ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്ലയർ ഓഫ് ദ മന്ത് പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ടവരിൽ ഇന്ത്യൻ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തും. ഇന്ത്യയുടെ ആസ്ത്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ കാഴ്ചവച്ച മികച്ച പ്രകടനമാണ് റിഷഭ് പന്തിനെ പട്ടികയിൽ തിരഞ്ഞെടുക്കാൻ കാരണമായത്.
ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, അയർലന്റിന്റെ പോൾ സ്റ്റിർലിങ് എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റു രണ്ടുതാരങ്ങൾ.
23കാരനായ റിഷഭ് പന്ത് സിഡ്നി ടെസ്റ്റിൽ നേടിയ 97 റൺസും ബ്രിസ്ബനിൽ ഇന്ത്യയെ അസാധ്യമെന്നു തോന്നിച്ച വിജയത്തിലേക്കു നയിച്ച 89ഉം റൺസ് പ്രകടനവുമാണ് ശ്രദ്ധേയനാക്കിയത്.
ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ജോ റൂട്ട് 228ഉം 186ഉം റൺസ് നേടിയിരുന്നു. ഇതോടെ പരമ്പര 2-0ന് ഇംഗ്ലണ്ട് തൂത്തുവാരുകയും ചെയ്തു.
അയർലന്റ് താരമായ പോൾ സ്റ്റിർലിങ്ങ് മൂന്ന് ഏകദിന സെഞ്ച്വറികളാണ് നേടിയത്.
വനിതാ താരങ്ങളിൽ പാകിസ്താന്റെ ഡയാന ബെയ്ഗ്, ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മാഈൽ, മരിസാൻ കാപ്പ് എന്നിവരാണ് സ്റ്റാർ ഓഫ് ദ മന്ത് നാമനിർദേശപട്ടികയിൽ ഇടംപിടിച്ചത്.
February 02, 2021, 15:41 pm