19 Saturday
September , 2020
11.33 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ഈ മനുഷ്യവേട്ട പൊതുപ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിത പദ്ധതി; സിഎഎ വിരുദ്ധ സമരം വിജയം: കണ്ണൻ ​ഗോപിനാഥൻ


ഷിയാസ് ബിൻ ഫരീദ്

 

ഡൽഹി പൊലീസിന്റെ മനുഷ്യ വേട്ട രാജ്യത്തെ പൊതു പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത പദ്ധതിയെന്ന്, മോദി സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ഐഎഎസ് പദവിയിൽ നിന്ന് രാജിവച്ച കണ്ണൻ ​ഗോപിനാഥൻ. ഡൽഹി പൊലീസ് ഒരു വിഭാ​ഗത്തെ മാത്രം ലക്ഷ്യം വച്ചാണ് അന്വേഷണം നടത്തുന്നതെന്ന് കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. അടിയന്തരാവസ്ഥ കാലത്ത് മിസ പ്രയോ​ഗിച്ചതുപോലെ യുഎപിഎ ഉപയോ​ഗിച്ച്, ദേശദുരക്ഷാ ഭീഷണിയെന്നൊക്കെ പറഞ്ഞ് ജയിലിലിടുന്നതൊക്കെ അധികാരത്തിലിരിക്കുമ്പോൾ എന്തും ചെയ്യാം എന്ന ധാർഷ്ട്യം കൊണ്ടാണ്. എന്നാൽ സമയവും ദേശവും രാജ്യവുമൊന്നും ഇവിടം കൊണ്ട് തീരുന്നതല്ലല്ലോയെന്നും മുന്നോട്ടുപോവുന്നതല്ലേയെന്നും കണ്ണൻ ​ഗോപിനാഥൻ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു.

 

പൗരത്വ പ്രക്ഷോഭത്തിലെ പ്രസം​ഗത്തിന്റെ പേരിൽ ഡൽഹി കലാപത്തിൽ പങ്കാരോപിച്ച് മുൻ ജെഎൻയു വിദ്യാർഥി ഉമർഖാലിദിനെ ഡൽഹി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമർ ഖാലിദ് വളരെ ബുദ്ധിമാനും ധൈര്യശാലിയുമാണ്. ഇവരുടെ സമരവും പ്രസം​ഗങ്ങളും സിഎഎ, എൻആർസിക്കെതിരെ ജനങ്ങൾക്കിടയിൽ വിരോധമുണ്ടാക്കി എന്നാണ് കുറ്റപത്രത്തിൽ പോലും പാെലീസ് പറയുന്നത്. അതൊക്കെ ഇതിനെതിരെ പ്രസം​ഗിച്ചവർക്കുള്ള ഒരു അം​ഗീകാരമായിട്ടാണ് ശരിക്കും കാണേണ്ടത്. അവരത് സംസാരിച്ചതു കൊണ്ട് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായെങ്കിൽ അത് നേട്ടമാണ്. അന്യായത്തിനെതിരെ ജനങ്ങൾക്കിടയിൽ ആ തോന്നൽ ഉണ്ടാവണം എന്നതാണല്ലോ ജനാധിപത്യം. 

 

അറസ്റ്റ് ചെയ്യപ്പെടില്ലെന്നും ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നൊരു സർക്കാർ ആണെന്നുമുള്ള ധാരണ ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഈ സമരത്തിനൊന്നും പോകേണ്ട കാര്യമില്ലായിരുന്നു. എനിക്ക് രാജിവയ്ക്കേണ്ട കാര്യമില്ലായിരുന്നു. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വാസമില്ലാത്ത സർക്കാരായതിനാലാണല്ലോ സമരങ്ങൾ ഉണ്ടാവുന്നത്. എന്നാൽ തങ്ങൾക്ക് അധികാരമുണ്ട്, നിയമങ്ങൾ ദുരുപയോ​ഗം ചെയ്ത് ആരെ, എങ്ങനെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം, എത്ര നാൾ വേണമെങ്കിൽ ജാമ്യമില്ലാതെ ജയിലിടയ്ക്കാം എന്നൊക്കെയുള്ള ധാരണ ഉള്ള സർക്കാരായതിനാലാണ് അവർക്കെതിരെ ശക്തമായി പോരാടേണ്ടതെന്നും കണ്ണൻ ​ഗോപിനാഥൻ വ്യക്തമാക്കി. ഭരണകൂടത്തിനെതിരെ എന്ത് പറഞ്ഞാലും അറസ്റ്റുണ്ടാവും എന്ന സാഹചര്യമാണിപ്പോൾ.

 

എനിക്കെതിരെ രാജ്കോട്ട് പൊലീസ് ജാമ്യമില്ലാ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത് പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തു എന്ന് പറഞ്ഞാണ്. രണ്ട് മാസം മുമ്പായിരുന്നു അത്. മതപരമായി അധിക്ഷേപിച്ചു എന്നാണ് പൊലീസിന്റെ വാദം. അപ്പോൾ ഭരണഘടനാ മൂല്യങ്ങൾക്കു വേണ്ടിയോ ജനാധിപത്യത്തിനു വേണ്ടിയോ സംസാരിക്കുന്നവരെ എങ്ങനെയെങ്കിലും പേടിപ്പിക്കാൻ ശ്രമിക്കുക എന്നതാണ് ഇതിനൊക്കെ പിന്നിലുള്ള താൽപര്യം. എന്നാൽ ഈ വിദ്യാർഥികളെല്ലാവരും പിന്നീട് ഇങ്ങനെയൊക്കെ സംഭവിക്കും എന്നറിഞ്ഞു കൊണ്ടുതന്നെയാണ് സിഎഎയ്ക്കെതിരെ സമരം ചെയ്തത്. കൃത്യമായ ധാരണയിൽ തന്നെയാണ് അതിനെ എതിർത്തത്. എന്നാൽ ഈയവസ്ഥ മാറുമെന്നും ഇതൊന്നും സ്ഥായിയായ അവസ്ഥയല്ലെന്നും നമുക്കറിയാം. ഇതൊരു ചെറിയ കാലഘട്ടമാണ്. ആ കാലഘട്ടത്തിൽ ശരിക്കു വേണ്ടി ശബ്ദമുയർത്താൻ സാധിക്കുമോ ഇല്ലയോ എന്ന് മാത്രം നമ്മൾ തീരുമാനിച്ചാൽ മതി. അതിന്റെ പരിണിത ഫലം എന്തായാലും ഉണ്ടാവും.

 

എന്തും ചെയ്യാമെന്നൊക്കെയുള്ള ധാരണ ഉദ്യോ​ഗസ്ഥർക്ക് ഉണ്ടാവുന്നത് അതിന്റെ പേരിൽ യാതൊന്നും പ്രശ്നവും തങ്ങൾക്കുണ്ടാവില്ല എന്ന ധാരണയുള്ളത് കൊണ്ടാണ്. ഡോ. കഫീൽഖാനെ അന്യായമായി അറസ്റ്റ് ചെയ്ത് മാസങ്ങളോളം ജയിലിലടച്ച സംഭവത്തിൽ, മോചനം നൽകിക്കൊണ്ട് കോടതി പറഞ്ഞത് ദേശസുരക്ഷാ നിയമം ചുമത്തി ജയിലിലിടാൻ തക്കതായ യാതൊരു കാരണവും ആ കേസിൽ ഉണ്ടായിരുന്നില്ല എന്നാണ്. അദ്ദേഹത്തിന്റെ പ്രസം​ഗം വിദ്വേഷജനകം അല്ലെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ താൻ ചെയ്തത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്ത ഉദ്യോ​ഗസ്ഥന് യാതൊരുവിധ ഭവിഷ്യത്തും നേരിടേണ്ടിവന്നില്ല. സർക്കാർ ചെലപ്പോൾ അയാളെ കുറച്ചുകൂടി പിന്തുണയ്ക്കും. അപ്പോൾ ഒരു പൗരന്റെ സ്വാതന്ത്ര്യം തെറ്റായി ഹനിക്കപ്പെടുകയാണെന്ന് തെളിഞ്ഞുകഴിഞ്ഞാൽ അതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥർക്കെതിരെയും നടപടിയെടുക്കാനുള്ള നിയമവും വ്യവസ്ഥയും ഉണ്ടാവണം.

 

കാരണം പൗര സ്വാതന്ത്ര്യം സുപ്രധാനമായ കാര്യമാണ്. തനിക്കതു ചെയ്യാം എന്ന ഒരു ഉദ്യോ​ഗസ്ഥന്റേയും അഹങ്കാരം കൊണ്ട് അത് ഹനിക്കപ്പെടരുത്. അങ്ങനെയൊരു നിയമം ഉണ്ടാവുകയാണെങ്കിൽ ഒരിക്കലും കഫീൽഖാനെ പോലുള്ളവർ ഇങ്ങനെ അന്യായ തടവ് അനുഭവിക്കേണ്ടിവരില്ല. നമ്മളൊക്കെ ഇതിന്റെ ഭവിഷ്യത്ത് അറിഞ്ഞുകൊണ്ടാണ് സമരം ചെയ്യുന്നത്. എന്നാൽ ഭവിഷ്യത്ത് ഉണ്ടാവില്ല എന്നറിഞ്ഞുകൊണ്ടാണ് ഉദ്യോ​ഗസ്ഥർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ആ ഒരു രീതിക്ക് മാറ്റം വരണം. തെറ്റാണെന്നറിഞ്ഞിട്ടും അങ്ങനെ ചെയ്യുന്നവരുടെ അനീതിയെ കോടതിയിൽ തെളിയിച്ച്, അവരെ ശിക്ഷിക്കാനുള്ള വ്യവസ്ഥ കൊണ്ടുവരേണ്ടിയിരിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ. എന്നാലത് കേവലം സ്ഥലംമാറ്റത്തിലോ സസ്പെൻഷനിലോ ഒതുങ്ങരുത്- കണ്ണൻ ​ഗോപിനാഥൻ പറഞ്ഞു. 

 

മറ്റൊരാളുടെ ജീവിതം നശിപ്പിച്ച് നമ്മുടെ ജീവിതം സുഖകരമായി മുന്നോട്ടു കൊണ്ടുപോവേണ്ടതുണ്ടോ? ഒരു കഫീൽഖാനെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുമ്പോൾ അത് അദ്ദേഹത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. അദ്ദേഹത്തിന്റെ ഭാര്യയേയും കുഞ്ഞുങ്ങളേയുമൊക്കെ ബാ​ധിക്കുന്നതാണ്. അവരുടെയെല്ലാം ജീവിതം ആലോചിച്ചുനോക്കൂ. സ്വന്തം സുഖത്തിനു വേണ്ടി മറ്റുള്ളവരെ എന്തും ചെയ്യാമെന്നുള്ള ധാരണ. അങ്ങനെയാക്കെ ചെയ്തില്ലെങ്കിൽ ഭരണകൂടത്തിന്റെ അനിഷ്ടത്തിന് കാരണമാകും എന്നൊക്കെ കരുതാൻ പാടില്ലല്ലോ. കാരണം ശരിയേതാണ് തെറ്റേതാണ് എന്നൊക്കെ പഠിച്ചിട്ടാണ് സർവീസിൽ കയറുന്നത്. എന്റെ കാര്യത്തിൽ, സർവീസിലിരുന്നിടത്തോളം കാലം പറ്റില്ലെന്നു പറയേണ്ടതിനൊക്കെ അങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ ഭവിഷ്യത്ത് എന്താണെങ്കിലും. എന്നാൽ അത്രയും പോരാ, അകത്തിരുന്ന് കുറച്ചുകാര്യങ്ങളേ ചെയ്യാൻ പറ്റൂ, വെളിയിലിറങ്ങിയാൽ മാത്രമേ കൂടുതൽ ശബ്ദമുയർത്താൻ പറ്റൂ എന്നറിഞ്ഞതുകൊണ്ടാണ് രാജിവച്ചിറങ്ങിയതെന്നും കണ്ണൻ ​ഗോപിനാഥൻ പറഞ്ഞു.

 

ശക്തമായ നിയമം കൊണ്ടുവന്നാലേ കോടതിക്ക് പോലും നടപ്പാക്കാനാവൂ. ഇവിടെ സമൂഹത്തിൽ പേരുകേട്ട വ്യക്തികൾ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ മറ്റുള്ളവർ അതിന്റെ അന്യായം ചോദ്യം ചെയ്യും. മാധ്യമങ്ങൾ ഇടപെടും. എന്നാൽ എത്രയോ സാധാരണക്കാർ ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നു. പൊലീസുകാർക്കെതിരെ ദേഷ്യപ്പെട്ടു, സർക്കാരിനെ വിമർശിച്ചു എന്നൊക്കെ പറഞ്ഞാണ് അറസ്റ്റുകൾ.  സാധാരണക്കാരന്റെ ജീവിതത്തിൽ വളരെ സ്വാഭാവികമായി നടക്കുന്നതാണ്. വളരെ ചെറിയ കാര്യത്തിന്റെ പേരിലായിരിക്കും അറസ്റ്റുകൾ. പക്ഷേ അവരെയൊക്കെ ഒരു പാഠം പഠിപ്പിക്കണം എന്ന ഭരണകൂട ചിന്തയിൽ നിന്നാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാവുന്നത്. അധികാരത്തിൽ ഇരിക്കുന്നവർക്കെതിരെ പറയാൻ നിനക്കിത്ര അഹങ്കാരമോ, എന്നാൽ നീയൊരു പാഠം പഠിക്കണം എന്നൊരു തോന്നലാണ്. മറിച്ച്, നാളെ ഈ അധികാരം മാറും, സ്ഥാനം മാറും എന്നുള്ള തോന്നൽ വരുന്നില്ല. തെറ്റ് ചെയ്താൽ അനുഭവിക്കേണ്ടിവരും എന്നുള്ള തോന്നലുമില്ല.

 

ഡൽഹി പൊലീസ് എന്നും കേന്ദ്ര സർക്കാരിന്റെ പൊലീസാണ്. ജനങ്ങളുടെ പൊലീസായിട്ടേയില്ല. ഡൽഹി സർക്കാരിനു പോലും അവരുടെ മേൽ യാതൊരു അധികാരവുമില്ല. ജനങ്ങളെ സേവിക്കണം എന്നൊരു ചിന്തയില്ല. തെറ്റ് ചെയ്തിട്ട് നാളെ ആ ജനങ്ങൾക്കിടയിലേക്ക് തന്നെയാണ് പോവേണ്ടത് എന്ന തോന്നലുമില്ല. ഇപ്പോൾ ഡൽഹി പൊലീസിനൊരു കമ്മീഷണർ പോലുമില്ല. കമ്മീഷണർ ഓഫ് പൊലീസീന്റെ ചാർജ് ഒരു സ്പെഷ്യൽ പൊലീസിന് അഡീഷണൽ ചാർജായിട്ട് കൊടുത്തിരിക്കുകയാണ്. കാരണം, അദ്ദേഹത്തെ കമ്മീഷണർ ആക്കിക്കഴിഞ്ഞാൽ കൂടുതൽ ചെലവുണ്ടാകും. മാത്രമല്ല, അദ്ദേഹത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാനും പറ്റും. എന്നാൽ അഡീഷണൽ ചാർജ് കൊടുത്താൽ അതെപ്പോൾ വേണമെങ്കിലും എടുത്തുമാറ്റാം. അതിനാൽ മേലുദ്യോ​ഗസ്ഥരും ഭരണകൂടവും പറയുന്നത് അതേപടി അനുസരിക്കും.

 

എല്ലാ ഉദ്യോ​ഗസ്ഥരും തങ്ങളുടെ ഇം​ഗിതം നടപ്പാക്കാൻ ഉള്ളവരാണ്, അവരത് കേട്ടില്ലെങ്കിൽ അവരെയും, ജനങ്ങൾ എതിരു പറഞ്ഞാൽ അവരെയും പാഠം പഠിപ്പിക്കണം എന്നുള്ള ചിന്തയാണ് കേന്ദ്രത്തിനുള്ളത്. എല്ലാ പൗരന്മാരെയും ഒരുപോലെ കണ്ട് അവർക്കു വേണ്ട കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരുകളുടെ ബാധ്യതയാണ്. എന്നാൽ തങ്ങൾ‍ക്കെതിരെ പറയുന്നവരെല്ലാം ശത്രുക്കളാണ് എന്ന രീതിയിൽ കാണാൻ തുടങ്ങിയാൽ ശരിയാകില്ല. ഒരു സർക്കാർ പോയിട്ട്, ഒരു രാഷ്ട്രീയ പാർട്ടി പോലും അങ്ങനെ കാണരുത്. 

 

തുടരെ തുടരെയുള്ള ഈ അറസ്റ്റുകളൊക്കെ ഭരണകൂടത്തിന്റെ ഒരു തന്ത്രമാണ്. ഒരു ചെറിയൊരു കാര്യം ചെയ്താൽ പിന്നെ ജനങ്ങളൊക്കെ അതിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നോളും എന്ന് അവർക്കറിയാം. കാരണം അജണ്ടകൾ ഉണ്ടാക്കുന്നതും നടപ്പാക്കുന്നതും അവരാണല്ലോ. വളരെ എളുപ്പമാണത്. ഒരാളെ പിടിക്കുക, ജയിലിൽ ഇടുക- പിന്നെ എല്ലാവരും അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. കുറച്ച് കഴിഞ്ഞ് ഇതുപോലെ മറ്റൊരാളെ പിടിക്കുമ്പോൾ പിന്നെ ചർച്ച അതേക്കുറിച്ചാവും. അപ്പോൾ ഇങ്ങനെയൊരു സം​ഗതിയില്ലെങ്കിൽ ജനങ്ങൾ തങ്ങളുടെ അഴിമതികളെ കുറിച്ചും കെടുകാര്യസ്ഥതകളെ കുറിച്ചുമൊക്കെ സംസാരിക്കുമെന്ന് ഭരണകൂടത്തിനറിയാം. ഇപ്പോൾ ചൈന ഇന്ത്യയുടെ ഭൂമി കൈയേറിയതും കോവിഡ് പ്രതിരോധത്തിലെ വീഴ്ചയും ജിഡിപി തകർച്ചയും തൊഴിലില്ലായ്മയുമൊക്കെയാകും ജനങ്ങൾ സംസാരിക്കുക. എന്നാൽ ഇതൊക്കെ വിട്ട് നമ്മളിപ്പോൾ സംസാരിക്കുന്നത് ഈ വ്യക്തിപരമായ കാര്യങ്ങളാണ്. 

 

അപ്പോൾ ഇങ്ങനെ ഓരോ സംഭവങ്ങൾ ഉണ്ടാക്കുക, അതായത് ജനങ്ങളെ കുരങ്ങ് കളിപ്പിക്കുക എന്നതാണ് സർക്കാർ നയം. ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ നമ്മൾ തൊഴിലില്ലായ്മ വിട്ട് അതിനെ കുറിച്ച് സംസാരിക്കും. ജനങ്ങളുടെ ശ്രദ്ധ തുടർച്ചയായി തിരിക്കുകയാണ് ചെയ്യുന്നത്. കാരണം തൊഴിലില്ലായ്മ പോലെ ഒരു പൊതുപ്രശ്നത്തെ കുറിച്ച് പറയുകയാണെങ്കിൽ സർക്കാരിന്റെ ആളുകൾക്ക് തിരിച്ചൊന്നും പറയാൻ കാണില്ല. അത് കേന്ദ്രഭരണത്തിലിരിക്കുന്ന രാഷ്ട്രീയപ്പാർ‌ട്ടിക്ക് നഷ്ടമുള്ള സംവാദമാണ്. മറിച്ച്, ഉമർഖാലിദിന്റെ അറസ്റ്റ് എന്ന് പറയുമ്പോൾ സർക്കാരിന്റെ ഭാ​ഗത്തുള്ളവർ ആ നീക്കത്തെ ശക്തമായി പിന്തുണയ്ക്കുമെന്ന് അവർക്കറിയാം. അപ്പോൾ ആരൊക്കെ എതിർത്താലും സർക്കാരിന് അതൊരു പ്രശ്നമല്ല. ലാഭം മാത്രമേയുള്ളൂ. തങ്ങളുടെ ആളുകളെ അങ്ങനെ തന്നെ വച്ചുകൊണ്ടിരിക്കാനുള്ള വളെരെ എളുപ്പമുള്ള മാർ​ഗമാണിത്. പൊതുവായ പ്രശ്നത്തെ കുറിച്ച് സംസാരമുണ്ടായാൽ അണികൾക്കും പോലും അതിനെ പ്രതിരോധിക്കാനാവില്ല. അതിനാലാണിത് ഇത്തരം വൈകാരിക വിഷയങ്ങളെ സമീപിക്കുന്നത്.

 

വ്യക്തിപരമായ ദേഷ്യം അവർ സെറ്റ് ചെയ്ത് വച്ചിരിക്കുകയാണ്. അപ്പോൾ വ്യക്തികളെ വേട്ടയാടിയാൽ തങ്ങളുടെ അണികളുടെ പിന്തുണ അങ്ങനെ തന്നെയുണ്ടാവും എന്ന് സർക്കാരിനറിയാം. സർക്കാരിനെതിരെ ചർച്ചകൾ അണികളിൽ നിന്നു തന്നെയുണ്ടാവാൻ പാടില്ല. അതിനാണ് ഇത്തരം വാർത്തകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതിലൂടെ സർക്കാർ- ജനങ്ങൾ എന്ന വിഭാ​ഗം അല്ലാതെ ജനങ്ങളെ പരസ്പരം എങ്ങനെ ഭിന്നിപ്പിച്ചു നിർത്താൻ പറ്റും എന്നാണ് സർക്കാർ നോക്കുന്നത്. പൊതുപ്രശ്നം ആണെങ്കിൽ സർക്കാർ ഒരു ഭാ​ഗത്തും ജനങ്ങൾ മറുഭാ​ഗത്തും വരും. മറിച്ച് ഇത്തരം വ്യക്തിപരവും വൈകാരികവുമായി വിഷയങ്ങൾ ആവുമ്പോൾ ജനങ്ങൾ തന്നെ ഭിന്നിച്ച് സർക്കാർ പക്ഷവും മറു പക്ഷവും എന്ന രീതിയിൽ തുടരുകയും സർക്കാരിന്റെ ശക്തി ചോരാതെ നിൽക്കുകയും ചെയ്യും. അങ്ങനെയാക്കാനാണ് ചെറിയ ചെറിയ കാര്യങ്ങളിൽ പോലും അറസ്റ്റും കരിനിമയങ്ങളുമൊക്കെയുണ്ടാവുന്നത്. 

 

സിഎഎ- എൻആർസി-എൻപിആർ വിരുദ്ധ സമരം പൂർണ വിജയമായിരുന്നു. കാരണം എൻആർസി അവർ പിൻവലിക്കാൻ ഏകദേശം തീരുമാനിച്ചു. എൻപിആറിലെ ആറു ചോദ്യങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചു എന്നാണ് വാർത്ത. ഈയടുത്ത് നടന്നൊരു സർവേയിൽ, 100ൽ 50 ശതമാനം പേർ മാത്രമാണ് സിഎഎയെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞത്. സാധാരണ സർക്കാരിനെ എല്ലാ വിഷയത്തിലും സപ്പോർട്ട് ചെയ്യുന്നവരെ വച്ചാണ് സർവേ എടുത്തത്. അതിൽ നിന്നാണ് ഇത്തരമൊരു ഫലം വന്നിട്ടുള്ളത് എന്നോർക്കണം. അതായത് ബാക്കി 50 ശതമാനം സിഎഎയക്ക് എതിരാണ്. അപ്പോൾ അത് വിജയമാണ്. നമ്മളെപോലെ ചിന്തിക്കുന്നവർ നമുക്കൊപ്പം നിൽക്കുക എന്നതല്ല വിജയം, മറിച്ച് വ്യത്യസ്തമായി ചിന്തിക്കുന്നവരെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റുക എന്നതാണ് വിജയം. അതാണ് ഇവിടെയുണ്ടായിരിക്കുന്നത്.

 

പൗരത്വ നിയമത്തിനെതിരെ സംസാരിച്ചവർക്കൊക്കെ ഒരു സന്ദേശം കൊടുക്കുക എന്നാണ് ഇപ്പോഴത്തെ ഈ വേട്ടയുടെ ഉദ്ദേശം. എന്നാലിങ്ങനെ അറസ്റ്റ് ഉണ്ടായാൽ പേടിച്ചുപോവാൻ മാത്രം ബലഹീനരായ ആളുകളല്ല ആ സമരത്തിൽ പങ്കെടുത്തത്. ശക്തമായ മനക്കരുത്തുള്ളവരാണ്. അതുകൊണ്ട് ഇത്തരം നീക്കങ്ങളിലൂടെ അവരെ പിൻമാറ്റാം എന്നുള്ള തോന്നലൊക്കെ ബാലിശമാണ്. അപ്പോൾ ജനങ്ങളെ പൊതുവെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്നും വ്യതിചലിപ്പിച്ചു കൊണ്ട് വ്യക്തിപരവും വൈകാരികവുമായ വിഷയങ്ങളിലേക്ക് എത്രകാലം നിലനിർത്താൻ പറ്റും എന്നുമാത്രമാണ് ഭരണകൂടത്തിന്റെ അജണ്ട. അതിലവർ വിജയിക്കുന്നുണ്ട്. നമ്മൾ പോരാടുന്നത് സർക്കാരിന്റെ ജനാധിപത്യമൂല്യമില്ലായ്മക്കെതിരെയാണ്. എന്തുകൊണ്ട് നമ്മൾ സമരം ചെയ്യണം, എന്തുകൊണ്ട് കൂടുതൽ സമരം ചെയ്യണം എന്നതിന്റെ കാരണം കൂടിയാണ് സർക്കാർ തന്നെ കാണിച്ചുതരുന്നത്- കണ്ണൻ ​ഗോപിനാഥൻ കൂട്ടിച്ചേർത്തു. 

September 15, 2020, 18:06 pm

Advertisement

Advertisement