താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ 9 കുട്ടികൾ അടക്കം 19 പേർ മരിച്ചു. താഴത്തെ നിലയിലുണ്ടായ തീപ്പിടുത്തത്തെ തുടർന്ന് മുകൾ നിലകളിലേക്ക് പുക നിറഞ്ഞാണ് അപകടം. ന്യൂയോർക്കിലെ ബ്രോൺക്സ് അപാർട്ട്മെന്റിലാണ് ഞായറാഴ്ച പുലർച്ചെ ദാരുണമായ അപകടമുണ്ടായത്. പരിക്കേറ്റ 13 പേർ ഗുരുതര നിലയിൽ ആശുപത്രികളിൽ കഴിയുകയാണ്.
റൂമുകളിൽ പുക നിറഞ്ഞ് ശ്വാസം കിട്ടാതെ വന്നതോടെയാണ് പലരും തീപ്പിടുത്ത വിവരമറിയുന്നത്. റൂമുകളിൽ പുക നിറഞ്ഞതോടെ ആളുകൾ ശ്വാസം കിട്ടാൻ ജനൽച്ചില്ലുകൾ തകർത്ത് ജീവവായുവിനു വേണ്ടി ശ്രമിച്ചെങ്കിലും പരാജിതരാവുകയായിരുന്നു. കെട്ടിടത്തിൽ നിന്നു പുറത്തെത്തിച്ച കുട്ടികൾക്ക് ഉടൻ ഓക്സിജൻ നൽകി.
ഇരകളിൽ കൂടുതലും ശ്വാസംകിട്ടാതെയാണ് മരിച്ചതെന്ന് രക്ഷാപ്രവർത്തനം നടത്തിയ അഗ്നിശമനസേന അറിയിച്ചു. അമ്പതുവർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ ഇടയ്ക്കിടെ അപായസൈറൺ അബദ്ധത്തിൽ മുഴങ്ങാറുള്ളതിനാൽ ഇത്തവണ തീപ്പിടുത്തമുണ്ടായപ്പോഴുണ്ടായ അപായസൈറൺ അവഗണിച്ചതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. റൂംഹീറ്ററിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.