തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വൻ തട്ടിപ്പ് നടക്കുന്നതായി എംഡി ബിജു പ്രഭാകർ. 2012-2015 കാലയളവിലെ 100 കോടി രൂപ കാണാനില്ല. കൃത്യവിലോപത്തിന് എക്സിക്യുട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ, ഷറഫുദ്ദീൻ എന്നിവർക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് എംഡി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
'ശ്രീകുമാർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കാലത്തെ 100 കോടി രൂപയാണ് കാണാനില്ലാത്തത്. അയാൾക്കെതിരെ ധനകാര്യ വകുപ്പിൽ നിന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. ശ്രീകുമാറിനെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ ട്രാൻസ്ഫർ നടപടി സ്വീകരിക്കും. ഷറഫുദ്ദീൻ എന്നയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പോക്സോ കേസ് പ്രതിയെ സർവിസിൽ തിരിച്ചെടുത്തു.
ഇവിടെ അക്കൗണ്ടിങ് സംവിധാനം ഇല്ല. ഇത് ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് തന്നെയാണ്. അവർക്കെതിരെ നടപടിയെടുക്കും- എംഡി പറഞ്ഞു. ജീവനക്കാർ ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും പണം തട്ടുകയാണ്. പലരും മറ്റു ജോലികളും ചെയ്യുന്നുണ്ട്. 10 ശതമാനം പേർക്ക് കെഎസ്ആർടിസി നന്നാവണമെന്ന് ആഗ്രഹമില്ലെന്നും ബിജു പ്രഭാകർ തുറന്നടിച്ചു.
കെഎസ്ആര്‍ടിസി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് മറികടക്കാനായി നടത്തിയ പഠനത്തില്‍ നിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയത്. ദീര്‍ഘദൂര സ്വകാര്യ ബസുകളെ സഹായിക്കാനായി ഒരുവിഭാഗം ജീവനക്കാര്‍ ശ്രമിക്കുകയാണെന്നും എംഡി ആരോപിച്ചു. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തില്‍ വണ്ടികള്‍ സ്വന്തം ക്രഡിറ്റിനായി ഉപയോഗിക്കുന്നുന്നുണ്ടെന്നും ആരോപിച്ചു.
ആരെയും പിരിച്ചുവിടുക എന്നത് സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും നയമല്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതിനിടെയാണ് ജീവനക്കാരിൽ നിന്നുള്ള വലിയ ക്രമക്കേട് കണ്ടെത്തിയത്. വലിയ ശമ്പളം പറ്റി സ്ഥിരം ജീവനക്കാര്‍ മറ്റു പല ജോലികളിലും ഏര്‍പ്പെടുകയാണ്. പലരും ഇഞ്ചിയും കാപ്പിയുമൊക്കെ കൃഷി ചെയ്യുന്നു, ചിലര്‍ ട്യൂഷനെടുക്കുന്നു. പല ഡിപ്പോകളിലും എംപാനല്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വര്‍ക്ക് ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 7000ല്‍ അധികം ജീവനക്കാര്‍ അധികമുണ്ട്. ഘട്ടംഘട്ടമായി മൂന്നോ നാലോ വര്‍ഷംകൊണ്ട് ജീവനക്കാരുടെ എണ്ണം കുറക്കുകയാണ് ലക്ഷ്യമിടുന്നത്. കെഎസ്ആർടിസിയെ പരമാവധി നന്നാക്കാൻ ശ്രമിക്കും. അല്ലെങ്കിൽ പുറത്തുപോവുമെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.
January 16, 2021, 15:24 pm