ലോകത്താദ്യമായി ഗൊറില്ലകളിൽ കൊറോണ ബാധ സ്ഥിരീകരിച്ചു. യുഎസിലെ സാൻഡീഗോ സൂ സഫാരി പാർക്കിലെ ഗൊറില്ലകൾക്കാണ് തിങ്കളാഴ്ച വൈറസ് ബാധ കണ്ടെത്തിയത്.
മൃഗപരിപാലകരിൽ നിന്നാണ് ഗൊറില്ലകൾക്ക് വൈറസ് പടർന്നതെന്നാണ് നിഗമനം. ഗൊറില്ലകളുമായി ഇടപഴകുമ്പോൾ ജീവനക്കാർ മാസ്ക് ധരിച്ചിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഗൊറില്ലകൾക്ക് മരുന്നുകളൊന്നും നൽകുന്നില്ലെന്നും പതിവ് ഭക്ഷണങ്ങൾ മാത്രമാണ് നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
മനുഷ്യന്റെ ഡിഎൻഎയുമായി 98.4 ശതമാനം സാമ്യത പുലർത്തുന്നവയാണ് ഗൊറില്ലകൾ എന്നതിനാൽ അവയ്ക്ക് വൈറസ് ബാധിച്ചിരിക്കുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇടപഴകി ജീവിക്കുന്നതാണ് ഗൊറില്ലകളുടെ രീതിയെന്നതിനാൽ അവയെ ഐസൊലേറ്റ് ചെയ്യാൻ സൂ അധിതർ തയ്യാറായിട്ടില്ല.
വൈറസ് ബാധ മൂലം ഗൊറില്ലകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അവയെ നേരിടുന്നതിന് ബന്ധപ്പെട്ടവർ വിദഗ്ധരുമായി കൂടിയാലോചന നടത്തുകയും ചെയ്തിട്ടുണ്ട്.
January 12, 2021, 16:40 pm