പതിറ്റാണ്ടുകൾ നീണ്ട വിലക്ക് പിൻവലിച്ച് ഇസ്രായേലുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച യുഎഇയുടെ വഴി പിന്തുടർന്ന് ബഹ് റയിനും. യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ബഹ്റയ്ൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായും യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപ് നടത്തിയ ചർച്ചകൾക്കു ശേഷമാണ് ബഹ്റയ്നും ഇസ്രായേലും നയതന്ത്രബന്ധം പുനസ്ഥാപിക്കുന്ന സംയുക്ത പ്രസ്താവന വെള്ളിയാഴ്ച പുറത്തുവിട്ടത്.
പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരുന്നതിനുള്ള ചരിത്രനീക്കമാണ് കരാറെന്നു പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞമാസമാണ് യുഎയും ഇസ്രായേലും നയതന്ത്രബന്ധം പുനസ്ഥാപിച്ചത്. വിലക്ക് നീങ്ങിയതോടെ ഇസ്രായേലിൽ നിന്നുള്ള ആദ്യ വിമാനം യുഎഇയിലെത്തിയിരുന്നു. യുഎസിന്റെ നേതൃത്വത്തിലാണ് ഇസ്രായേൽ പ്രതിനിധികൾ ഈ വിമാനത്തിൽ യുഎ. ഈ മാസം 15ന് വൈറ്റ് ഹൗസിൽ നടക്കുന്ന കരാർ ഒപ്പിടൽ ചടങ്ങിൽ യുഎഇയ്ക്കൊപ്പം ബഹ്റയ്നും പങ്കെടുക്കുമെന്നും ട്രംപ് മാധ്യമങ്ങളെ അറിയിച്ചു.
ഇസ്രായേൽ-ബഹ്റയ്ൻ കരാർ ഇത്രവേഗം സാധ്യമാകുമെന്നു ചിന്തിച്ചിരുന്നു പോലുമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ നാലുവർഷത്തെ ഭരണനേട്ടങ്ങളിലൊന്നാണ് ഈ കരാറുകളെന്ന് ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജേഡ് കുഷ്നർ അറിയിച്ചു.
ബഹ്റയ്ൻ-ഇസ്രായേൽ കരാർ മുസ് ലിം ലോകത്തിന്റെ ആശങ്ക കുറയ്ക്കുമെന്നും പലസ്തീൻ വിഷയം തങ്ങളുടെ രാജ്യ താൽപര്യങ്ങളിൽ നിന്നും വിദേശനയത്തിൽ നിന്നും മാറ്റുന്നതോടെ ആഭ്യന്തര മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്ക് കഴിയുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപന ശേഷം മാധ്യമങ്ങളെ കണ്ട ജേഡ് കുഷ്നർ പറഞ്ഞത്.
അതേസമയം പലസ്തീൻ അധിനിവേശം തുടരുന്ന ഇസ്രായേലുമായി ബന്ധം പുനസ്ഥാപിക്കുന്ന അറബ് രാജ്യങ്ങളുടെ നടപടിയെ പലസ്തീൻ നേതാക്കൾ നിശിതമായി വിമർശിച്ചു. പലസ്തീനെതിരായ മറ്റൊരു ചതിയാക്രമണമാണ് ബഹ്റയ്ൻ-ഇസ്രായേൽ കരാറെന്നാണ് പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ കുറ്റപ്പെടത്തിയത്.
പലസ്തീനികളുടെ പ്രശ്നം പരിഹരിക്കപ്പെടാതെ അറബ് രാജ്യങ്ങളും ഇസ്രായേലുമായുള്ള സമാധാനം സാധ്യമാകില്ലെന്നാണ് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ബന്ധപ്പെട്ട വൃത്തം അൽജസീറയോടു പറഞ്ഞത്.
September 12, 2020, 10:37 am