഈ കെട്ടിടങ്ങളുടെ ഉടമസ്ഥത മഠം ട്രസ്റ്റീയുടെ പേരിലാണെന്ന് പറഞ്ഞുള്ള രേഖകൾ കാണിച്ചപ്പോൾ ഇവയ്ക്ക് അൺ ഓതറൈസ്ഡ് നമ്പർ ഇട്ടുകൊടുത്തെന്നും'' പഞ്ചായത്ത് സെക്രട്ടറി വിശദമാക്കി. ഈ എഴെണ്ണം മൊത്തം കെട്ടിടങ്ങളുടെ ചെറിയൊരു ഭാ​ഗം മാത്രമാണ്. 

 

ഇവയ്ക്ക് ടാക്സ് ഈടാക്കാൻ മാത്രമാണ് അൺ ഓതറൈസ്ഡ് നമ്പർ നൽകിയത്. നിയമലംഘനം ഉള്ളതിനാൽ ഇവയിൽ നിന്ന് ഒരു ചതുരശ്ര മീറ്ററിന് മൂന്നിരട്ടിയാണ് ടാക്സ് ഈടാക്കുന്നത്. നിലവിൽ പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാ​ഗത്തിന്റേയും സ്റ്റാഫുകളുടേയും സംയുക്ത ടീം ഉണ്ടാക്കി മഠം കോംപൗണ്ടിനുള്ളിൽ സർവേ ആരംഭിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ അത് പൂർത്തിയാവും. അതിനു ശേഷമായിരിക്കും പൊളിച്ചുകളയണം എന്നാവശ്യപ്പെട്ട് പുതിയ നോട്ടീസ് നൽകുകയെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അതേസമയം, കെട്ടിടങ്ങളുടെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ അവയൊക്കെ 2004ലെ സുനാമിയിൽ നഷ്ടപ്പെട്ടു എന്നായിരുന്നു മഠം അധികൃതരുടെ വിചിത്രവാദം. ഒരു വാദത്തിനു വേണ്ടി ഇത് അം​ഗീകരിച്ചാലും ഇവയുടെ രേഖകൾ വില്ലേജ് ഓഫീസിൽ കാണേണ്ടതാണ്. എന്നാൽ അവിടെയില്ല. സുനാമിയിൽ ആധാരം നഷ്ടമായ നിരവധി കുടുംബങ്ങൾക്ക് റവന്യു വകുപ്പ് പകരം ആധാരം ലഭ്യമാക്കിയിരുന്നു. എന്നിട്ടും എന്തുകൊണ്ട് മഠം അധികൃതർ ഈ അവസരം ഉപയോ​ഗിച്ചില്ല എന്നതാണ് വെട്ടിപ്പ് വ്യക്തമാക്കുന്ന മറ്റൊരു കാര്യം.

മാത്രമല്ല, രേഖകൾ സുനാമിയിൽ നശിച്ചെങ്കിൽ അതിനു ശേഷം നിർമിച്ച കെട്ടിടങ്ങളുടെ രേഖകൾ എവിടെ എന്ന ചോദ്യവും ഉയരുന്നു. മഠവും കെട്ടിടങ്ങളും നിലനിൽക്കുന്ന പറയകടവ് പ്രദേശത്ത് സുനാമി ബാധിച്ചിരുന്നില്ല എന്നതാണ് മറ്റൊരു സത്യം. ഇല്ലാത്ത സുനാമിയിൽപ്പെട്ട് എങ്ങനെ രേഖകൾ നഷ്ടമായെന്നതാണ് മറ്റൊരു ചോദ്യം. തങ്ങളുടെ കൈയിൽ സർവേ നമ്പരുണ്ടെന്നും റീ സർവേയുമായി ബന്ധപ്പെടുത്താൻ ആവാത്തതിനാൽ ആണ് രേഖകൾ ഹാജരാക്കാൻ താമസം എന്നാണ് മറ്റൊരു വാദമെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നു. എന്നാൽ നോട്ടീസ് കൊടുത്തിട്ട് രണ്ടര വർഷം ആയിട്ടും ഇതുവരെ അവ കിട്ടിയില്ലെന്നത് കളവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റീ സർവേ രേഖകൾ വില്ലേജിലും താലൂക്കിലും ഇല്ലെങ്കിൽ സംസ്ഥാന സർവേ ഡയറക്ടറേറ്റിൽ ഉണ്ടാവും. അവിടെയും ഇല്ല എന്നു പറയുന്നത് എങ്ങനെ അം​ഗീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ചോദിക്കുന്നു. 

 

പ്രദേശത്ത് താമസിക്കുകയും മുമ്പ് താമസിച്ചിരുന്നതുമായ കുടുംബങ്ങളുടെ കൈയിൽ നിന്ന് മറ്റൊരിടത്ത് ഭൂമി നൽകാം എന്ന കരാറിൽ  (പരസ്പര മാറ്റാധാരം) അവരുടെ വീടും പുരയിടവും വാങ്ങി കുടിയൊഴിപ്പിക്കുകയാണ് പതിവെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലത്ത് മഠം വലിയ കെട്ടിടങ്ങൾ പണിയുകയും ഇത് പഴയ ഉടമയുടെ പേരിൽ തന്നെ നിലനിൽക്കുകയും ചെയ്യുന്നു.  ഇവിടെ നിന്നു മാറ്റിയ പല കുടുംബങ്ങളേയും സ്രായിക്കാട് എന്ന പ്രദേശത്താണ് താമസിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ കൈക്കലാക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം രജിസ്റ്റർ ഓഫീസ് വഴി നിയമപ്രകാരം മാറ്റാറില്ലെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. ഇതിനാലാണ് രേഖകൾ ഇല്ലാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പല കെട്ടിടങ്ങൾക്കും സ്കെച്ചും പ്ലാനും പോലുമില്ലെന്നും ദിലീപ് അറിയിച്ചു. 

കടലിൽ നിന്നും 200 മീറ്ററും കായലിൽ നിന്ന് 100 മീറ്റർ ദൂരവും വിട്ടു വേണം കെട്ടിടങ്ങൾ പണിയാനെന്നാണ് കെട്ടിട നിർമാണ ചട്ടം. എന്നാൽ ഇതും ലംഘിച്ചിരിക്കുകയാണ്. കേരളാ പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം നിലവിൽ വരുന്നതിനു മുമ്പുള്ള മുനിസിപ്പൽ ആക്ട് ലംഘിച്ചിട്ടുള്ള നിർമാണങ്ങളും നിരവധി. കടലിനോട് ചേർന്നാണ് ആയുർവേദ മരുന്ന് നിർമാണ ശാല സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, ഫ്ലാറ്റുകൾ താമസക്കാർക്ക് വിൽക്കുന്നതിലും വലിയ ക്രമക്കേടുണ്ടെന്നും ആരോപണമുണ്ട്. ചെറിയ തുക സംഭാവന എന്ന രീതിയിൽ രസീത് എഴുതി വാങ്ങിയാണ് ഫ്ലാറ്റുകൾ കൈമാറുന്നതെന്നും കോളേജിലെ ഫീസ് പോലും ഈ രീതിയിലാണ് വാങ്ങുന്നതെന്നും പഞ്ചായത്ത് അം​ഗങ്ങൾ ആരോപിക്കുന്നു. എല്ലാവിധ വരവുകളും ഈ രസീതിലാണ് എഴുതുന്നത്. ഫ്ലാറ്റുകൾ പുറത്തുനിന്നുള്ളവർക്കായി സംഭാവന വാങ്ങി കൈമാറുമ്പോൾ വില്ലകളും ബം​ഗ്ലാവുകൾ തോൽക്കുന്ന തരത്തിലുള്ള വീടുകളുമൊക്കെ മാതാ അമൃതാനന്ദമയിയുടെ മാതാവിനും സഹോദരർക്കും താമസിക്കാനായി നൽകിയിരിക്കുകയാണ്. 

 

അമൃതാനന്ദമയി മഠത്തിനു കീഴിൽ ഇത്രയും വലിയ നിയമലംഘനങ്ങൾ നടന്നിട്ടും രാഷ്ട്രീയക്കാരോ നേതാക്കളോ കണ്ടതായി പോലും നടിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. നോട്ടീസ് നൽകിയിട്ടും അതിന് മറുപടി നൽകാതിരിക്കുന്ന മഠം അധികൃതരുടെ നടപടിക്കെതിരെ മറ്റു നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനോ ആവുന്നില്ല. പൊളിക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി അത് പാലിക്കാതിരുന്നാലും അനധികൃത കെട്ടിടങ്ങൾ പൊളിപ്പിക്കാനുള്ള നടപടി റവന്യു വകുപ്പോ സർക്കാരോ സ്വീകരിക്കുന്നുമില്ല. രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ പ്രതിഷേധമോ നടപടിയാവശ്യപ്പെട്ടുള്ള നീക്കങ്ങളോ നടത്തുന്നില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു. മാറി മാറി വന്ന സർക്കാരുകൾക്ക് ഈ നിയമലംഘനങ്ങളെ കുറിച്ച് അറിവില്ലാഞ്ഞിട്ടല്ല നടപടികൾ ഉണ്ടാവാത്തതെന്നത് യാഥാർഥ്യമാണെന്നിരിക്കെ പിണറായി സർക്കാർ ഇനിയെങ്കിലും എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നത് കണ്ടറിയണം.

October 08, 2019, 13:02 pm

Advertisement