12 Sunday
July , 2020
2.42 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

'ഇശൽ രാമായണവും' 'കുഞ്ഞാലി മരയ്ക്കാർ പടപ്പാട്ടും' പ്രസിദ്ധീകരണ പ്രഖ്യാപനം നടത്തി


തിരുവനന്തപുരം: പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ഒ എം കരുവാരക്കുണ്ട് രചിച്ച 'ഇശൽ രാമായണം', നസറുദ്ദീൻ മണ്ണാർക്കാട് രചിച്ച 'കുഞ്ഞാലി മരയ്ക്കാർ പടപ്പാട്ട്' എന്നീ കൃതികളുടെ പ്രസിദ്ധീകരണ പ്രഖ്യാപനം തിരുവിതാംകൂർ കൃഷ്ണ വിലാസം കൊട്ടാരത്തിൽ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവ്വതീഭായി തമ്പുരാട്ടി നിർവ്വഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചടങ്ങിൽ പ്രത്യേക ക്ഷണിതാവായിരുന്നു. ചടങ്ങിൽ ഫൈസൽ എളേറ്റിൽ മാപ്പിളപ്പാട്ടിനെ പരിചയപ്പെടുത്തി.

 

മാപ്പിളപ്പാട്ടിന്റെ പരമ്പരാഗത പ്രാസ നിയമങ്ങളായ കമ്പി, കഴുത്ത്, വാല്‍ക്കമ്പി, വാലുമ്മക്കമ്പി തുടങ്ങിയവ പാലിച്ച ലക്ഷണമൊത്ത ചതുഷ്‌കങ്ങളായാണ് 141 ഇശലുകളിൽ ഇശൽ രാമായണം പൂർത്തിയാക്കിയിരിക്കുന്നത്. ആദി കാണ്ഡം മുതൽ ഉത്തര കാണ്ഡം വരെ ഏഴു കാണ്ഡങ്ങളായി അഞ്ചു വർഷമെടുത്താണ് രചന പൂർത്തിയാക്കിയത്. ആലങ്കോട് ലീലാകൃഷ്ണൻ അവതാരിക നിർവ്വഹിച്ച കൃതി മഹാകവി അക്കിത്തത്തിന്റെ പ്രൗഢമായ കുറിപ്പോടെയാണ് വെളിച്ചം കാണുന്നത്.

 

16ാം നൂറ്റാണ്ടിലെ കേരള ചരിത്രം 110 ഇശലുകളിലൂടെ വിവരിക്കുന്ന 'കുഞ്ഞാലി മരക്കാർ പടപ്പാട്ട്' വാസ്കോഡ ഗാമയുടെ വരവോടെയാണ് ആരംഭിക്കുന്നത്. വിവിധ തലമുറകളിൽപെട്ട സാമൂതിരിമാർ, മഖ്ദൂമുമാർ, കോഴിക്കോട് ഖാളിമാർ, നാല് തലമുറ കുഞ്ഞാലി മരക്കാറുമാർ തുടങ്ങിയ ചരിത്ര പുരുഷന്മാരുടെ ജീവിതം പരാമർശിക്കുന്ന കൃതി നാല് വർഷത്തോളമെടുത്താണ് രചന പൂർത്തിയാക്കിയിരിക്കുന്നത്. മാപ്പിളപ്പാട്ടിന്റെ പരമ്പരാഗത പ്രാസ നിയമങ്ങളിൽ കണിശത പുലർത്തിയ കൃതിയിൽ പാട്ടുകളോടൊപ്പം ഗദ്യ വിവരണങ്ങളും ചേർത്തിട്ടുണ്ട്. 

 

തിരുവനന്തപുരം ആസ്ഥാനമാക്കി സ്ഥാപിതമാവുന്ന ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസാണ് ഇരു കൃതികളും പ്രസിദ്ധീകരണത്തിന് ഏറ്റെടുത്തിരിക്കുന്നത്. ഇന്തോ അറബ് സംസ്കാരങ്ങളുടെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന ട്രാവൻകൂർ ഹെറിറ്റേജിന്റെ ചെയർമാൻ ഡയസ് ഇടിക്കുള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

 

യുഎഇ മുൻ പരിസ്ഥിതി മന്ത്രി ഡോ. മൊഹമ്മദ്‌ സായിദ് അൽ കിന്തി, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി, സ്വാമി സൂഷ്മാനന്ദ (ശിവഗിരി മഠം), ഡോ. ടി പി ശ്രീനിവാസൻ, കേരളാ ഹിസ്‌റ്ററി കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ഗോപകുമാരൻ നായർ,  എസ് എൻ. രഘുചന്ദ്രൻ നായർ (തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്), പാളയം ഇമാം വി പി സുഹൈബ് മൗലവി, അൻവർ നഹ (ദുബായ് കെഎംസിസി മുൻ പ്രസിഡൻ്റ്), സുബൈർ വെള്ളിയോട് (ഇശൽ മാല), ഡോ. ഉമ്മൻ. വി ഉമ്മൻ (കേരളാ ബയോഡൈവേഴ്‌സിറ്റി ബോർഡ് മുൻ ചെയർമാൻ), രമണ മഹർഷി ആശ്രമം ട്രസ്റ്റി മഞ്ജുള റെഡ്ഢി, വർക്കല വാവ (ശിവഗിരി ഹെൽപ് ലൈൻ, ചെയർമാൻ), രവി വർമരാജാ (ക്ഷത്രീയ ക്ഷേമ സമിതി) തുടങ്ങിയവരും കേരളാ യൂണിവേഴ്‌സിറ്റി കോളേജ് ചരിത്ര പഠന വിദ്യാർഥികളും പങ്കെടുത്തു.

January 24, 2020, 20:46 pm

Advertisement