അഷ്ഫാഖ് ഇ ജെ
ഓര്‍ക്കാപുറത്തു കടന്നുവന്ന ലോക്ഡൗണ്‍ ഏഴു ദിവസം പൂര്‍ത്തിയായപ്പോള്‍ തന്നെ സാമാന്യം നല്ല രീതിയില്‍ ബോറടിച്ചു തുടങ്ങിയിരുന്നു നിപുണ്‍ പ്രഭാകര്‍ എന്ന യുവ ഫോട്ടോഗ്രാഫര്‍. ഗാസിയാബാദിലെ തന്റെ വീട്ടിലെന്നല്ല ഒരിടത്തും അടങ്ങിയിരിക്കുന്ന സ്വഭാവക്കാരനല്ല ആര്‍ക്കിടെക്ട് കൂടിയായ നിപുണ്‍. ഒരു ദിവസം കച്ചിലെ കരകൗശല ഗ്രാമത്തിലാണെങ്കില്‍ അതിനു അടുത്താഴ്ച മഹാരാഷ്ട്രയിലെ നാടോടി ഗോത്രങ്ങളെ തന്റെ കാമറയില്‍ പകര്‍ത്തുന്നതിന്റെ തിരക്കിലായിരിക്കും നിപുണ്‍. താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അതേ അവസ്ഥയില്‍ 'ലക്ഷ്മണരേഖയ്ക്കുള്ളില്‍' തളയ്ക്കപ്പെട്ട ആളുകള്‍ എങ്ങനെയാണ് തങ്ങളുടെ ലോക്ഡോണ്‍ കാലം ചെലവഴിക്കുക എന്നറിയാനുള്ള അടങ്ങാത്ത ആകാംക്ഷയിലായിരുന്നു നിപുണ്‍. ലോകം മുഴുവന്‍ വീട്ടിനുള്ളില്‍ തളയ്ക്കപ്പെട്ട ദിവസങ്ങളെ ഡോക്യുമെന്റ് ചെയ്യേണ്ടത് അനിവാര്യമാണ് എന്നു തോന്നി ഈ ഫോട്ടോഗ്രാഫര്‍ക്ക്.
അന്നേ ദിവസം നിപുണിനെ സുഹൃത്ത് പരീക്ഷിത് വിളിച്ചു. അവര്‍ സോഷ്യല്‍മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ചു ചെയ്യാന്‍ പറ്റുന്ന പല 'എക്സ്പെരിമെന്റല്‍ പ്രോജക്ടുകളുടെ' സാധ്യതകളെ കുറിച്ച് സംസാരിച്ചു. സംസാരത്തിനിടയില്‍ പരീക്ഷിത് ഇന്‍സ്റ്റാഗ്രാമില്‍ പശുവിന്റെ ഫില്‍റ്റര്‍ ഉപയോഗിച്ചു തന്റെ ടൈപ്പ് റൈറ്ററില്‍ പ്രതീകാത്മകമായി ഇന്ത്യന്‍ ഭരണഘടന ടൈപ്പ് ചെയ്യാന്‍ ആരംഭിച്ചു. ഇതു കണ്ട നിപുണ്‍ ആ ഫ്രെയിമിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു. ഈ ഫോട്ടോയ്ക്ക് ശേഷം നിപുണിന്റെ മനസ്സില്‍ ഒരു ആശയം ഉരുത്തിരിഞ്ഞു. ആളുകളുടെ ലോക്ഡൗണ്‍ ജീവിതത്തിനിടയിലെ നിമിഷങ്ങളെ ഇതേപോലെ സ്ക്രീന്‍ ഷോട്ട് എടുത്തു് ഒരു ഫോട്ടോ പ്രോജക്ട്.
തന്റെ ആശയത്തെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ അയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റിട്ടു: 'ഈ ലോക്ഡൗണില്‍ നിങ്ങള്‍ എങ്ങനെയാണ് സമയം ചെലവഴിക്കുക എന്നറിയാന്‍ ആഗ്രഹമുണ്ട്. താല്പര്യമുള്ളവര്ക്ക് വീഡിയോ കോളിലൂടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാം. അതിനിടയില്‍ എനിക്ക് നിങ്ങളുടെ പോര്‍ട്രൈറ്റ് ഫോട്ടോകളും പകര്‍ത്താം'. കാമറയില്ലാതെ ഒരു ഫോട്ടോ എന്ന രസകരമായ ആശയത്തില്‍ തല്പരരായ സുഹൃത്തുക്കള്‍ നിപുണിന്റെ പോസ്റ്റിനു മറുപടി അയച്ചു.
സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് കണ്ട് നിപുണിന്റെ കൊളംബിയന്കാരിയായ സുഹൃത്ത് മരിയ കാമില റാമിറെസ് വിളിച്ചു. വ്യക്തിപരമായ ആവശ്യത്തിന് വേണ്ടി യുഎസില്‍ പോയ മരിയ കോവിഡ് ഭീഷണി കാരണം അന്നുതന്നെ തിരിച്ച് തന്റെ നാടായ കൊളംബിയയിലെ ബഗോട്ടയിലേക്ക് മടങ്ങിയിരുന്നു. അവര്‍ ഫോണിലൂടെ കോവിഡ് ഭീഷണിയെക്കുറിച്ചും ലോക്ഡൗണിനെ കുറിച്ച്ുമെല്ലാം സംസാരിച്ചു. ലോക്ഡൗണ്‍ കാലത്തു വീട്ടിനുള്ളില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടു ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിര്‍ത്തുകയാണ് മരിയ. സംസാരത്തിനിടെ നിപുണ്‍ മരിയയുടെ മൂന്നു സ്ക്രീന്‍ഷോട്ടുകള്‍ എടുത്തു. ഫോട്ടോയ്ക്ക് തെളിച്ചം ഇല്ലാത്തതിനാല്‍ നിപുണ്‍ തൃപ്തനായില്ല. പിന്നീട് നിപുണിനെ വിളിച്ചത് ഫ്രഞ്ച് കാരിയായ ലിസ എന്ന ടെക്സ്റ്റൈല്‍ ഡിസൈനര്‍ ആയിരുന്നു. ലോക്ഡൗണ്‍ കാലത്തു ഭാഷാ പഠനത്തിലേര്‍പ്പെട്ടിരിക്കുകയാണ് ലിസ. ഓണ്‍ലൈനിലൂടെ ഫ്രഞ്ച് പഠിപ്പിക്കുകയും റഷ്യന്‍ ഭാഷ പഠിക്കുകയും ചെയ്തുമാണ് ലിസ ലോക്ഡൗണ്‍ കാലം ക്രിയാത്മകമാക്കുന്നത്. വീടിന്റെ ബാല്‍ക്കണിയില്‍ നില്ക്കുന്ന ലിസയെ പകര്‍ത്തി നിപുണ്‍ ഈ ഫോട്ടോ സീരിസിന് തുടക്കം കുറിച്ചു.
'ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചുനിന്നു വീട്ടിനുള്ളില്‍ തളയ്ക്കപ്പെട്ടപ്പോള്‍ ആളുകള്‍ എങ്ങനെ ക്രിയാത്മകമായി സമയം ചെലവഴിക്കുന്നു എന്നറിയുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം എന്ന് നിപുണ്‍ പറഞ്ഞു. 'സമകാലീന ചരിത്രത്തില്‍ ആദ്യമായാണ് പ്രായ- മത- ദേശ ഭേദമന്യേ ലോകത്തിലെ എല്ലാവരും ഒരേ സാഹചര്യത്തിലൂടെ കടന്നു പോകുന്നത്. നമ്മളെല്ലാം ഒന്നാണ് എന്ന സത്യത്തിലേക്കാണ് ഇത് ആത്യന്തികമായി വിരല്‍ ചൂണ്ടുന്നത്'- ഇന്‍സ്റ്റാ ചാറ്റിനിടെ നിപുണ്‍ പറഞ്ഞു. ഏതൊരു ഫോട്ടോഗ്രാഫിന്റെ പിന്നിലെയും പ്രധാന ഘടകം ഫോട്ടോഗ്രാഫറും തന്റെ 'സബ്ജെക്റ്റുമായുള്ള' ബന്ധമാണ്. ഫ്രെയിം, കളര്‍ ടോണ്‍ തുടങ്ങിയവ സെറ്റ് ചെയ്യാനും ശരിയായ ആംഗിള്‍ തെരഞ്ഞെടുക്കാനും സഹായകരമാകുന്നത് ഈ ആനുകൂല്യമാണ്. എന്നാല്‍ ഈ ഫോട്ടോഷൂട്ടില്‍ നിപുണ്‍ ഈ കാര്യങ്ങളൊക്കെ ചെയ്തത് ഫോണിലൂടെയുള്ള നിര്‍ദേശങ്ങളിലൂടെയാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഫോട്ടോഗ്രാഫ് ചെയ്യപ്പെടുന്ന വ്യക്തിക്കും ഫ്രെയിം സെറ്റിങ് മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ഫോട്ടോഗ്രാഫറെ സഹായിക്കേണ്ടതുണ്ട്.
ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോനാഥന് ഈ പ്രോജക്ടില്‍ ക്യാമറ സെറ്റ് ചെയ്യാന്‍ തന്റെ പെങ്ങളുടെ സഹായമാണ് തേടിയത്. നിപുണ്‍ 'ഫേസ്ടൈം' ആപ്പുപയോഗിച്ചു നടത്തിയ വീഡിയോ കോളിന്റെ തുടക്കത്തില്‍ അവര്‍ ന്യൂയോര്‍ക്കിലെ കോവിഡ് ഭീഷണിയെക്കുറിച്ചും അതിനെ പ്രതിരോധിക്കാന്‍ ജൊനാഥന്റെ എന്‍ജിഒ ചെയ്യുന്ന പ്രവര്‍ത്തങ്ങളെ കുറിച്ചും സംസാരിച്ചു. സംസാരത്തിനിടയില്‍ ജോനാഥന്റെ വീടും പരിസരങ്ങളും സൂക്ഷമായി നിരീക്ഷിച്ച നിപുണ്‍ ഫോട്ടോഷൂട്ടിനു അനുയോജ്യമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തി. 'എന്നെയും എന്റെ വര്‍ക്ക് സ്പേസിനെയും വ്യക്തമായി അടയാളപ്പെടുത്തുന്ന ചില സ്ഥലങ്ങളെക്കുറിച്ചവന് ചോദിച്ചു. പിന്നെ അവനാഗ്രഹിക്കുന്ന രീതിയില്‍ എന്റെ ഫോണ്‍ ക്യാമറ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനായി എനിക്കെന്റെ പെങ്ങളുടെ സഹായം തേടേണ്ടി വന്നു. പിന്നെ ഞാന്‍ മൂന്നു നാലു തവണ പോസ് ചെയ്തു കൊടുത്തു. അവന് വീഡിയോ കോളിനിടയില്‍ സ്ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തി- 'രസകരമായ ഫോട്ടോ ഷൂട്ടിനെക്കുറിച്ചു ജോനാഥന് പറഞ്ഞു.
സൂര്യാസ്തമയത്തിനു തൊട്ടു മുന്നേയുള്ള 'ഗോള്‍ഡന്‍ അവറാണ്' വീഡിയോ കോളിനായി നിപുണ്‍ അധികവും തെരഞ്ഞെടുത്തത്. കോവിഡിനെക്കുറിച്ചും ലോക്ഡൗണ്‍ കാലത്തെ പ്രവര്ത്തികളെക്കുറിച്ചുമുള്ള സംഭാഷണത്തിനിടെ നിപുണ്‍ തന്റെ സുഹൃത്തുക്കളോട് അവര്‍ക്ക് ഏറ്റവും അടുപ്പമുള്ള സ്ഥലങ്ങളും വീട്ടിനുള്ളില്‍ അവര്‍ കൂടുതലായി സമയം ചെലവഴിക്കുന്ന സ്ഥലങ്ങളും കാണിക്കാന്‍ ആവശ്യപ്പെടും. 'സാധാരണ ഫോട്ടോഷൂട്ട് പോലെയാണിതിന്റെയും പ്രവര്‍ത്തന രീതികള്‍. ആദ്യമായിട്ട് 'റെക്കേ' നടത്തും. പിന്നീട് അനുയോജ്യമായ ഇടങ്ങളില്‍ വച്ച് അവരോട് സംഭാഷണത്തിനിടയില്‍ പ്രത്യേക രീതിയില്‍ പോസ് ചെയ്യാന്‍ ആവശ്യപ്പെടും. ആ വ്യക്തിയുടെ സ്വഭാവം, വീടിന്റെ ഘടന, ലൈറ്റിങ്, ക്യാമറ ആംഗിള്‍, സൗന്ദര്യാത്മകത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും ഫ്രെയിം തെരഞ്ഞെടുക്കുന്നത്. സബ്ജക്ടും ഫോട്ടോഗ്രാഫറും തമ്മിലുള്ള അതിര്‍വരമ്പ് മങ്ങിയതാണ് എന്നതാണ് ഈ ഫോട്ടോ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നത്. ഫോട്ടോഗ്രാഫറും സബ്ജെക്ടും തമ്മിലുള്ള ദൂരം എന്ന കടമ്പയെയാണ് ഈ പ്രൊജക്ട് അപനിര്മിക്കുന്നത് ,'നിപുണ്‍ പറഞ്ഞു.
ജോര്‍ദാന്‍കാരിയായ ദീമ എന്ന ആര്‍ക്കിടെക്ട് രണ്ടു വര്‍ഷം മുന്നേ അമ്മാനിലെ തമയൂസ് അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ നിപുണിനെ കണ്ടപ്പോള്‍ ഒരു ഫോട്ടോഷൂട്ടിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്തൊക്കെയോ കാരണങ്ങളാല്‍ അത് സംഭവിച്ചില്ല. നിപുണിന്റെ ലോക്ഡൗണ്‍ ഫോട്ടോഷൂട്ടിനെകുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മെസ്സേജ് ചെയ്യുകയായിരുന്നു ദീമ. ആദ്യത്തെ കോളില്‍ അവര്‍ ഈ പ്രോജക്ടിനെ കുറിച്ച് വിശദമായി സംസാരിച്ചു. രണ്ടാമത്തെ കോളിലാണ് ഫോട്ടോ എടുത്തത്. 'ഫോട്ടോഷൂട്ടിലുടനീളമുള്ള നിപുണിന്റെ കൃത്യതയാര്‍ന്ന നിര്‍ദേശങ്ങളും, കാഴ്ചപ്പാടുകളും എന്റെ സഭാകമ്പത്തെയും ആശങ്കയെയും അകറ്റാന്‍ സഹായിച്ചു. ഞാന്‍ നന്നായി ആസ്വദിച്ച ഒരു ഫോട്ടോഷൂട്ടായിരുന്നു ഇത്'-ഇന്‍സ്റ്റ ചാറ്റിലൂടെ ദീമ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.
ഏപ്രില്‍ ഒന്നിന് തുടക്കം കുറിച്ച ഈ പ്രോജക്ടില്‍ ലോകത്തിന്റെ പല ഭാഗത്തായി താമസിക്കുന്നവര്‍ ഭാഗമായിട്ടുണ്ട്. ഭോപ്പാലില്‍ നിന്നുള്ള പാട്ടുകാരന് സുഹൃത്തിന്റെയും, ബ്രൂക്ലിനില്‍ നിന്നുള്ള ടെക്സ്റ്റൈല്‍ ഡിസൈനറുടെയും, ന്യുയോര്‍ക്കില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകന്റെയും, തുര്‍കിയില്‍ നിന്നുള്ള സംഗീതജ്ഞന്റെയും, മുംബൈയില്‍ നിന്നുള്ള നടിയായ സുഹൃത്തിന്റേയും ലോക്ഡൗണ്‍ കാലാനുഭവങ്ങള്‍ ഗാസിയാബാദിലെ വസുന്ധര എന്‍ക്ലേവിലെ വീട്ടിലിരുന്നു ഫോണിനുള്ളില്‍ പകര്‍ത്തുകയാണ് നിപുണ്‍. ഈ ലോക്ഡൗണ്‍ കാലം കാല-ദേശ അതിരുവരമ്പുകളെ സാങ്കേതികവിദ്യയുടെ സഹായത്താല്‍ പൊളിച്ചെഴുതുന്നവരുടേത് കൂടിയാണ്. കൊറോണ വൈറസ് സഞ്ചാരങ്ങള്‍ക്ക് കടിഞ്ഞാണിട്ടപ്പോള്‍ അതിനെ ഭേദിക്കാന്‍ ആളുകള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന്റെ സഹായം തേടുകയാണ്. വീട്ടിനുള്ളിലെ സോഫയില്‍ ഇരുന്നു കൊണ്ട് പാരീസിലേക്കും, ആംസ്റ്റര്‍ഡാമിലേക്കും വിര്‍ച്വല്‍ ട്രാവല്‍ നടത്തുകയാണ് ചിലര്‍. രാവിലെ ഇന്തോനേഷ്യയിലെ ഫുകെട്ടിലെ ബീച്ചില്‍ നിന്ന് സുരോദ്യയവും കണ്ട്, പാരീസിലെ കഫെയില്‍ നിന്നും പ്രഭാതഭക്ഷണവും കഴിച്ചതിനു ശേഷം എസ്റ്റോണിയന്‍ കണ്ട്രി സൈഡിലൂടെ ഒരു നടത്തം. അനന്തമായ പ്രപഞ്ചത്തിന്റെ വാതിലുകളാണ് ഗൂഗിള്‍ തുറന്നിട്ട് തരുന്നത്. അതിര് വരമ്പുകളില്ലാത്ത ഒരു ലോകം.
പതിവുകാഴ്ചകളുടെ അതിര്വരമ്പുകള്ക്കപ്പുറത്തു നിന്നും ലോകത്തെ നോക്കിക്കാണുന്ന നിപുണിന്റെ കണ്ണിലൂടെ തന്റെ ചിത്രം പകര്‍ത്തപ്പെടണം എന്നത് ഭോപാലുകാരനായ ശൈലേഷ് എന്ന ഡിസൈനറുടെ ഒരാഗ്രഹമായിരുന്നു. ഫോട്ടോ പ്രോജക്ടിന് വേണ്ടി ശൈലേഷ് ഫേസ് ടൈം ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഫോണ്‍ കോളിനിടയില്‍ തനിക്ക് പ്രിയങ്കരമായ വസ്തുക്കള്‍ ഉപയോഗിച്ച് ശൈലേഷ് ഫ്രെയിം സെറ്റ് ചെയ്തു. സുഹൃത്ത് സമ്മാനിച്ച വലിയ ഒരു മരക്കഷണം, സഹമുറിയനായ തപസ് വരച്ച ചിത്രം, അവന്റെ പെയിന്റും ബ്രഷും മറ്റു സാമഗ്രികളും, വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ നൂരി, 'അഭിനനന്ദന മതില്' തുടങ്ങിയവയൊക്കെ ഉള്‍പ്പെട്ട ഫ്രെയിമുകള്‍. കോവിഡ് മാപ്പിങ് ആണ് ശൈലേഷ് ഈ ലോക്ക്ഡൗണ്‍ കാലത്തു പ്രധാനമായും ചെയ്യുന്ന പണി. ശൈലേഷിന്റെ കോവിഡ് കാല ജീവിതത്തെ അഞ്ച് ഫോട്ടോകളിലായി നിപുണ്‍ പകര്‍ത്തി; അതിലൊന്ന് തന്റെ പ്രണയിനിയുടെ പേര് പച്ച കുത്തിയ ശൈലേഷിന്റെ വലതു കൈയുടെ ഒരു ക്ലോസപ്പ് ഫോട്ടോ ആയിരുന്നു.
നിപുണിന്റെ ഫോട്ടോ സീരിസില്‍ എനിക്കേറ്റവും പ്രിയങ്കരമായി തോന്നിയത് റോസാപ്പൂക്കളാല്‍ അലങ്കരിക്കപ്പെട്ട നീല കിമോണോയും ധരിച്ചു കൈയില്‍ മുറകാമിയുടെ 'കാഫ്ക ഓണ്‍ ദി ഷോറും' പിടിച്ചു വുഡന്‍ കാര്‍പെറ്റില്‍ മലര്‍ന്നു കിടക്കുന്ന ഏരിയല്‍ സികോണ്‍ എന്ന പോട്ടറി ആര്‍ട്ടിസ്റ്റിന്റെ ടോപ് ആംഗിള്‍ ഷോട്ട് ആണ്. ന്യൂയോര്‍ക്ക് ടൈംസില്‍ ജോലി ചെയ്യുന്ന ഏരിയലിന്റെ കാഴ്ചപ്പാടില്‍ ലോക്ഡോണ്‍ നമ്മുടെ വസ്ത്ര സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചു. എന്നും കാലത്തു വലിഞ്ഞു കയറുന്ന കോര്്പറേറ്റ് സന്തതിയായ ഫോര്‍മല്‍ വസ്ത്രങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം ആണ് ഏരിയലിനു ഈ ലോക്കഡോണ്‍ കാലം. തനിക്ക് ഏറ്റവും പ്രിയങ്കരമായ നീല കിമോണോയും ധരിച്ചു പകല്‍ സമയങ്ങളില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ബിസിനസ്സ് സ്ട്രാറ്റജിസ്റ്റ് ആയും ഒഴിവു സമയങ്ങളില്‍ മണ്‍പാത്ര നിര്മാണത്തിലേര്പ്പെട്ടും ലോക്ഡൗണ്‍ കാലം ചെലവഴിക്കുകയാണ് ഏരിയല്‍. ലോക്ക്ഡൗണ്‍ കാലത്തു ഏരിയലിനു ഏറ്റവും പ്രിയപ്പെട്ട കിമോണോയെയും ഏരിയലിന്റെ സ്വാതന്ത്ര്യത്തെയും ആ ടോപ് ആംഗിള്‍ ഷോട്ട് പ്രതീകവല്കരിച്ചു. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്ന കേരളം പോലെയുള്ള പ്രദേശങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരുടെയും പ്രവര്‍ത്തികള്‍ ഡോക്യുമെന്റ് ചെയ്തുകൊണ്ട് ഈ ഫോട്ടോ പ്രൊജക്ട് വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് നിപുണ്‍.