കോഴിക്കോട്ടെ പഴയകാല സിനിമാ തിയേറ്ററുകളിലൊന്നായ കോറണേഷൻ പൊളിച്ചുനീക്കുന്നു. മൾട്ടിപ്ലക്സാക്കുന്നതിന് കഴിഞ്ഞ ദിവസമാണ് ഏഴുപതിറ്റാണ്ടു പഴക്കമുള്ള തിയേറ്റർ പൊളിച്ചുനീക്കാനാരംഭിച്ചത്. കേരളത്തിലെ ആദ്യ തിയേറ്ററായ തൃശൂർ ജോസും കോഴിക്കോട്ടെ ആദ്യ തിയേറ്ററായ രാധയും വന്നശേഷമാണ് കോറണേഷൻ സ്ഥാപിച്ചത്.
മൂന്നു മൾട്ടിപ്ലക്സ് തിയേറ്ററുകളും ഷോപ്പിങ് കോംപ്ലക്സുകളുമടക്കമുള്ള മെഗാ കോംപ്ലക്സായി അടുത്തവർഷം അവസാനത്തോടെ കോറണേഷൻ തുറന്നുകൊടുക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. നിലവിലുള്ള കോറണേഷന്റെ ബാൽക്കണി പൊളിച്ച് അവിടെ മൂന്നു മൾട്ടിപ്ലൈക്സുകളും താഴെ നിലവിലുള്ള സിനിമാ തിയേറ്ററിന്റെ ഹാൾ ഷോപ്പിങ് മാളുമാക്കി മാറ്റുകയാണ് ചെയ്യുന്നത്. കോഴിക്കോട്ടെ രാധ തിയേറ്റർപോലെ പഴയ കെട്ടിടത്തിലായിരുന്നു ഏതാനും വർഷം മുമ്പ് വരെ കോറണേഷനും പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇത് പുതുക്കിപ്പണിയുകയായിരുന്നു. ആയിരത്തോളം കാണികളെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള തിയേറ്റായിരുന്നു കോറണേഷൻ.
മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള വൻകിട ഏജൻസികൾ കോറണേഷൻ തിയേറ്റർ മൾട്ടിപ്ലക്സുകളാക്കി മാറ്റുവാൻ വർഷങ്ങൾക്ക് മുൻപേ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ ഉടമസ്ഥർ സമ്മതം മൂളിയിരുന്നില്ല. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ ആശങ്കയിൽ നിന്നാണ് ഇപ്പോൾ കോറണേഷന്‍ രൂപമാറ്റം വരുത്തുന്നത്.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൂതേരി തിയേറ്റർ ഗ്രൂപ്പാണ് ഇരുനൂറും മുന്നൂറും സീറ്റുകളുള്ള മൂന്ന് മൾട്ടിപ്ലക്സുകളാക്കി മാറ്റുവാനായി നിലവിലുള്ള ഉടസ്ഥൻ പൂതേരി മുരളിയിൽ നിന്ന് കോറണേഷൻ വാടകക്കെടുത്തിരിക്കുന്നത്. പൂതേരി ഗ്രൂപ്പിന്റേതു തന്നെയാണ് കോഴിക്കോട്ടെ ആദ്യ തിയേറ്ററായ രാധയും.
December 19, 2020, 18:45 pm