കൊല്ലം: സഞ്ചരിക്കുന്ന വീട് എന്ന ആശയത്തോടെ രൂപമാറ്റം വരുത്തി പെപ്പെ എന്നു പേരുനൽകിയ ഒമ്നി വാനിൽ ഇന്ത്യ ചുറ്റിക്കാണാനുള്ള യാത്ര തുടങ്ങാനിരിക്കെയാണ് കൊല്ലം സ്വദേശിയായ മിലനെ തേടി മോട്ടോർവാഹന വകുപ്പിന്റെ വിളിയെത്തുന്നത്. ഇതോടെ 10 വർഷത്തെ തന്റെ സ്വപ്നവും ഏഴുമാസത്തെ അധ്വാനവും അഴിച്ചുമാറ്റേണ്ട ഗതികേടിലായി മിലൻ. പത്തുദിവസത്തിനകം ഒമ്നി പഴയ രൂപത്തിലാക്കി ഹാജരാക്കണമെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ മിലനു നൽകിയ നിർദേശം.
കിടക്കയായി രൂപമാറ്റം വരുത്താൻ കഴിയുന്ന സീറ്റുകൾ, ചെറിയ അടുക്കള അങ്ങനെ അത്യാവശ്യം ഒരു യാത്ര പോകുമ്പോൾ വേണ്ട സജ്ജീകരണകൾ എല്ലാം മിലൻ പെപ്പെയിൽ ഒരുക്കിയിരുന്നു. മോട്ടോറിന്റെ സഹായത്തോടെ വാഹനത്തിന്റെ മേൽക്കൂര ഉയർത്തി കിടക്കാൻ കഴിയുന്ന വിധത്തിൽ ടെന്റ് മാതൃകയിലും സംവിധാനം വാഹനത്തിൽ ഉണ്ട്. വൈദ്യുതി ആവശ്യങ്ങൾക്കായി വാഹനത്തിൽ സോളാർ സംവിധാനവും മിലൻ ഒരുക്കിയിരുന്നു.
ഇന്ത്യാ യാത്രയ്ക്കു വേണ്ടി ഒമ്നി വാൻ രൂപമാറ്റം വരുത്തുന്ന ഓരോ ഘട്ടത്തിലും ഇതുസംബന്ധിച്ച വീഡിയോ തന്റെ യുട്യൂബ് ചാനലിൽ മിലൻ അപ് ലോഡ് ചെയ്തിരുന്നു. യു ട്യൂബ് ചാനലിൽ നിന്നു ലഭിക്കുന്ന വരുമാനവും പെപ്പെയുടെ നിർമാണത്തിനായി മിലൻ ചെലവഴിക്കുകയുണ്ടായി. ഈ ദൃശ്യം കണ്ടവരാരോ ആണ് കൊല്ലം മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പരാതി നൽകിയതും നടപടിയുണ്ടായതും.
മൂന്നര ലക്ഷത്തോളം രൂപയാണ് പെപ്പെയ്ക്കു വേണ്ടി മിലന് ഇതുവരെ ചെലവാക്കിയത്. അവസാനനിമിഷം പെപ്പെയെ കൂടെക്കൂട്ടാനുള്ള അവസരം നഷ്ടമായെങ്കിലും മറ്റൊരു കാറിൽ ഇന്ത്യയെ കാണാനുള്ള തന്റെ യാത്ര ആരംഭിക്കുമെന്ന് മിലൻ വ്യക്തമാക്കി.
October 16, 2020, 21:53 pm