നടിയെ ആക്രമിച്ച കേസിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഇരയ്ക്കൊപ്പമെന്ന് പറയാനെളുപ്പമാണെന്നും എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാൻ ആരുമില്ലെന്നും ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ആക്രമിക്കപ്പെട്ട നടി ഇന്നലെ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവച്ചതോടെയാണ് ഇത് ഷെയർ ചെയ്ത് നിരവധി താരങ്ങൾ പിന്തുണ അറിയിച്ചത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരാണ് ഒടുവിലായി പിന്തുണയറിയിച്ചത്. കൂടാതെ, പൃഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജു വാര്യര്‍, ബാബുരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്, സംയുക്ത മേനോന്, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, പാര്‍വതി തിരുവോത്ത്, നിമിഷ സജയന്, തുടങ്ങി നിരവധി പേരാണ് അക്രമം അതിജീവിച്ച നടിക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്.
സോഷ്യല്‍ മീഡിയയിലും നിരവധി പേര് പിന്തുണയമായി രംഗത്ത് എത്തി. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും നടി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നെന്നും ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുകയാണെന്നും നടി പറഞ്ഞിരുന്നു. നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്ക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും നടി വ്യക്തമാക്കിയിരുന്നു.
January 11, 2022, 13:04 pm