കുറച്ച് മണിക്കൂറുകളായി സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കുകയാണ് ഒരു കൊച്ചുമിടുക്കിയുടെ ഡാൻസ്. ഒരു കല്യാണവീട്ടിൽ മുതിർന്നവർക്കൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുന്ന വൃദ്ധി വിശാൽ എന്ന കൊച്ചുമിടുക്കിയാണ് വീഡിയോയിലെ താരം.
മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയയിലെ ഷാജിയെന്ന കഥാപാത്രത്തിന്റെ കല്യാണ വേദിയിലാണ് അനു മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വൃദ്ധി വിശാലിന്റെ തകർപ്പൻ ഡാൻസ്. കല്യാണത്തിനെത്തിയ സീരിയലിലെ മറ്റ് അഭിനേതാക്കൾക്കും വരന്റെ സുഹൃത്തുക്കൾക്കുമൊപ്പമാണ് വൃദ്ധിയും ചുവടുവയ്ക്കുന്നത്.
അല്ലു അർജുന്റെ അല വൈകുന്തപുരമുലു (അങ്ങ് വൈകുണ്ഡപുരത്ത്) എന്ന ചിത്രത്തിലെ രാമുലോ രാമുലോ എന്ന പാട്ടിനാണ് ആദ്യം ഈ കൊച്ചുമിടുക്കി കിടിലനായി ചുവടുവയ്ക്കുന്നത്. തുടർന്ന് വിജയ്യുടെ മാസ്റ്ററിലെ പാട്ടിനും നടൻ ചെയ്ത അതേ സ്റ്റെപ്പുകൾ തന്നെ ഏറെ മനോഹരമായി തകർത്താടുന്നുണ്ട്. അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടെയാണ് വൃദ്ധിയുടെ പ്രകടനം.
പാട്ട് തുടങ്ങുമ്പോൾ മുതിർന്നവരുടെ നടുവിൽ നിൽക്കുന്ന വൃദ്ധി പതിയെ പതിയെ മുന്നിലേക്ക് കടന്നുവന്ന് നായികയുടെ തലയെടുപ്പോടെ ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ ചുവടുവയ്ക്കുകയാണ്. ഒടുവിലായി വധുവും വരനും ഇവർക്കൊപ്പം ചേരുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മികച്ച സ്വീകാര്യത നേടിയ വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കൈയടിയോടെ സ്വീകരിച്ചത്. സോഷ്യൽ ഇടങ്ങളിൽ മുഴുവൻ സ്റ്റാറായ ഈ കൊച്ചുമിടുക്കി നേരത്തെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
March 17, 2021, 21:30 pm