12 Wednesday
May , 2021
7.43 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

അഞ്ച് ദിവസം കഴിഞ്ഞു; ഉമ്മയെ കണ്ട് കൊതിതീരാതെ കണ്ണീരോടെ മടങ്ങി സിദ്ദീഖ് കാപ്പൻ; മാന്യനായ ആളെന്ന് യുപി പൊലീസ്


കോഴിക്കോട്: ദലിത് പെണ്‍കുട്ടിയെ സവർണർ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി കൊന്ന ഹാഥ്രസിലേക്ക് റിപ്പോർട്ടിങ്ങിന് പോകവെ യുപി പൊലീസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അഞ്ചു ദിവസത്തെ ജാമ്യത്തിനു ശേഷം ജയിലിലേക്കു മടങ്ങി. വേങ്ങര പൂച്ചോലമാട്ടിലെ വീട്ടിൽ നിന്നും ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് സിദ്ദീഖ് കാപ്പൻ മടങ്ങിയത്.

 

രോഗിയായ ഉമ്മയെ കാണാനാണ് സീദ്ദീഖ് കാപ്പന് സുപ്രീംകോടതി അഞ്ചു ദിവസത്തെ ജാമ്യം അനുവദിച്ചത്. 90 വയസുള്ള രോ​ഗിയായ ഉമ്മയ്ക്ക് താങ്ങാനുള്ള കരുത്തില്ലാത്തതിനാൽ മകൻ ഇതുവരെ ജയിലിലാണെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കോഴിക്കോട്ടെ ജോലിസ്ഥലത്തേക്കു പോവുകയാണെന്നും രണ്ടു ദിവസം കഴിഞ്ഞ് വരാമെന്നുമാണ് സിദ്ദീഖ് വൃദ്ധയും അവശയുമായ ഉമ്മയോട് ജയിലിലേക്കുള്ള മടക്കയാത്രയിൽ പറഞ്ഞതെന്ന് ഭാര്യ റൈഹാനത്ത് ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. ഭാര്യയും മക്കളും സഹോദരങ്ങളും കണ്ണീരോടെയാണ് സിദ്ദീഖിനെ യാത്രയാക്കിയത്.

 

യുപി പൊലീസും കേരള പൊലീസും ഒരുക്കിയ കനത്ത സുരക്ഷയ്ക്കിടെയാണ് സിദ്ദീഖ് അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യത്തില്‍ വീട്ടിലെത്തിയത്. രോഗം മൂര്‍ഛിച്ച് ആരെയും തിരിച്ചറിയാതെ കിടന്നിരുന്ന ഉമ്മയുടെ രോഗാവസ്ഥയ്ക്ക് സിദ്ദീഖ് എത്തി ഒരു ദിവസം കഴിഞ്ഞപ്പോൾ ചെറിയ മാറ്റമുണ്ടായതായും ഭാര്യ റൈഹാനത്ത് പറഞ്ഞു. കുറച്ചൊക്കെ സംസാരിച്ചു. ജയിലിലേക്ക് തിരിച്ചു പോകുന്നതു വരെ കൂടുതല്‍ സമയവും സിദ്ദീഖ് ഉമ്മയോടൊപ്പമാണ് ചെലവഴിച്ചത്. 

 

മകന്റെ സാന്നിധ്യം ഉണ്ടായതോടെയാണ് ചെറിയ മാറ്റമുണ്ടായതെന്നും ഭാര്യ പറഞ്ഞു. വീണ്ടും കാണാതാവുന്നതോടെ പഴയ അവസ്ഥയിലേക്ക് പോവുമോ എന്ന പേടിയുണ്ടെന്നും മകനെ ഇതുവരെ കാണാത്തതിൽ ആശങ്കയും ആധിയും കയറിയാണ് സ്ഥിതി ​ഗുരുതരമായതെന്നും ഭാര്യ പറഞ്ഞു. 

 

സിദ്ദീഖിന് അകമ്പടിയായി എത്തിയ യുപി പൊലീസ് വളരെ മാന്യവും സൗഹാർദപരവുമായിട്ടാണ് പെരുമാറിയിരുന്നതെന്നും ഭാര്യ വ്യക്തമാക്കി. വീട്ടുകാരെ കുറിച്ചും ഇവിടുത്തെ കാര്യങ്ങളെ കുറിച്ചും നല്ല അഭിപ്രായങ്ങളേ റിപ്പോർട്ട് ചെയ്യൂ എന്നും യുപി പൊലീസ് അറിയിച്ചു. സിദ്ദീഖ് വളരെ മാന്യനായ ആളാണെന്നും അദ്ദേഹത്തെ തെറ്റിദ്ധരിച്ചതാവാമെന്നും യുപി പൊലീസ് പറഞ്ഞു. വീട്ടില്‍ ഇത്തരമൊരു സാഹചര്യമല്ല പ്രതീക്ഷിച്ചിരുന്നതെന്ന് കേരള പൊലീസും പ്രതികരിച്ചു. 

 

യുപി പൊലീസിനും കേരള പൊലീസിനും വിശ്രമിക്കാന്‍ വീടിനു സമീപം സൗകര്യം ഒരുക്കിയിരുന്നു. യുപിയിൽ നിന്ന് ആറ് പൊലീസുകാരാണ് ഉണ്ടായിരുന്നത്. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരൊന്നും സിദ്ദീഖ് കാപ്പനെ കാണാന്‍ ശ്രമിച്ചില്ല. സിദ്ദീഖിന് ജാമ്യം ലഭിക്കാന്‍ സഹായിച്ചതിന് അഭിഭാഷകരോടും വിഷയത്തില്‍ ഇടപെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നും സിദ്ദീഖിന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു.

 

മഥുര ജയിലിൽ തിരികെ എത്തിയതിനു ശേഷം സിദ്ദീഖ് ഇന്ന് വിളിച്ചിരുന്നതായും അടുത്തമാസം രണ്ടിന് വീണ്ടും സുപ്രീംകോടതി വാദം കേൾക്കാനായി കേസ് പരി​ഗണിക്കുമെന്നും റൈഹാനത്ത് വ്യക്തമാക്കി. ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് രാജ്യദ്രോഹക്കുറ്റവും യുഎപിഎയും കലാപക്കുറ്റവും ചുമത്തുകയായിരുന്നു.

February 22, 2021, 21:43 pm

Advertisement

Advertisement