26 Tuesday
May , 2020
9.58 PM
livenews logo
flash News
സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ കൊറോണ: യുഎഇയിൽ അഞ്ചുമരണം; 779 പേർക്ക് രോ​ഗബാധ

ത്വക്ക് അലർജി കൂടി ആശുപത്രിയിൽ പോയയാളെ തടഞ്ഞ് എസ്ഐ; കേണപേക്ഷിച്ചിട്ടും ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് പരാതി


ലോക്ക്ഡൗൺ കാലത്ത് അത്യാവശ്യ കാര്യങ്ങൾക്കും ആശുപത്രി ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവരെ പോലും മർദിക്കുന്ന പൊലീസ് നടപടികൾ നിരവധി കേട്ടതാണ്. ന്യായമായ ആവശ്യങ്ങൾക്കു പുറത്തിറങ്ങുന്നവരെ തടയരുതെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടും ചില പൊലീസുകാർ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇന്നലെ അർധ രാത്രി, ഭക്ഷണം കഴിച്ചതിലെ അലർജി മൂലം ആശുപത്രിയിൽ പോയയാളെ പൊലീസ് വഴിയിൽ തടയുകയും കേണപേ​​ക്ഷിച്ചിട്ടും ചികിത്സ നിഷേധിച്ചും ഭീഷണിപ്പെടുത്തിയും തിരിച്ചയയ്ക്കുകയും ചെയ്തെന്നാണ് പരാതി.

 

അലർജി മൂലം ദേഹം മൊത്തം ചൊറിഞ്ഞ് തടിക്കുകയും വളരെ അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടായതു മൂലം നിവൃത്തിയില്ലാതെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോവാനിറങ്ങിയ ആൾക്കാണ് ഈ ദുരവസ്ഥയുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടറായ മനോജ് വെള്ളനാടാണ് ഈ സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. തന്റെ സുഹൃത്തിനാണ് പൊലീസിൽ നിന്നും ഈ മോശമായ സമീപനം മൂലം വലിയ ബുദ്ധിമുട്ടുണ്ടായതെന്ന് ഡോക്ടർ പറയുന്നു.

 

ആശുപത്രിയിൽ പോകുന്നത് എന്തിനാണ് എന്നുള്ള സത്യവാങ്മൂലവും സുഹൃത്തിന്റെ കൈയിലുണ്ടായിരുന്നു. എന്നാൽ വഴിയിൽ വച്ച്, കൊല്ലം തിരുവനന്തപുരം അതിർത്തിയിൽ കടമ്പാട്ടുകോണത്ത് പൊലീസുകാർ തടഞ്ഞു. സുഹൃത്ത് കാര്യം പറയുകയും സത്യവാങ്മൂലം കാണിക്കുകയും ചെയ്തു. ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. ഈ സമയം അവിടെ ഉണ്ടായിരുന്ന ഒരു എസ്ഐ മാത്രം സുഹൃത്തിനെ എന്തു പറഞ്ഞിട്ടും വിടാൻ തയ്യാറായില്ല. ദേഹത്തെ തിണർത്ത പാടുകൾ കാണിച്ചിട്ടും അയാൾ വാശിയിലായിരുന്നെന്ന് ഡോക്ടർ പറയുന്നു. 'നിനക്ക് ഒരു കുരുവും ഇല്ല' എന്നായിരുന്നു എസ്ഐയുടെ വാദം.

സുഹൃത്ത് വളരെ ക്ഷീണിതനായിരുന്നു. അദ്ദേഹം കാലു പിടിക്കുന്ന പോലെ പറഞ്ഞു. 'എന്നാ വണ്ടി സ്റ്റേഷനിലേക്ക് എടുക്ക്, അറസ്റ്റ് രേഖപ്പെടുത്ത്..' എന്നായിരുന്നു ഇതിനു ശേഷമുള്ള എസ്ഐയുടെ പ്രതികരണം. തർക്കിക്കാനോ സംസാരിക്കാനോ ഉള്ള ആരോഗ്യം ഇല്ലാത്തതു കൊണ്ടു മാത്രം അദ്ദേഹം തിരിച്ചുവന്നു. വീട്ടിലുണ്ടായിരുന്ന ജലദോഷത്തിനുള്ള മരുന്ന് കഴിച്ചും കലാമിൻ ലോഷൻ പുരട്ടിയും ഉറക്കമിളച്ചിരുന്നതായും മനോജ് വെള്ളനാട് വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസുകാരനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ഇദ്ദേഹം.

 

പൊലീസുകാര് എന്നു മുതലാണ് രോഗനിർണയവും ചികിത്സയും തുടങ്ങിയതെന്നാണ് തനിക്കു മനസ്സിലാവാത്തതെന്ന് ഡോക്ടർ പറയുന്നു. ഒരു അലർജി തന്നെ മതി ഒരാൾ നിമിഷ നേരം കൊണ്ട് മരണത്തിലേക്ക് പോകാൻ. തൊലിപ്പുറത്തുണ്ടാകുന്ന അലർജി ശ്വാസനാളത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ ശ്വാസം എടുക്കാൻ പറ്റാത്ത ആൾ മരിക്കാം. ബിപി വളരെ പെട്ടെന്ന് കുറഞ്ഞും ആൾ മരിച്ചു പോകാൻ അധികം സമയം വേണ്ട.

 

ഇതൊക്കെ പൊലീസുകാർക്കെങ്ങനെ അറിയാൻ കഴിയും? ആശുപത്രിയിൽ പോവുന്നൊരാളുടെ രോഗവിവരം ചോദിക്കേണ്ട കാര്യം പോലും പൊലീസുകാർക്കില്ല. അത് തന്നെ സ്വകാര്യതയുടെ ലംഘനമാണ്. ഒരാളുടെ രോഗം ഗുരുതരമാണോ അല്ലയോ എന്ന് ഡോക്ടർമാർ പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയൂ. ആശുപത്രിയിലേക്ക് പോകുന്ന ഒരാൾ തലവേദന ആണെന്ന് പറയുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടോ മൈഗ്രേൻ ആണോ എന്നൊക്കെ ആർക്കും അറിയാൻ പറ്റില്ല.

ആശുപത്രിയിൽ പോകാൻ വരുന്ന രോഗിയുടെ സത്യവാങ്മൂലം കറക്റ്റ് ആണോന്ന് മാത്രം നോക്കിയാൽ പോരെ? അല്ലാതെ രോഗിയെ തടയുകയും രോഗത്തിന് ചികിത്സ നൽകാതിരിക്കുകയും ചെയ്യുന്നത് വഴി എന്താണ് നിങ്ങൾ നൽകുന്ന സന്ദേശം എന്നും ഡോക്ടർ മനോജ് വെള്ളനാട് ചോദിക്കുന്നു. ഭാഗ്യത്തിന് ആ സുഹൃത്തിന് അപകടമൊന്നും പറ്റിയില്ല. പറ്റിയിരുന്നെങ്കിൽ പോലും ഇതൊന്നും ആരും അറിയുകയുമില്ല. 

 

കർണാടക പൊലീസ് മാത്രമല്ല, ഇവിടെയും അതുപോലെ തടയുന്നുണ്ട്. ചികിത്സാ നിഷേധം തന്നെയാണിത്. നമ്മുടെ പൊലീസുകാർക്ക് അമിതാധികാരം കിട്ടുമ്പോൾ എന്തും ചെയ്യാം എന്നുള്ള ഒരു ധാരണ പലർക്കുമുണ്ട്. ഇത് ഒഴിവാക്കിയേ പറ്റു. മര്യാദയ്ക്കും മാന്യമായും ജോലി ചെയ്യുന്ന 90 ശതമാനം പൊലീസുകാരുടെയും പേര് ചീത്തയാക്കുന്നത് ഇതുപോലുള്ള ഒന്നോ രണ്ടോ അധികാരം ദുർവിനിയോഗം ചെയ്യുന്ന ആൾക്കാരാണ്. 

 

സർക്കാരിതൊന്നും ലാഘവത്തിലെടുക്കരുതെന്നും ഇന്നലെ രാത്രിയിൽ കടമ്പാട്ടുകോണം ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയ്ക്കെതിരെ നടപടി വേണമെന്നും ഒരിടത്തും ഇനിയിത് ആവർത്തിക്കാൻ പാടില്ലെന്നും ഡോക്ടർ ആവശ്യപ്പെടുന്നു. പൊലീസുകാർ കൊറോണയേക്കാൾ ഭീകരരാവരുതെന്നും പറഞ്ഞാണ് ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

 

മാർക്കറ്റിൽ വിലവർധന പരിശോധിക്കാൻ പോയ ചെയർപേഴ്സൺ അടക്കമുള്ള കൊണ്ടോട്ടി മുനിസിപ്പാലിറ്റി ഉദ്യോ​ഗസ്ഥരേയും കണ്ണൂരിൽ ഡയാലിസിസിനു പോയ വൃക്ക രോ​ഗിയേയും അരി വാങ്ങാൻ പോയ ആളേയുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ന്യായമായ ആവശ്യങ്ങൾക്ക് പുറത്തിറങ്ങിയ നിരവധി പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്. കാര്യവും കാരണവും ചോദിക്കാതെയാണ് പൊലീസ് തല്ലുന്നത്. ഇത് വിവാദമാവുകയും പൊലീസിനെതിരെ വലിയ പ്രതിഷേധമുയരുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. എന്നാൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം നടപടികൾ.

April 07, 2020, 10:59 am

Advertisement